തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. കർഷകരുടെ ആവശ്യം ന്യായമാണെന്നും അതിനെ പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന തന്റെ മുൻ നിലപാട് വിജയരാഘവൻ തിരുത്തുകയും ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എൽഡിഎഫിന്റേത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നും അദ്ദേഹം വിശദമാക്കി.
തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ല. അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

