കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിന്റെ നാർകോട്ടിക്‌സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്‌നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വെച്ച് പാലാ ബിഷപ്പിനെ നേരിൽക്കണ്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത്. നാർകോടിക്‌സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ലെന്നും പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
നാർകോടിക്‌സ് ജിഹാദ് വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ സാഹചര്യമില്ല. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടു. അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

