ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ല; കോൺഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവ്വേകൾ നടത്തിയെന്ന് കെ സുധാകരൻ

കൊച്ചി: സംസ്ഥാനത്ത് പാർട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവ്വേകൾ നടത്തിയെന്നും ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിച്ച് പാർട്ടിയെ വീണ്ടെടുത്തേ പറ്റൂവെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി വിട്ട നേതാക്കൾളെ സുധാകരൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒറ്റയന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾ ആണ് കോൺഗ്രസ് വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാൻ പാർട്ടിക്ക് കഴിയില്ല. കോഴിക്കോട് ഡി സി സി അദ്ധ്യക്ഷനാക്കണം എന്ന് കെ പി അനിൽകുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അദ്ധ്യക്ഷനാക്കണം എന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടി വരും. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിന്റെ വാള് വരും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗർബല്യങ്ങൾ പഠിക്കാൻ രണ്ട് സർവേകൾ നടത്തിയത്. കേഡർ എന്തന്നറിയാത്തവരെ അത് പഠിപ്പിക്കും. അടി മുതൽ മുടി വരെ മാറ്റം ഉദ്ദേശിക്കുന്നതുകൊണ്ടാണ് പുനസംഘടന വൈകുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡിസിസി അദ്ധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരുമെന്നും ആറ് മാസത്തിന് ശേഷം അദ്ധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.