ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന് ഡ്രൈവിൽ നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. രാജ്യത്തെ പ്രതിദിന വാക്സിനേഷൻ രണ്ട് കോടി ഡോസ് പിന്നിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് വാക്‌സിനേഷൻ 2.2 കോടി പിന്നിട്ടതായാണ് വിവരം. ഇന്നു രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്‌സിനേഷൻ ഡ്രൈവിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാണ് സർക്കാർ പദ്ധതിയിടുന്നത്.
ഒരു ദിവസം ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടു കോടി വാക്‌സിൻ ഡോസുകൾ ഒരു ദിവസം വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്. ബിജെപി മുതിർന്ന നേതാക്കൾ നേരിട്ടാണ് വാക്സിൻ യജ്ഞത്തിൽ ഏകോപനം നടത്തുന്നത്. ജനങ്ങൾ വാക്സിനെടുക്കാൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബി.ജെ.പി ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വാക്സിനേഷനിൽ രാജ്യം പുതിയ റെക്കോർഡ് തീർക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
കൊവിഡിൽ നിന്ന് ജനങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ കഠിനപ്രയത്‌നം ചെയ്യുന്ന പ്രധാനമന്ത്രിയ്ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ വാക്‌സിനേഷൻ യജ്ഞത്തിലൂടെ പാർട്ടി നൽകുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു.

