മലപ്പുറം: സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ സിപിഐയെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച സംഭവത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും ചർച്ചയിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ചർച്ച ചെയ്യാത്ത രേഖകൾ പലതും മാദ്ധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്. ഇതിന്റെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ല. മുന്നണിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇടതു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപചയം സംഭവിച്ചിരിക്കുന്നത് കോൺഗ്രസിനാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാനം-ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ കേരള കോൺഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്നാണ് കെ.ജെ ദേവസ്യയുടെ ആരോപണം. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടർഭരണവും സമ്മാനിച്ചത്. കേരള കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണെന്നും വസ്തുത ഇതായിരിക്കെ കയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പറഞ്ഞായിരുന്നു കെ ജെ ദേവസ്യ കാനം രാജേന്ദ്രന് കത്തയച്ചത്.
കേരളാ കോൺഗ്രസ് എം എൽഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതൽ തന്നെ എതിർത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകൾക്ക് ഉൾക്കരുത്ത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളജ് തുടങ്ങി പ്രിൻസിപ്പളായി വാർഷിക വിലയിരുത്തൽ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

