തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും മാർഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഒക്ടോബർ 20-ന് മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ‘Students Transportation Protocol Fitness Certificate’ മോട്ടോർ വാഹന വകുപ്പ് നൽകുന്നതാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ’ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ലീന എമ്മിന് നൽകി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്‌സിൻ എടുക്കേണ്ടതാണെന്ന് മാർഗ രേഖയിൽ വ്യക്തമാക്കുന്നു. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്. സ്‌കൂൾ വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണം. ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർത്ഥികളും കരുതണം. ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും മാർഗരേഖയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്‌കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകേണ്ടതാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തേണ്ടാണെന്നും മാർഗ രേഖയിൽ വിശദമാക്കുന്നു.

