കെഎസ്ആർടിസിയിൽ ആശ്രിത നിയമനത്തെ ചൊല്ലി തർക്കം; അർഹരായവർക്ക് ഉടൻ ആശ്രിത നിയമനം നടത്തണമെന്ന് തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനത്തെ ചൊല്ലി തർക്കം. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും തമ്മിലാണ് തർക്കം ഉണ്ടായത്. അർഹരായവർക്ക് ഉടൻ ആശ്രിത നിയമനം നടത്തണമെന്നാണ് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ആവശ്യം. ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കിടെയാണ് സംഘടനാ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഇതിനെ അനുകൂലിച്ചില്ല. എം.ഡി ബിജു പ്രഭാകർ പങ്കെടുക്കുന്ന ചർച്ചയിൽ വിഷയമെടുക്കാമെന്ന ധാരണയിൽ മാറ്റിവെയ്ക്കുകയായിരുന്നു. 342 പേരാണ് ആശ്രിതനിയമനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആരേയും നിയമിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയിയെ തുടർന്ന് ബസ് സർവീസ് കുറവായതിനാൽ വരുമാനനഷ്ടം കണക്കിലെടുത്ത് ആകെയുള്ള ജീവനക്കാരിൽ നാലായിരം പേരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് മാനേജ്‌മെന്റ്. നിലവിൽ 2500-3200 സർവീസുകൾ മാത്രമാണ് നടത്താനാവുന്നത്. ഇതിനിടെയാണ് ആശ്രിത നിയമനം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

4000 ജീവനക്കാരെ മാറ്റി നിറുത്തിയാൽ മാസം 18 കോടി ശമ്പളയിനത്തിൽ കുറയുമെന്നും പകുതി ശമ്പളം നൽകിയാൽ 9 കോടി കുറയ്ക്കാനാകുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. 238 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് 37 ലക്ഷം രൂപ ലാഭിക്കും. പകരം മെക്കാനിക്, കണ്ടക്ടർ വിഭാഗത്തിലുള്ളവരെ ഈ ജോലിക്ക് നിയോഗിക്കും.

ജില്ലയ്ക്ക് പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇപ്പോഴുള്ള 6 പാസ് എന്നത് 12 ആക്കി വർദ്ധിപ്പിക്കാനും ധാരണയായി. ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കാനും അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്ക് നൽകുന്ന സ്പെഷ്യൽ ലീവ് കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കാനും തീരുമാനിച്ചു.