ന്യൂഡൽഹി: ഇന്ത്യയിൽ സ്വാധീനം വർധിപ്പിക്കാൻ ഐ.എസ്. ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി. നിരന്തരമായ ഓൺലൈൻ പ്രചാരണങ്ങളിലൂടെ ഇന്ത്യയിൽ സ്വാധീനം വ്യാപിപ്പിക്കാനാണ് ഐ.എസിന്റെ ശ്രമമെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഐ.സുമായി ബന്ധപ്പെട്ട 37 ഭീകരാക്രമണ കേസുകൾ ഇതിനകം എൻ.ഐ.എ. അന്വേഷിച്ചിട്ടുണ്ടെന്നും ഏറ്റവും ഒടുവിലത്തെ കേസ് രജിസ്റ്റർ ചെയ്തത് 2021 ജൂണിലാണെന്നും എൻഐഎ അറിയിച്ചു.
രജിസ്റ്റർ ചെയ്ത 37 കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തു. 31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 27 പ്രതികളെ വിചാരണയ്ക്ക് ശേഷം ശിക്ഷിച്ചുവെന്നും ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.
നിരന്തര ഓൺലൈൻ പ്രചാരണങ്ങളിലൂടെ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം വ്യാപിക്കാനാണ് ഐ.എസ്. ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെ എളുപ്പം കബളിപ്പിക്കാവുന്ന യുവാക്കളെയാണ് ഐ.എസ് ലക്ഷ്യമിടുന്നത്. ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കൽ അനുഭാവം കാണിക്കുന്ന യുവാക്കളെ ഓൺലൈൻ ഹാൻഡ്ലർമാരുമായി ആശയവിനിമയം നടത്താൻ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് ഈ ഓൺലൈൻ ഹാൻഡ്ലർമാറെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ഹാൻഡ്ലർമാർ യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് അപ്ലോഡ് ചെയ്യൽ, ഐ.എസ്. പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തൽ, അത്യുഗ്ര ശഷിയുള്ള സ്‌ഫോടകവസ്തുക്കൾ (ഐ.ഇ.ഡി.) തയ്യാറാക്കൽ, ഭീകരവാദത്തിനുള്ള ഫണ്ടിങ്, ഭീകരാക്രമണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് യുവാക്കളെ ഐ.എസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി വിശദീകരിക്കുന്നു.

