ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗൺസിൽ. 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി നിരക്ക് കുറച്ചത്. ജിഎസ്ടി കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ ധനമന്ത്രി നിർമ്മലാ സീതാരാമനാണ് വിശദീകരിച്ചത്.
കോവിഡ് മരുന്നുകളുടെ നികുതി ഇളവുകൾ ജിഎസ്ടി കൗൺസിൽ ദീർഘിപ്പിച്ചുവെന്നും മസ്‌കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച്ച കൗൺസിലിന്റെ മുന്നിലെത്തിയത്. കൂടുതൽ മരുന്നുകൾക്ക് നികുതിയിളവ് നൽകുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നൽകിയെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഡിസംബർ 31 വരെയാകും മരുന്നുകൾക്ക് നികുതിയിളവ് ലഭിക്കുക. എണ്ണ കമ്പനികൾക്കുള്ള ബയോ ഡീസലിന്റെ നികുതിയും കുറച്ചു. ബയോ ഡീസലിന്റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

