പാലക്കാട്: വെള്ളിയാഴ്ച രാജ്യത്തൊട്ടാകെ രണ്ടു കോടിപേർക്ക് കോവിഡ് വാക്‌സിൻ നൽകാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വാക്‌സിൻ എടുക്കാത്തവരെ വാർഡുതലത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യ സന്നദ്ധപ്രവർത്തകരെ ദേശീയതലത്തിൽ ബിജെപി നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരുദിവസം രണ്ടു കോടി ആളുകൾക്കു വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ അതു ലോക റെക്കോർഡായിരിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് 2 കോടി പേർക്ക് വാക്‌സിൻ നൽകുന്നതെന്നാണ് റിപ്പോർട്ട്.
ഡോക്ടേഴ്‌സ്‌ഡേ ദിവസം 87 ലക്ഷം പേർക്കും പിന്നീട് ഒരുകോടി പേർക്കുമാണ് ഇതിനു മുൻപ് ഒറ്റദിവസം കൂടുതൽ വാക്‌സിൻ നൽകിയത്. വാക്‌സിൻ കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്താൻ പാർട്ടിപ്രവർത്തകരും സേവാഭാരതിയും ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്. കേരളത്തിൽ 40,000 പേർ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ആദ്യ ഡോസ് എടുക്കാത്തവരെയും രണ്ടാം ഡോസിനു സമയമായവരെയും വാക്‌സീൻ കേന്ദ്രങ്ങളിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരെ സഹായിക്കുമെന്നു ക്യാംപെയിന്റെ സംസ്ഥാന ചുമതലയുള്ള അഡ്വ.എസ്.സുരേഷ് അറിയിച്ചു.
ഒരു വാർഡിൽ കുറഞ്ഞത് 50 പേർക്കെങ്കിലും വാക്‌സിൻ കുത്തിവെയപ്പ് നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആദിവാസി-പിന്നാക്ക മേഖലകൾ, നഗര ചേരി പ്രദേശങ്ങൾ, മുതിർന്ന പൗരന്മാർ, വനിതകൾ, കിടപ്പുരോഗികൾ, മറ്റു ദുർബല വിഭാഗത്തിൽപ്പെട്ടവർ എന്നിവരിൽ വാക്‌സീൻ എടുക്കാത്തവർക്കാണ് പ്രഥമ പരിഗണന നൽകുന്നത്.

