പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം; എൻട്രൻസ് മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. സി ബി എസ് ഇ മാനേജ്മെന്റുകൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാർക്കും എൻട്രൻസ് മാർക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരെയായിരുന്നു സി ബി എസ് ഇ മാനേജ്‌മെന്റുകൾ ഹർജി സമർപ്പിച്ചത്. പ്രൊഫഷണൽ കോഴ്സുകൾക്ക് പ്ലസ് ടു മാർക്കിനൊപ്പം എൻട്രൻസ് മാർക്കും ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇത്തരത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ പിന്നാക്കം പോകുന്നുവെന്നാണ് സി ബി എസ് ഇ മാനേജ്‌മെന്റുകൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് തീർപ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 2004 ൽ സമാനമായ ആവശ്യം ഉയർന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തിൽ തീർപ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.