General (Page 1,406)

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പിസിസി അദ്ധ്യക്ഷൻ സിദ്ദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരിൽ താൻ എതിർക്കുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അമരീന്ദർ സിംഗ് ഉന്നയിച്ചിരിക്കുന്നത്. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്.

നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. തന്റെ സർക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു സിദ്ദു. താൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാൻ സിദ്ദുവിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അപമാനിക്കപ്പെട്ടതിനാൽ രാജിവെക്കാൻ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് അമരീന്ദർ സിംഗ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കോൺഗ്രസിൽ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇനി മുതൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കും ആന്റിജൻ പരിശോധന നടത്തുക. ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാലാണ് ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 65 വയസിനു മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്താനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 18 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 88.94 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,37,55,055), 36.67 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (97,94,792) നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,38,371). 45 വയസിൽ കൂടുതൽ പ്രായമുള്ള 95 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജി വെയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് അമരീന്ദർ സിംഗ് രാജിക്കൊരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ അപമാനം സഹിച്ച് തുടരാൻ സാധിക്കില്ലെന്ന് അമരീന്ദർ സിംഗ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

കോൺഗ്രസ് എം എൽ എമാരിൽ നിന്നും അടിക്കടി അപമാനം നേരിടേണ്ടി വരുന്നത് തനിക്ക് ക്ഷീണമാണെന്നും അതിനാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും അമരീന്ദർ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം ചേർന്ന പഞ്ചാബിലെ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്ന ആവശ്യമുയർന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇത് മൂന്നാം തവണയാണ് കോൺഗ്രസ് എം എൽ എമാർ യോഗം ചേർന്ന് അമരീന്ദറിന്റെ രാജി ആവശ്യപ്പെടുന്നത്.

k rajan

കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിനായി പുതിയ ഭവന നയം രൂപീകരിക്കും. റവന്യു- ഭവന നിർമ്മാണ മന്ത്രി കെ.രാജനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് നിരവധി പേർക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോർഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയിൽ പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കുമെന്നും കേരളത്തിൽ ഡിജിറ്റൽ സർവ്വേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സർവേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേർ സമ്പ്രദായം നടപ്പാകുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ട് എന്നത് കണ്ടെത്താൻ എളുപ്പമാകും. ഇത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുക. കുടിയേറ്റക്കാരും കയ്യേറ്റക്കാരും രണ്ടും വ്യത്യസ്തമാണെന്നും ഇത് രണ്ടും രണ്ടായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വിശദമാക്കി.

അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു. ഫയൽ അദാലത്ത് ഒക്ടോബർ മാസത്തിൽ നടക്കുന്നതോടെ വർഷങ്ങളായി തീർപ്പാകാതെ കെട്ടിക്കിടന്ന ഫയലുകളിൽ തീരുമാനമാകും. കേരളത്തിലെ വില്ലേജ് ഓഫീസുകൾ മുഴുവനായും ഡിജിറ്റലിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വടകരയിൽ 28 കോടി രൂപ ചെലവിൽ റവന്യു ടവർ നിർമിക്കുക വഴി സർക്കാരിന്റെ നിരവധി സേവനങ്ങൾ ഒറ്റ ക്കുടക്കീഴിലായി മാറും. പുതിയ കെട്ടിടങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെഡിക്കൽ കോളജിനടുത്ത് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂർ – ഇരിങ്ങാടൻ പളളി റോഡിന് സമീപം സർക്കാർ ഉദ്യോഗസ്ഥർക്കായി ഒരുക്കുന്ന പാർപ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്. നാല് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്.ഒരു വർഷം കൊണ്ട് ക്വാർട്ടേഴ്സ് പണി പൂർത്തിയാകും. ഫ്ളാറ്റുകൾ മിതമായ വാടകയിൽ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരായ 151 വനിതകൾക്ക് കുറഞ്ഞ ചെലവിൽ വാടകക്ക് താമസ സൗകര്യമുള്ള കെ.എസ്.എച്ച്.ബി വർക്കിംഗ് വിമെൻസ് ഹോസ്റ്റലിന് സമീപത്താണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.

ന്യൂഡൽഹി: കുട്ടികളിലെ ന്യുമോണിയ ബാധയെ ചെറുക്കാൻ പുതിയ പ്രതിരോധ വാക്സിൻ വിതരണം ചെയ്യും. ന്യുമോകോക്കൽ കോൺജുഗേറ്റ് എന്ന വാക്സിൻ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്സിൻ നൽകുന്നത്. കേരളത്തിലും ഈ വാക്സിൻ ലഭ്യമാകും.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഓരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റർ ഡോസുമാണ് കുട്ടികൾക്ക് നൽകുക. ന്യൂമോ കോക്കൽ ബാക്ടീരിയയാണ് പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം. ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനുള്ള കഴിവ് പുതിയ വാക്‌സിനുണ്ട്. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. .

കുട്ടികൾക്ക് നിലവിൽ നൽകി കൊണ്ടിരിക്കുന്ന പെന്റാവലന്റ് വാക്സിനിൽ ഹിബ് വാക്സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യുമോണിയക്ക് ഫലപ്രദമാണ്.

തിരുവനന്തപുരം: ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയർപഴ്‌സൺ സ്ഥാനം രാജിവച്ചു. പാർട്ടി നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വർഷമായി ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തതിനാലാണ് രാജിയെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭനാ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭനാ ജോർജ് 2018 ലാണ് എൽഡിഎഫിന്റെ ഭാഗമാകുന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ശോഭന സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് ശോഭനാ ജോർജ് നിയമസഭയിലെത്തിയിട്ടുണ്ട്. കെ. കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ട ശോഭനാ ജോർജ് പിന്നീട് തിരിച്ചെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പി. സി. വിഷ്ണുനാഥിനെതിരെ മത്സരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് തുറക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെ കുറിച്ചും പിന്നീട് തീരുമാനിക്കും. സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

സ്‌കൂളുകൾ തുറന്നാലും പ്രൈമറിതലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതിനെ കുറിച്ചാണ് സർക്കാർ പരിഗണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സംശയകരമായ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ. സുരേഷ്‌കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്ജ്, കൊടകര എസ്എച്ച്ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും നിയമ വിരുദ്ധമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതായുള്ള പരാതികൾ ഉയർന്നിരിക്കുന്നത്.

ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എൻഫോഴ്സ്മെന്റ് കത്തുനൽകിയിട്ടുണ്ട്. കത്തിൽ സൂചിപ്പിച്ചിരിക്കുന്ന പേരുകാർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന വിജിലൻസും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരിൽ തുടങ്ങി താഴേത്തലത്തിൽ വരെയുള്ള ഉദ്യോഗസ്ഥർമാർ വരെ അഴിമതി നടത്തുന്നതായുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം ലഭിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റേത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നാണ് ബാലഗോപാലിന്റെ വിമർശനം.

കേന്ദ്രം സെസ് കുറയ്ക്കുകയാണ് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിനുള്ള പരിഹാര മാർഗം. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന ജി എസ് ടി യോഗത്തിൽ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർത്തു. കേരളമടക്കം സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് പെട്രോളും ഡീസലും ഇപ്പോൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സമൂഹം ആപത്തോടെ കാണുന്ന നാർക്കോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പുതിയതായി അനുവദിച്ച 165 സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കൂൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വ്യാപന സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നു. സ്‌കൂൾ പ്രവർത്തിക്കുന്ന ഘട്ടത്തിൽ എസ്.പി.സി ഉള്ളയിടങ്ങളിൽ നല്ല രീതിയിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. രാജ്യത്തിന് എതിരെ ചിന്തിക്കുന്ന ശക്തികൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള തലമുറ വളർന്നു വരാതിരിക്കാൻ ശ്രമിക്കും. ദുഷിച്ച രീതിയിൽ ചിന്തിക്കുന്ന ചിലർ സ്വാർത്ഥ ലാഭം മുൻനിർത്തി, തത്ക്കാലം കുറച്ച് പണം സമ്പാദിക്കുന്നതിനായി, തെറ്റായ വഴിയിലൂടെ സഞ്ചരിക്കും. ഇവർ വളർന്നു വരുന്ന തലമുറയെ നിശ്ചേഷ്ടമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പുതുതലമുറയെ തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡന്റ് പൊലീസിന് തടയാനായിട്ടുണ്ട്.

165 സ്‌കൂളുകൾ കൂടി ചേരുന്നതോടെ 70716 കുട്ടികൾ എസ്. പി. സിയുടെ ഭാഗമായി. സംസ്ഥാനത്തെ 968 സ്‌കൂളുകളിലാണ് നിലവിൽ പദ്ധതിയുള്ളത്. ഉടൻ തന്നെ ആയിരം സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബാക്കിയുള്ള സ്‌കൂളുകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഗുണമേന്മ മനസിലാക്കി രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എത്തിക്കഴിഞ്ഞു. ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അച്ചടക്കമുള്ള വലിയൊരു സമൂഹത്തെ വാർത്തെടുക്കാനാവുമെന്നാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.