കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചത് മാതൃകയാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ മുസ്ലിം നേതാക്കളും ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയും ചർച്ച ചെയ്താണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നടപടികളെ എന്തുകൊണ്ട് മാദ്ധ്യമങ്ങൾ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.
വിവാദങ്ങളുടെ പുറകെ മാത്രം പോയാൽ പോര. ആരെയും കുറ്റപ്പെടുത്തുന്നില്ല. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലേ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ കടമ. വിവാദം പെരുപ്പിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഇത് നമുക്ക് ഗുണം ചെയ്യില്ല. മതനേതാക്കളും മുഖ്യധാരയിലെ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക സംഘടനകളും ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വൻ പ്രതിഷേധത്തെ തുടർന്നാണ് പിൻവലിച്ചത്. തീവ്ര മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മുസ്ലിം നേതാക്കളുമായി താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചർച്ച നടത്തുകയും വിവാദ പരാമർശങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. എം.കെ. മുനീർ എംഎൽഎയാണ് ചർച്ചയ്ക്ക് മുൻകൈ എടുത്തത്.
പുസ്തകത്തിലെ പരാമർശത്തിൽ മുസ്ലിം സമൂഹത്തിനുണ്ടായ വേദനയിൽ ബിഷപ് ഖേദം പ്രകടിപ്പിക്കുകയുപം ചെയ്തു. സാമുദായിക സൗഹാർദം നിലനിർത്താനും സാമൂഹിക തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും യോഗത്തിൽ നേതാക്കൾ തീരുമാനിച്ചു. താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർത്ഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും’ എന്ന പുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്.
പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നുവെന്നും പെൺകുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പുസ്‌കത്തിൽ പരാമർശിച്ചിരുന്നു. മുസ്ലിം ആൺകുട്ടികൾ നൽകുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാം. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ‘ലൗ ജിഹാദെന്ന പ്രണയക്കുരുക്ക്. മുസ്ലിം യുവാക്കൾ പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളിൽ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളാണെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.

