ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം, സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നിരോധിച്ചതടക്കമുള്ള തീരുമാനങ്ങൾ റദ്ദാക്കണം തുടങ്ങിയവ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് തള്ളിയത്.
സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്മൽ അഹമ്മദാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റേത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നിയമപ്രശ്‌നമെന്നും, ഏത് മെനുവാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന അവകാശം സർക്കാരിനുണ്ടെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഇതംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ഹർജികൾ തള്ളിയിരുന്നു.

