ന്യൂഡൽഹി: സെമാറ്റോ, സ്വഗ്ഗി തുടങ്ങിയ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ ഇനി മുതൽ ജിഎസ്ടി അടയ്ക്കണം. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഓർഡർ എടുക്കുന്ന ഭക്ഷണശാലകൾക്ക് പകരം, ഇനിമുതൽ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.
2022 ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും. ഭക്ഷണ വിതരണ ആപ്പുകളിൽനിന്ന് പുതിയ നികുതികൾ ഒന്നും ഈടാക്കുന്നില്ലെന്നും ജി.എസ്.ടി. ഈടാക്കുന്ന കേന്ദ്രം മാറുക മാത്രമേ ചെയ്യുന്നുള്ളുവെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. നിലവിൽ റസ്റ്റോറന്റുകളാണ് നികുതി നൽകുന്നത്. അത് മാറുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ-കൊമേഴ്സ് കമ്പനികൾക്ക് സോഫ്റ്റ്‌വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്.
അതേസമയം കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്കും ജിഎസ്ടി കൗൺസിൽ കുറച്ചു. 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി നിരക്ക് കുറച്ചത്.
കോവിഡ് മരുന്നുകളുടെ നികുതി ഇളവുകൾ ജിഎസ്ടി കൗൺസിൽ ദീർഘിപ്പിച്ചുവെന്നും മസ്‌കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച്ച കൗൺസിലിന്റെ മുന്നിലെത്തിയത്. കൂടുതൽ മരുന്നുകൾക്ക് നികുതിയിളവ് നൽകുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
ഡിസംബർ 31 വരെയാകും മരുന്നുകൾക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോ ഡീസലിന്റെ നികുതിയും കുറച്ചു. ബയോ ഡീസലിന്റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

