General (Page 1,400)

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്ഥാനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. താൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നയിക്കേണ്ട സ്ഥാനത്ത് വരേണ്ടത് സിനിമാ നടനല്ല. കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസ്സിലാക്കാൻ കഴിയുന്ന തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാർട്ടിയെ നയിക്കേണ്ടത്. രാഷ്ട്രീയത്തിൽ വളർന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരിൽ ഒരാളാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം നല്ലവരായ സാധാരണക്കാർക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ താൻ മുന്നിലുണ്ടാകും. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ല. കേന്ദ്ര സർക്കാർ സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകൾ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും അലോസരമുണ്ടാകരുതെന്നാണ് നിലപാട്. പാലാ ബിഷപ്പ് പറഞ്ഞത് ഒരു സാമൂഹിക തിന്മയേക്കുറിച്ച് മാത്രമാണെന്നും ഒരു സമുദായത്തേക്കുറിച്ചും അദ്ദേഹം പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സെപ്തംബർ 27 ന്‌ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. കർഷകരുടെ ആവശ്യം ന്യായമാണെന്നും അതിനെ പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന തന്റെ മുൻ നിലപാട് വിജയരാഘവൻ തിരുത്തുകയും ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എൽഡിഎഫിന്റേത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നും അദ്ദേഹം വിശദമാക്കി.

തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ല. അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അന്താരാഷ്ട്ര വിപണിയിൽ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ആഫ്രിക്കൻ വനിതയുടെ പക്കൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

നമീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാലയാണ് മയക്കുമരുന്ന് എത്തിച്ചത്. ജൊഹനാസ്ബർഗിൽ നിന്നാണ് ബിഷാല കരിപ്പൂരിൽ എത്തിയത്. ഖത്തർ എയർവേസ് വിമാനത്തിൽ പുലർച്ചെ 2.15 നാണ് ഇവർ കരിപ്പൂരിലെത്തിയ ഇവരുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു മയക്കുമരുന്ന്. അഞ്ച് കിലോഗ്രാം ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഹെറോയിൻ വാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്നാണ് ഡിആർഐയ്ക്ക് ലഭിച്ച വിവരം.

അന്തർദേശീയ തലത്തിലെ മയക്കു മരുന്നു കണ്ണികളിൽ ഒരാളാണ് ഇവർ. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കാൻ ഇവർക്ക് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയ്ക്കാണ് കരിപ്പൂർ വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്‌കൂളുകൾ തുറക്കുന്നതിൽ കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നാണ് ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്‌സീൻ എടുത്തവരാണെന്ന് ഉറപ്പിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

ക്ലാസുകൾക്ക് ഇടയിലെ ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഐഎംഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ അനുവാദം ലഭിക്കുമ്പോൾ വാക്‌സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് സന്നദ്ധരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.

തിരുവനന്തപുരം: കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

കോവിഡ് വാക്സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചത്.

കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്സിൻ വിതരണം സാധിക്കില്ലെന്നും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപ സഹായധനം നൽകാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ വീതം നൽകാനാവില്ലെന്ന് കോടതിയെ നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 50000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുളള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലൂടെ കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.

സഹായധനത്തിനുള്ള അപേക്ഷ നിർദ്ദിഷ്ട ഫോമിൽ കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സർട്ടിഫിക്കറ്റടക്കം ചേർത്ത് ജില്ലാ ഭരണകൂടത്തിന് നൽകണം. സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളിൽ സഹായ ധനം മരിച്ചവരുടെ ബന്ധുക്കൾക്ക് ലഭ്യമാകും. ഒരറിയിപ്പ് ഉണ്ടാകും വരെ സഹായധനം നൽകുന്നത് തുടരുമെന്നും മാർഗനിർദ്ദേശത്തിൽ കേന്ദ്രം വിശദമാക്കുന്നു.

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും മാർഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഒക്ടോബർ 20-ന് മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ‘Students Transportation Protocol Fitness Certificate’ മോട്ടോർ വാഹന വകുപ്പ് നൽകുന്നതാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ’ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ലീന എമ്മിന് നൽകി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്‌സിൻ എടുക്കേണ്ടതാണെന്ന് മാർഗ രേഖയിൽ വ്യക്തമാക്കുന്നു. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്. സ്‌കൂൾ വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണം. ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർത്ഥികളും കരുതണം. ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും മാർഗരേഖയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്‌കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകേണ്ടതാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തേണ്ടാണെന്നും മാർഗ രേഖയിൽ വിശദമാക്കുന്നു.

pinarayi

തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്ന മലയാളികളുടെ കണക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. 100 മലയാളികളാണ് 2019 വരെ ഐഎസിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 28 പേർ ഐഎസ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും മുഖ്യമന്ത്രി വിശദമാക്കി. 28 പേർ കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

28 പേരിൽ അഞ്ച് പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിൽ ചേർന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തിൽ ജനിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2020 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരമുള്ള 4941 കേസുകളിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതമില്ലെന്നും മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാർ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സിറോ മലബാർ സഭ പറയുന്നത്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭ അറിയിച്ചിരിക്കുന്നത്.

ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. പാലാ ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രസംഗമാണെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും സഭ വിശദീകരിച്ചു. ചില രാഷ്ട്രീയ നേതാക്കൾ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ചു. കേരളത്തിൽ എളുപ്പം വിറ്റഴിയുന്ന മതസ്പർദ്ധ വർഗീയ ലേബലുകൾ മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നൽകിയെന്നും സഭ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നാണ് സിറോ മലബാർ സഭ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

അഫ്ഗാനിസ്താനിൽ നടത്തുന്ന മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ഉപയോഗിച്ചിട്ടുള്ളതാണ് നാർക്കോ ജിഹാദ് എന്ന വാക്ക്. അഫ്ഗാനിൽ നിന്നും കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്തിൽ നിന്നും പിടിച്ചെടുത്തത്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടും ശത്രുതാപരമായ അകലം പാലിക്കുന്നവരാണ് കേരളത്തിലെ മതസമൂഹങ്ങളും സംഘടനകളുമെന്ന് സഭ പറഞ്ഞു. കേരള സമൂഹത്തിലും അപകടകരമായി ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നൽകിയത്. പ്രസംഗം മതസ്പർധ വളർത്തിയെന്ന് ആരോപിച്ചുകൊണ്ട് ബിഷപ്പിനെ ആക്രമിക്കാനുള്ള പ്രചാരണത്തിൽ നിന്ന് പിൻവാങ്ങണം. ഇത്തരം നീക്കങ്ങൾ കേരളീയ സമൂഹത്തിൽ നിലനിന്ന് പോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്തുകയോ ചെയ്യൂവെന്നും സിറോ മലബാർ സഭ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമർശനവമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാഹുൽ ഗാന്ധിക്കും , പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാഴ്ച മുൻപേ രാജി സന്നദ്ധത താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് സോണിയാ ഗാന്ധി നിർദ്ദേശിച്ചത്. പക്ഷേ ഒടുവിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ടു. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ താൻ ശക്തിയുക്തം എതിർത്തിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ച് താൻ പ്രയത്നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാൻ സാധിക്കുമെന്നറിയില്ലെന്നും അമരീന്ദർ വ്യക്തമാക്കി.

സിദ്ദു അപകടകാരിയായ മനുഷ്യനാണ്. അത്തരമൊരാൾ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും താൻ സഹിക്കും. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ പരാജയം ഉറപ്പുവരുത്താൻ ശക്തനായ എതിരാളിയെ മത്സരിപ്പിക്കും. വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ ഞാൻ തയാറാണ്. എന്നാൽ, പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.