ലോക്ക് ഡൗണിൽ നാട്ടിലകപ്പെട്ട പ്രവാസികൾക്ക് തിരികെ പോരാൻ സൗകര്യമൊരുക്കണം; കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ നാട്ടിലകപ്പെട്ട പ്രവാസികൾക്ക് തിരികെ പോരാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ചത്.

കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്‌ളൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഫ്‌ളൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.