ന്യൂഡൽഹി: ഒക്ടോബർ – നവംബർ മാസങ്ങളിൽ രാജ്യത്തെ കോവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഒക്ടോബർ-നവംബർ മാസങ്ങളിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങൾ നിർണായകമാണെന്നും ഏതെങ്കിലും രീതിയിൽ എവിടെയെങ്കിലും മറ്റൊരു തരംഗത്തിന് സാദ്ധ്യത കാണുകയാണെങ്കിൽ ഉടൻ തന്നെ അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേർ വാക്സിനേഷൻ സ്വീകരിച്ചതിനാൽ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ ലഭ്യമാണ്. ആഘോഷങ്ങളുടെയും പകർച്ചവ്യാധികളുടെയും സമയമാണ് ഈ മാസങ്ങൾ. അതുകൊണ്ട് ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

