General (Page 1,409)

കൊച്ചി: ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഇനി വരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റാണ്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്‌മെന്റിന് മുന്നിൽ ഹാജരായി മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇഡി വിളിച്ചത് നന്നായി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം വിശദമാക്കി. നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സിന് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താൻ ഇ.ഡിക്ക് മുന്നിൽ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ജലീൽ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നാണ് ജലീൽ പറയുന്നത്.

പാലക്കാട്: എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി എംപി നിർബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോൾ ഇല്ലായെന്നിരിക്കെ എസ് ഐയെക്കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ല. സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.

പോലീസ് അസോസിയേഷനും സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

കോട്ടയം: ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി ബിഷപ്പിനോട് എല്ലാ പിന്തുണയും അഭ്യർത്ഥിച്ചുവെന്ന് സുധാകരൻ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ്‌ വിവാദത്തിൽ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. എന്നാൽ ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ സർക്കാർ നോക്കി നിൽക്കുന്നു. സമവായത്തിനല്ല ബിഷപ്പിനെ കാണാൻ പോയത്. വ്രണപ്പെടാത്ത സാമുദായിക സൗഹാർദമാണ് വേണ്ടതെന്നും വർഗീയ വിഷം ചാലിക്കപ്പെടാൻ അനുവദിച്ചുകൂടെന്നും സുധാകരൻ വിശദമാക്കി.

സാഹോദര്യം നിലനിർത്തുകയാണ് കോൺഗ്രസിന്റെ ദൗത്യം. മത സൗഹാർദം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 2019 നെ അപേക്ഷിച്ച് കുറവുണ്ടായതായി റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-ൽ 3,71,503 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2019-നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 8.3 ശതമാനം കുറവുണ്ടായതായതാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് 2019-ൽ 4,05,326 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2019 നെ അപേക്ഷിച്ച് 2020 ൽ 33823 കേസുകൾ കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിൽ കുറവുണ്ടാകാൻ കാരണമായതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2020 മാർച്ച് 25 മുതൽ 2020 മേയ് 31 വരെയായിരുന്നു രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

20202 ൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് സ്ത്രീകൾ ഭർത്താവിൽനിന്നോ ഭർതൃബന്ധുക്കളിൽനിന്നോ ക്രൂരതയ്ക്കിരയാകുന്ന കേസുകളാണ്. 30.0 ശതമാനമാണ് കേസുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ 48,037 അതിക്രമങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2,353 കേസുകളാണ്. ഇതിൽ 1078 എണ്ണവും ലൈംഗിക അതിക്രമ കേസുകളാണ്.ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒഡീഷയിലാണ്. 7,533 കേസുകളാണ് ഒഡീഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,889 ലൈംഗിക അതിക്രമ കേസുകളാണ് ഹരിയാനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

pinarayi

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് പമാർശത്തിന്റെ പേരിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയ ലോകവ്യാപകമായ പ്രതിഭാസമാണെന്നും എന്നാൽ അതിന് മത ചിഹ്നം നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചാരകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാഫിയകളെ മാഫിയ ആയിത്തന്നെ കാണണം. അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സമുദായങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കുകയാണ് പ്രധാനം. ഏതെങ്കിലും മതസ്പർധയുണ്ടാക്കാൻ വേണ്ടിയല്ലെന്നും തങ്ങളുടെ സമുദായത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു ഉദ്ദേശ്യമെന്ന് സംഭവത്തെ കുറിച്ച് പാലാ ബിഷപ്പ് പ്രതികരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാർകോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാൽ നാർകോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവർത്തനങ്ങൾ സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകൾ ആയി ലഹരി സംഘങ്ങൾ വളർന്നിട്ടില്ല എന്നുള്ളതാണ് സത്യമെന്നും സർക്കാരുകളെക്കാൾ ശക്തരായ നാർകോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നാർക്കോട്ടിക്‌സ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരെയും സർക്കാരിന്റെ മുൻഗണനയിൽ വിളിച്ചുവരുത്തി സർവ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിർദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ ഉന്നമനത്തിനായി മതമേലധ്യക്ഷൻമാർ ശ്രമിക്കും. അവർ അവരോട് തന്നെ സംസാരിക്കും, അതിൽ തെറ്റില്ല. ഇവിടെ സമുദായത്തോട് അവർ സ്വന്തം കാര്യങ്ങൾ പറയുമ്പോൾ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം. ചില സർക്കാരുകളേക്കാൾ ശക്തമാണ് നാർകോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തിൽ വശീകരിക്കുകയെന്നൊക്കെ പറയുന്നതിൽ കഴമ്പില്ലെന്നും സമൂഹത്തിൽ യോജിപ്പ് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ലഘുലേഖകൾ കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ലഘുലേഖകളാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കുഴൽമന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് സമാന്തര എക്‌സേഞ്ച് പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്‌സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മേട്ടുപ്പാളയം എക്‌സ്‌ചേഞ്ചിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് പരിശോധന നടത്തിയതെന്ന് പോലീസ് അറിയിച്ചു. എട്ട് സിം കാർഡുകളും ഉപയോഗിച്ച 32 സിം ബോക്‌സുകളും ഇവിടെ നിന്നും കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി.

പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകൾ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വിശദമാക്കി. കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര എക്‌സ്‌ചേഞ്ച് കേസിൽ കോഴിക്കോട്ട് നിന്നും പിടികൂടിയയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: വാക്സിനേഷൻ രംഗത്ത് മറ്റൊരു നിർണായക നേട്ടം കൂടി കരസ്ഥമാക്കി കേരളം. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,30,80,548) 32.30 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (92,71,115) നൽകിയെന്ന് മന്ത്രി അറിയിച്ചു.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,23,51,663 ഡോസ് വാക്സിൻ നൽകാനായി. സംസ്ഥാനത്ത് ബുധനാഴ്ച്ച 4,76,603 പേർക്കാണ് വാക്സിൻ നൽകിയത്. 1528 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1904 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നുവെന്ന് മന്ത്രി വിശദമാക്കി.

മറ്റ് പലതിലും പോലെ വാക്സിനേഷനിലും കേരളം മാതൃകയാണ്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. 2022 ൽ നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ആശ്യപ്പെട്ട് തങ്ങളെ സമീപിക്കുന്ന പാർട്ടിപ്രവർത്തകരായ ടിക്കറ്റ് മോഹികളോട് പണം കെട്ടിവെയ്ക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം നിർദ്ദേശിക്കുന്നത്. 11,000 രൂപ അപേക്ഷ ഫീസായി പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം. സ്ഥാനാർത്ഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ് പണം നൽകേണ്ടത്. സെപ്തംബർ 25 നകം അപേക്ഷയും പണവും നൽകണമെന്നാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു അറിയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ ദ്വിദിന ക്യാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ ക്ഷണിച്ചത്. ഡ്രാഫ്റ്റ് ആയോ RTGS ആയോ ഈ തുക കെട്ടിവെയ്ക്കാമെന്നാണ് അറിയിപ്പ്. സെപ്റ്റംബർ 25 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ ഏകദേശം 90 എണ്ണത്തോളം ഇതിനകം തന്നെ സിറ്റിംഗ് എംഎൽഎമാർക്കും, പ്രമുഖ പാർട്ടി നേതാക്കൾക്കുമായി റിസർവ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന സീറ്റുകളിലേക്കാണ് ജില്ലാ കമ്മിറ്റികളിൽ നിന്നും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നത്. അപേക്ഷകൾ സംസ്ഥാന കമ്മിറ്റി പരിശോധിച്ച് അവയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരുകളാണ് ഹൈക്കമാന്റിലേക്ക് അന്തിമ തീരുമാനത്തിനുവേണ്ടി അയക്കുക. അപേക്ഷ സമർപ്പിക്കാൻ ഒരു പെർഫോമയും യുപി കോൺഗ്രസ് കമ്മിറ്റി ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്. അതിൽ എത്ര കാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാർട്ടി എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണ്. തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ നിൽക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോൺഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പലരും കോൺഗ്രസ് വിടാൻ തയ്യാറായിരുന്നു. അങ്ങനെ വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോൾ അവരെ നിലനിർത്തുന്നതിന് വേണ്ടി കോൺഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകൾക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയിൽ നേരിടാനല്ല കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പാർട്ടിക്കകത്തുള്ള പലർക്കും അറിയാം. ബിജെപിയുടെ നീക്കങ്ങൾക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലുള്ള പലർക്കുമറിയാം. അപ്പോൾ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ പലരും തയ്യാറാവുന്നത് സ്വാഭാവികമാണെന്നും അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നെതർലാൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ മുൻ എം.പി. എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് രാജാമണിയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടുന്നതിൽ ആഹ്ലാദമുണ്ടെന്ന് വേണു രാജാമണി വ്യക്തമാക്കി. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും വേണു രാജാമണിക്കുള്ള ബന്ധങ്ങൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് പുതിയ നിയമനമെന്നാണ് റിപ്പോർട്ട്. സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയായാണ് പ്രത്യേക പ്രതിനിധിയുടെ സ്ഥാനം പരിഗണിക്കപ്പെടുന്നത്.