General (Page 1,408)

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരുപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വെച്ചാണ് അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളിലെയും സൈനിക, ഉദ്യോഗസ്ഥതല യോഗം ഉടൻ കൂടി പ്രശ്നപരിഹാരം സാദ്ധ്യമാക്കണമെന്ന കാര്യവും ചർച്ചാ വിഷയമായി. പ്രശ്നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഇരുപക്ഷത്തിനും നല്ലതല്ലെന്ന അഭിപ്രായം മുൻ യോഗങ്ങളിൽ തന്നെ ഉയർന്നിരുന്നു.

അതേസമയം ഏഷ്യൻ രാജ്യങ്ങൾ തമ്മിലെ ഐക്യം ഇരുരാജ്യങ്ങളുടെയും ബന്ധമനുസരിച്ചിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പരസ്പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ബന്ധമുണ്ടാകണമെന്നും അതിന് ചൈന ഇന്ത്യയുമായുളള ബന്ധം മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ജയശങ്കർ അഭ്യർത്ഥിച്ചു.

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ബിജെപി. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദു: ആ സമ്മേളനം നടന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക വഴിപാടുകളും പ്രാർത്ഥനകളും നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് 20 ദിവസം നീണ്ടു നിൽക്കുന്ന സേവന സന്നദ്ധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മോദിയുടെ ജന്മദിനത്തിൽ ബിജെപി. ജില്ലാ പ്രസിഡന്റ് രവിതേലത്ത് ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ കുഴച്ച അവിൽ നിവേദ്യം നടത്തി. തൃപ്രങ്ങോട് മഹാശിവക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാ കുന്ന് ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ വിവിധ നേതാക്കൾ ദർശനം നടത്തി പ്രധാനമന്ത്രിയ്ക്കായി വിഴിപാടുകൾ നേർന്നു.

കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ മലപ്പുറം അരുണോദയാ വിദ്യാനികേതൻ ഹാളിൽ കർഷകരെയും ജവാന്മാരെയും ആദരിച്ചു. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്‌പെഷ്യൽ സ്‌കൂൾ എന്നിവ സന്ദർശിച്ച് സഹായം നൽകാനും ബിജെപി പദ്ധതിയിടുന്നുണ്ട്.

ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം, സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നിരോധിച്ചതടക്കമുള്ള തീരുമാനങ്ങൾ റദ്ദാക്കണം തുടങ്ങിയവ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് തള്ളിയത്.

സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്മൽ അഹമ്മദാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റേത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നിയമപ്രശ്‌നമെന്നും, ഏത് മെനുവാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന അവകാശം സർക്കാരിനുണ്ടെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഇതംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ഹർജികൾ തള്ളിയിരുന്നു.

കൊച്ചി: സംസ്ഥാനത്ത് പാർട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവ്വേകൾ നടത്തിയെന്നും ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിച്ച് പാർട്ടിയെ വീണ്ടെടുത്തേ പറ്റൂവെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി വിട്ട നേതാക്കൾളെ സുധാകരൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒറ്റയന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾ ആണ് കോൺഗ്രസ് വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാൻ പാർട്ടിക്ക് കഴിയില്ല. കോഴിക്കോട് ഡി സി സി അദ്ധ്യക്ഷനാക്കണം എന്ന് കെ പി അനിൽകുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അദ്ധ്യക്ഷനാക്കണം എന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടി വരും. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിന്റെ വാള് വരും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗർബല്യങ്ങൾ പഠിക്കാൻ രണ്ട് സർവേകൾ നടത്തിയത്. കേഡർ എന്തന്നറിയാത്തവരെ അത് പഠിപ്പിക്കും. അടി മുതൽ മുടി വരെ മാറ്റം ഉദ്ദേശിക്കുന്നതുകൊണ്ടാണ് പുനസംഘടന വൈകുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡിസിസി അദ്ധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരുമെന്നും ആറ് മാസത്തിന് ശേഷം അദ്ധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനത്തെ ചൊല്ലി തർക്കം. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും തമ്മിലാണ് തർക്കം ഉണ്ടായത്. അർഹരായവർക്ക് ഉടൻ ആശ്രിത നിയമനം നടത്തണമെന്നാണ് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ആവശ്യം. ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കിടെയാണ് സംഘടനാ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഇതിനെ അനുകൂലിച്ചില്ല. എം.ഡി ബിജു പ്രഭാകർ പങ്കെടുക്കുന്ന ചർച്ചയിൽ വിഷയമെടുക്കാമെന്ന ധാരണയിൽ മാറ്റിവെയ്ക്കുകയായിരുന്നു. 342 പേരാണ് ആശ്രിതനിയമനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആരേയും നിയമിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയിയെ തുടർന്ന് ബസ് സർവീസ് കുറവായതിനാൽ വരുമാനനഷ്ടം കണക്കിലെടുത്ത് ആകെയുള്ള ജീവനക്കാരിൽ നാലായിരം പേരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് മാനേജ്‌മെന്റ്. നിലവിൽ 2500-3200 സർവീസുകൾ മാത്രമാണ് നടത്താനാവുന്നത്. ഇതിനിടെയാണ് ആശ്രിത നിയമനം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

4000 ജീവനക്കാരെ മാറ്റി നിറുത്തിയാൽ മാസം 18 കോടി ശമ്പളയിനത്തിൽ കുറയുമെന്നും പകുതി ശമ്പളം നൽകിയാൽ 9 കോടി കുറയ്ക്കാനാകുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. 238 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് 37 ലക്ഷം രൂപ ലാഭിക്കും. പകരം മെക്കാനിക്, കണ്ടക്ടർ വിഭാഗത്തിലുള്ളവരെ ഈ ജോലിക്ക് നിയോഗിക്കും.

ജില്ലയ്ക്ക് പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇപ്പോഴുള്ള 6 പാസ് എന്നത് 12 ആക്കി വർദ്ധിപ്പിക്കാനും ധാരണയായി. ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കാനും അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്ക് നൽകുന്ന സ്പെഷ്യൽ ലീവ് കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കാനും തീരുമാനിച്ചു.

കൊളംബോ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ശ്രീലങ്കയും മാലിദ്വീപും. കൂടുതലായും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ശ്രീലങ്കയിലും മാലിദ്വീപിലും സഞ്ചാരികൾ എത്താതായതോടെ വരുമാനത്തിൽ വലിയ രീതിയിൽ ഇടിവുണ്ടായിരിക്കുകയാണ്. മൊത്തം ഉത്പാദനം ഇടിഞ്ഞതിനാൽ സമ്പദ്വ്യവസ്ഥയിൽ വലിയ തകർച്ച ഉണ്ടായി. ഇരുരാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 100 ശതമാനത്തിൽ കൂടുതൽ ആകും ഈ വർഷം കടം എന്നാണ് റിപ്പോർട്ടുകൾ.

വെറും അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള മാലിദ്വീപിനെ കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റ് വളരെ രൂക്ഷമായാണ് ബാധിച്ചത്. മെയ് മാസം വൈറസ് ഒരു ദിവസം കൊണ്ട് ആയിരത്തിൽ മൂന്ന് പേരിലേക്ക് വീതമാണ് എത്തിയത് . പിന്നീട് രോഗ വ്യാപനം വർധിച്ചു. പിന്നീട് രോഗവ്യാപനത്തിൽ കുറവ് വന്നതോടെ ടൂറിസം മേഖലയിൽ മാലിദ്വീപ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണം ഉയരാൻ തുടങ്ങി. 2019 ആഗസ്റ്റിലെ സന്ദർശകരുടെ എണ്ണത്തിനൊപ്പം തന്നെ സന്ദർശകർ എത്തുന്നത് രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

എന്നാൽ ശ്രീലങ്കയുടെ സ്ഥിതി വളരെ മോശമാണ്. കോവിഡ് വ്യാപനത്തിന് അയവ് വന്നതോടെ ശ്രീലങ്കയിൽ ഇപ്പോൾ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യോൽപ്പന്നങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ശ്രീലങ്കക്ക് ഇറക്കുമതിക്കുള്ള വിദേശ നാണ്യ ശേഖരം പോലും ഇല്ലെന്നാണ് വിവരം. മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ 107.9 ശതമാനമാണ് രാജ്യത്തിന്റെ പൊതുകടം. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ ഒൻപത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിലെ ഇടിവ്. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ ടൂറിസം ഇളവുകൾ പ്രയോജനപ്പെടുത്തി ടൂറിസ്റ്റുകൾ എത്തിയാലും കാര്യമായ നേട്ടമില്ല. ഇറക്കുമതി ചെയ്ത അരി, പഞ്ചസാര, പാൽ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ശ്രീലങ്ക. ആഗസ്റ്റ് 31 മുതലാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി: ഒക്ടോബർ – നവംബർ മാസങ്ങളിൽ രാജ്യത്തെ കോവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഒക്ടോബർ-നവംബർ മാസങ്ങളിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങൾ നിർണായകമാണെന്നും ഏതെങ്കിലും രീതിയിൽ എവിടെയെങ്കിലും മറ്റൊരു തരംഗത്തിന് സാദ്ധ്യത കാണുകയാണെങ്കിൽ ഉടൻ തന്നെ അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേർ വാക്സിനേഷൻ സ്വീകരിച്ചതിനാൽ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ ലഭ്യമാണ്. ആഘോഷങ്ങളുടെയും പകർച്ചവ്യാധികളുടെയും സമയമാണ് ഈ മാസങ്ങൾ. അതുകൊണ്ട് ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

k rajan

മലപ്പുറം: സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ സിപിഐയെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച സംഭവത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും ചർച്ചയിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ചർച്ച ചെയ്യാത്ത രേഖകൾ പലതും മാദ്ധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്. ഇതിന്റെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ല. മുന്നണിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇടതു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപചയം സംഭവിച്ചിരിക്കുന്നത് കോൺഗ്രസിനാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാനം-ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ കേരള കോൺഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്നാണ് കെ.ജെ ദേവസ്യയുടെ ആരോപണം. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടർഭരണവും സമ്മാനിച്ചത്. കേരള കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണെന്നും വസ്തുത ഇതായിരിക്കെ കയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പറഞ്ഞായിരുന്നു കെ ജെ ദേവസ്യ കാനം രാജേന്ദ്രന് കത്തയച്ചത്.

കേരളാ കോൺഗ്രസ് എം എൽഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതൽ തന്നെ എതിർത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകൾക്ക് ഉൾക്കരുത്ത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളജ് തുടങ്ങി പ്രിൻസിപ്പളായി വാർഷിക വിലയിരുത്തൽ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുവനന്തപുരം: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ നാട്ടിലകപ്പെട്ട പ്രവാസികൾക്ക് തിരികെ പോരാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ചത്.

കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്‌ളൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഫ്‌ളൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

പാലക്കാട്: വെള്ളിയാഴ്ച രാജ്യത്തൊട്ടാകെ രണ്ടു കോടിപേർക്ക് കോവിഡ് വാക്‌സിൻ നൽകാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വാക്‌സിൻ എടുക്കാത്തവരെ വാർഡുതലത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യ സന്നദ്ധപ്രവർത്തകരെ ദേശീയതലത്തിൽ ബിജെപി നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരുദിവസം രണ്ടു കോടി ആളുകൾക്കു വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ അതു ലോക റെക്കോർഡായിരിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് 2 കോടി പേർക്ക് വാക്‌സിൻ നൽകുന്നതെന്നാണ് റിപ്പോർട്ട്.

ഡോക്ടേഴ്‌സ്‌ഡേ ദിവസം 87 ലക്ഷം പേർക്കും പിന്നീട് ഒരുകോടി പേർക്കുമാണ് ഇതിനു മുൻപ് ഒറ്റദിവസം കൂടുതൽ വാക്‌സിൻ നൽകിയത്. വാക്‌സിൻ കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്താൻ പാർട്ടിപ്രവർത്തകരും സേവാഭാരതിയും ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്. കേരളത്തിൽ 40,000 പേർ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ആദ്യ ഡോസ് എടുക്കാത്തവരെയും രണ്ടാം ഡോസിനു സമയമായവരെയും വാക്‌സീൻ കേന്ദ്രങ്ങളിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരെ സഹായിക്കുമെന്നു ക്യാംപെയിന്റെ സംസ്ഥാന ചുമതലയുള്ള അഡ്വ.എസ്.സുരേഷ് അറിയിച്ചു.

ഒരു വാർഡിൽ കുറഞ്ഞത് 50 പേർക്കെങ്കിലും വാക്‌സിൻ കുത്തിവെയപ്പ് നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആദിവാസി-പിന്നാക്ക മേഖലകൾ, നഗര ചേരി പ്രദേശങ്ങൾ, മുതിർന്ന പൗരന്മാർ, വനിതകൾ, കിടപ്പുരോഗികൾ, മറ്റു ദുർബല വിഭാഗത്തിൽപ്പെട്ടവർ എന്നിവരിൽ വാക്‌സീൻ എടുക്കാത്തവർക്കാണ് പ്രഥമ പരിഗണന നൽകുന്നത്.