പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മലപ്പുറത്ത് ദുആ സമ്മേളനം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ബിജെപി. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദു: ആ സമ്മേളനം നടന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക വഴിപാടുകളും പ്രാർത്ഥനകളും നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് 20 ദിവസം നീണ്ടു നിൽക്കുന്ന സേവന സന്നദ്ധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മോദിയുടെ ജന്മദിനത്തിൽ ബിജെപി. ജില്ലാ പ്രസിഡന്റ് രവിതേലത്ത് ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ കുഴച്ച അവിൽ നിവേദ്യം നടത്തി. തൃപ്രങ്ങോട് മഹാശിവക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാ കുന്ന് ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ വിവിധ നേതാക്കൾ ദർശനം നടത്തി പ്രധാനമന്ത്രിയ്ക്കായി വിഴിപാടുകൾ നേർന്നു.

കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ മലപ്പുറം അരുണോദയാ വിദ്യാനികേതൻ ഹാളിൽ കർഷകരെയും ജവാന്മാരെയും ആദരിച്ചു. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്‌പെഷ്യൽ സ്‌കൂൾ എന്നിവ സന്ദർശിച്ച് സഹായം നൽകാനും ബിജെപി പദ്ധതിയിടുന്നുണ്ട്.