വിവിഐപികളുടെ സുരക്ഷ; വനിതാ സുരക്ഷാ ഗാർഡുകളെ നിയമിക്കാനൊരുങ്ങി സിആർപിഎഫ്

ന്യൂഡൽഹി: വിവിഐപികളുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഗാർഡുകളെ നിയമിക്കാനൊരുങ്ങി സിആർപിഎഫ്. ചരിത്രത്തിലാദ്യമായി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്. 33 വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന ആദ്യ ബാച്ചിന്റെ 10 ആഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ അനുമതി നൽകി ദിവസങ്ങൾക്കുള്ളിൽ സുരക്ഷാ ജീവനക്കാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ് സിആർപിഎഫ്. വനിതാ ഉദ്യോഗസ്ഥരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ഒരു കർമ്മ പദ്ധതി സിആർപിഎഫ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. തുടക്കത്തിൽ 6 പ്ലാറ്റൂൺ വനിതാ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉയർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഉന്നത ശ്രേണിയിലുള്ള നിരവധി വ്യക്തികൾക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപ് വിവിഐപികളെ സംരക്ഷിക്കുന്നതിന് വനിതകളെ ജോലിയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുൻഗണന നൽകിയിരുന്നതെന്നാണ് വിവരം. സിആർപിഎഫുമായി ചേർന്ന് നിലവിൽ, രാജ്യത്തെ ഉയർന്ന ശ്രേണിയിലുള്ള വ്യക്തികൾക്ക് സംരക്ഷണം നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.