General (Page 1,407)

ന്യൂഡൽഹി: വിവിഐപികളുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഗാർഡുകളെ നിയമിക്കാനൊരുങ്ങി സിആർപിഎഫ്. ചരിത്രത്തിലാദ്യമായി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്. 33 വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന ആദ്യ ബാച്ചിന്റെ 10 ആഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ അനുമതി നൽകി ദിവസങ്ങൾക്കുള്ളിൽ സുരക്ഷാ ജീവനക്കാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ് സിആർപിഎഫ്. വനിതാ ഉദ്യോഗസ്ഥരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ഒരു കർമ്മ പദ്ധതി സിആർപിഎഫ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. തുടക്കത്തിൽ 6 പ്ലാറ്റൂൺ വനിതാ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉയർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഉന്നത ശ്രേണിയിലുള്ള നിരവധി വ്യക്തികൾക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപ് വിവിഐപികളെ സംരക്ഷിക്കുന്നതിന് വനിതകളെ ജോലിയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുൻഗണന നൽകിയിരുന്നതെന്നാണ് വിവരം. സിആർപിഎഫുമായി ചേർന്ന് നിലവിൽ, രാജ്യത്തെ ഉയർന്ന ശ്രേണിയിലുള്ള വ്യക്തികൾക്ക് സംരക്ഷണം നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചത് മാതൃകയാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ മുസ്ലിം നേതാക്കളും ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയും ചർച്ച ചെയ്താണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നടപടികളെ എന്തുകൊണ്ട് മാദ്ധ്യമങ്ങൾ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

വിവാദങ്ങളുടെ പുറകെ മാത്രം പോയാൽ പോര. ആരെയും കുറ്റപ്പെടുത്തുന്നില്ല. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലേ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ കടമ. വിവാദം പെരുപ്പിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഇത് നമുക്ക് ഗുണം ചെയ്യില്ല. മതനേതാക്കളും മുഖ്യധാരയിലെ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക സംഘടനകളും ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വൻ പ്രതിഷേധത്തെ തുടർന്നാണ് പിൻവലിച്ചത്. തീവ്ര മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മുസ്ലിം നേതാക്കളുമായി താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചർച്ച നടത്തുകയും വിവാദ പരാമർശങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. എം.കെ. മുനീർ എംഎൽഎയാണ് ചർച്ചയ്ക്ക് മുൻകൈ എടുത്തത്.

പുസ്തകത്തിലെ പരാമർശത്തിൽ മുസ്ലിം സമൂഹത്തിനുണ്ടായ വേദനയിൽ ബിഷപ് ഖേദം പ്രകടിപ്പിക്കുകയുപം ചെയ്തു. സാമുദായിക സൗഹാർദം നിലനിർത്താനും സാമൂഹിക തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും യോഗത്തിൽ നേതാക്കൾ തീരുമാനിച്ചു. താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർത്ഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും’ എന്ന പുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്.

പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നുവെന്നും പെൺകുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പുസ്‌കത്തിൽ പരാമർശിച്ചിരുന്നു. മുസ്ലിം ആൺകുട്ടികൾ നൽകുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാം. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ‘ലൗ ജിഹാദെന്ന പ്രണയക്കുരുക്ക്. മുസ്ലിം യുവാക്കൾ പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളിൽ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളാണെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന് ഡ്രൈവിൽ നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. രാജ്യത്തെ പ്രതിദിന വാക്സിനേഷൻ രണ്ട് കോടി ഡോസ് പിന്നിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് വാക്‌സിനേഷൻ 2.2 കോടി പിന്നിട്ടതായാണ് വിവരം. ഇന്നു രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്‌സിനേഷൻ ഡ്രൈവിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാണ് സർക്കാർ പദ്ധതിയിടുന്നത്.

ഒരു ദിവസം ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടു കോടി വാക്‌സിൻ ഡോസുകൾ ഒരു ദിവസം വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്. ബിജെപി മുതിർന്ന നേതാക്കൾ നേരിട്ടാണ് വാക്സിൻ യജ്ഞത്തിൽ ഏകോപനം നടത്തുന്നത്. ജനങ്ങൾ വാക്സിനെടുക്കാൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബി.ജെ.പി ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വാക്സിനേഷനിൽ രാജ്യം പുതിയ റെക്കോർഡ് തീർക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

കൊവിഡിൽ നിന്ന് ജനങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ കഠിനപ്രയത്‌നം ചെയ്യുന്ന പ്രധാനമന്ത്രിയ്ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ വാക്‌സിനേഷൻ യജ്ഞത്തിലൂടെ പാർട്ടി നൽകുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു.

ന്യൂഡൽഹി: യൂട്യൂബ് വഴി തനിക്ക് ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി കേന്ദ്ര റോഡ്-ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. മാസം തോറും നാലു ലക്ഷം രൂപയാണ് അദ്ദേഹത്തിന് യൂട്യൂബ് വഴി റോയൽറ്റിയായി ലഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആളുകളുടെ സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചുവെന്നും ഈ സമയത്ത് താൻ ആരംഭിച്ച ലെക്ചർ വീഡിയോകൾക്ക് മികച്ച പ്രേക്ഷകരെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് താൻ രണ്ട് കാര്യങ്ങളാണ് തുടങ്ങിയത്. ഒരു പാചകക്കാരനായി വീട്ടിൽ തന്നെ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി. വീഡിയോ കോൺഫറൻസ് വഴി ആളുകൾക്ക് ക്ലാസുകൾ നൽകി. ഓൺലൈനായി 950 ലെക്ചറുകൾ എടുത്തു. രണ്ട് വിദേശ സർവകലാശാലകളിലെ കുട്ടികൾക്കും ക്ലാസെടുത്തു. അവയെല്ലാം യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂട്യൂബിലെ തന്റെ കാണികളുടെ എണ്ണം വർധിച്ചു. അതുകൊണ്ടുതന്നെ യൂട്യൂബ് ഇപ്പോൾ തനിക്ക് മാസം നാല് ലക്ഷം രൂപ റോയൽറ്റിയായി നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡൽഹി – മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബറുച്ചിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാജ്യത്ത് നല്ല കാര്യം ചെയ്യുന്നവർക്ക് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ നാലു മുതൽ നിബന്ധനകൾക്ക് വിധേയമായി കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ അമ്പത് ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് നിർദ്ദേശം.

ക്ലാസ്സുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.

ന്യൂഡൽഹി: സെമാറ്റോ, സ്വഗ്ഗി തുടങ്ങിയ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ ഇനി മുതൽ ജിഎസ്ടി അടയ്ക്കണം. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഓർഡർ എടുക്കുന്ന ഭക്ഷണശാലകൾക്ക് പകരം, ഇനിമുതൽ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.

2022 ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും. ഭക്ഷണ വിതരണ ആപ്പുകളിൽനിന്ന് പുതിയ നികുതികൾ ഒന്നും ഈടാക്കുന്നില്ലെന്നും ജി.എസ്.ടി. ഈടാക്കുന്ന കേന്ദ്രം മാറുക മാത്രമേ ചെയ്യുന്നുള്ളുവെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. നിലവിൽ റസ്റ്റോറന്റുകളാണ് നികുതി നൽകുന്നത്. അത് മാറുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ-കൊമേഴ്സ് കമ്പനികൾക്ക് സോഫ്റ്റ്‌വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്.

അതേസമയം കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്കും ജിഎസ്ടി കൗൺസിൽ കുറച്ചു. 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി നിരക്ക് കുറച്ചത്.

കോവിഡ് മരുന്നുകളുടെ നികുതി ഇളവുകൾ ജിഎസ്ടി കൗൺസിൽ ദീർഘിപ്പിച്ചുവെന്നും മസ്‌കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച്ച കൗൺസിലിന്റെ മുന്നിലെത്തിയത്. കൂടുതൽ മരുന്നുകൾക്ക് നികുതിയിളവ് നൽകുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.

ഡിസംബർ 31 വരെയാകും മരുന്നുകൾക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോ ഡീസലിന്റെ നികുതിയും കുറച്ചു. ബയോ ഡീസലിന്റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യയിൽ സ്വാധീനം വർധിപ്പിക്കാൻ ഐ.എസ്. ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി. നിരന്തരമായ ഓൺലൈൻ പ്രചാരണങ്ങളിലൂടെ ഇന്ത്യയിൽ സ്വാധീനം വ്യാപിപ്പിക്കാനാണ് ഐ.എസിന്റെ ശ്രമമെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഐ.സുമായി ബന്ധപ്പെട്ട 37 ഭീകരാക്രമണ കേസുകൾ ഇതിനകം എൻ.ഐ.എ. അന്വേഷിച്ചിട്ടുണ്ടെന്നും ഏറ്റവും ഒടുവിലത്തെ കേസ് രജിസ്റ്റർ ചെയ്തത് 2021 ജൂണിലാണെന്നും എൻഐഎ അറിയിച്ചു.

രജിസ്റ്റർ ചെയ്ത 37 കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തു. 31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 27 പ്രതികളെ വിചാരണയ്ക്ക് ശേഷം ശിക്ഷിച്ചുവെന്നും ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.

നിരന്തര ഓൺലൈൻ പ്രചാരണങ്ങളിലൂടെ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം വ്യാപിക്കാനാണ് ഐ.എസ്. ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെ എളുപ്പം കബളിപ്പിക്കാവുന്ന യുവാക്കളെയാണ് ഐ.എസ് ലക്ഷ്യമിടുന്നത്. ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കൽ അനുഭാവം കാണിക്കുന്ന യുവാക്കളെ ഓൺലൈൻ ഹാൻഡ്ലർമാരുമായി ആശയവിനിമയം നടത്താൻ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് ഈ ഓൺലൈൻ ഹാൻഡ്ലർമാറെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ഹാൻഡ്ലർമാർ യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് അപ്ലോഡ് ചെയ്യൽ, ഐ.എസ്. പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തൽ, അത്യുഗ്ര ശഷിയുള്ള സ്‌ഫോടകവസ്തുക്കൾ (ഐ.ഇ.ഡി.) തയ്യാറാക്കൽ, ഭീകരവാദത്തിനുള്ള ഫണ്ടിങ്, ഭീകരാക്രമണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് യുവാക്കളെ ഐ.എസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി വിശദീകരിക്കുന്നു.

ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗൺസിൽ. 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി നിരക്ക് കുറച്ചത്. ജിഎസ്ടി കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ ധനമന്ത്രി നിർമ്മലാ സീതാരാമനാണ് വിശദീകരിച്ചത്.

കോവിഡ് മരുന്നുകളുടെ നികുതി ഇളവുകൾ ജിഎസ്ടി കൗൺസിൽ ദീർഘിപ്പിച്ചുവെന്നും മസ്‌കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച്ച കൗൺസിലിന്റെ മുന്നിലെത്തിയത്. കൂടുതൽ മരുന്നുകൾക്ക് നികുതിയിളവ് നൽകുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നൽകിയെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.

ഡിസംബർ 31 വരെയാകും മരുന്നുകൾക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോ ഡീസലിന്റെ നികുതിയും കുറച്ചു. ബയോ ഡീസലിന്റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. സി ബി എസ് ഇ മാനേജ്മെന്റുകൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാർക്കും എൻട്രൻസ് മാർക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരെയായിരുന്നു സി ബി എസ് ഇ മാനേജ്‌മെന്റുകൾ ഹർജി സമർപ്പിച്ചത്. പ്രൊഫഷണൽ കോഴ്സുകൾക്ക് പ്ലസ് ടു മാർക്കിനൊപ്പം എൻട്രൻസ് മാർക്കും ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇത്തരത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ പിന്നാക്കം പോകുന്നുവെന്നാണ് സി ബി എസ് ഇ മാനേജ്‌മെന്റുകൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് തീർപ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 2004 ൽ സമാനമായ ആവശ്യം ഉയർന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തിൽ തീർപ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിന്റെ നാർകോട്ടിക്‌സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്‌നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വെച്ച് പാലാ ബിഷപ്പിനെ നേരിൽക്കണ്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത്. നാർകോടിക്‌സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ലെന്നും പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

നാർകോടിക്‌സ് ജിഹാദ് വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ സാഹചര്യമില്ല. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടു. അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.