General (Page 1,399)

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാന സർക്കാർ ധൂർത്ത് തുടരുന്നു. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ജോലിക്കായി നാല് ആഢംബര കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് കാറുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലക്ഷങ്ങൾ മുടക്കി നാല് കാറുകൾ വാങ്ങാൻ അനുമതി നൽകിയത്.

മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ജോലിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകൾ മാറ്റി പുതിയത് വാങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് 29 നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്ത് സമർപ്പിച്ചത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാൽ പകരം പുതിയ കാറുകൾ വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇത് പരിഗണിച്ച ശേഷം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നാല് ലക്ഷ്യറി കാറുകൾ വാങ്ങുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിറക്കി. മൂന്ന് ഇന്നോവ ക്രീസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുള്ള അനുമതി നൽകുന്നുവെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 62.43 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കാമെന്നും ഉത്തരവിൽ വിശദമാക്കുന്നു.

ഒന്നര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞാൽ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പൈലറ്റ് എക്‌സ്‌കോർട്ട് സർവീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു. പുതുതായി വാങ്ങുന്നവയിൽ രണ്ട് വാഹനങ്ങൾ ടൂറിസം വകുപ്പിന് വേണ്ടി ഉപയോഗിക്കുമെന്നും അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും ആഭ്യന്തര വകുപ്പ് വിശദമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളായ ഇടത് നേതാക്കളുടെ വാദത്തിനെതിരെ പരിഹാസവുമായി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിടുന്നതും കമ്പ്യൂട്ടർ തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന പ്രതികളുടെ വാദത്തിനെതിരെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. എല്ലാവരും തത്സമയം കണ്ട ഗുണ്ടായിസം വ്യാജമാണെന്ന് അവകാശപ്പെടണമെങ്കിൽ നിങ്ങൾക്ക് വല്ലാത്ത കട്ടിയുള്ള ചർമ്മമുണ്ടായിരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വാദത്തെ കുറിച്ച് വിശദമാക്കുന്ന മലയാള മനോരമ പത്രത്തിലെ വാർത്ത ഷെയർ ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിയമസഭയിൽ നടന്നത് അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആൻഡ് വാർഡായി വന്ന പോലീസുകാരാണ് അതിക്രമം കാണിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രതികൾ ചീഫ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്തമാക്കിയത്. അവർ സംഘർഷം ഉണ്ടാക്കിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാർ ഉൾപ്പെടെ 140 എംഎൽഎമാരും നിയമസഭയിൽ ഉണ്ടായിരുന്നു. എന്നാൽ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാർ മാത്രമാണ് സാക്ഷികളായത്. അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ദൃശ്യങ്ങൾ യഥാർഥമല്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു. വിടുതൽ ഹർജിയിൽ വാദം കേൾക്കവേയാണ് കേസിലെ പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നീ ആറ് പ്രതികളാണ് വിടുതൽ ഹർജി നൽകിയിരുന്നത്.

ഇലക്ടോണിക് പാനൽ നശിപ്പിച്ചു എന്നതാണ് മന്ത്രി വി. ശിവൻകുട്ടിക്ക് എതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ ഇലക്ട്രോണിക് പാനലിന് കേടുപാടില്ലെന്ന് കണ്ടെത്തിയെന്നും പിന്നെ എങ്ങനെയാണ് ശിവൻകുട്ടിക്ക് എതിരെ കേസ് ചാർജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം വിടുതൽ ഹർജിയെ സർക്കാർ അഭിഭാഷകൻ എതിർത്തു. നിയമപരമായി കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികൾ നിയമസഭയിൽ അതിക്രമം കാണിച്ചതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതാണെന്നും. പ്രതികളുടെ പ്രവർത്തി നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം ഏഴിന് പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

കൊച്ചി: പി സി ജോർജിനെതിരെ കേസെടുത്ത് പോലീസ്. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിനാണ് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തത്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു ഹൈക്കോടതി അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് നടപടി.

ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശങ്ങൾ. കേരളത്തിന് അപമാനമാണ് വീണ ജോർജെന്നായിരുന്നു പി സി ജോർജ് പറഞ്ഞിരുന്നത്. കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് പി സി ജോർജ് വീണാ ജോർജിനെതിരെ നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് അഭിഭാഷകൻ പരാതി നൽകിയത്.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം വർഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നും കോട്ടയം ഈരാറ്റുപേട്ട നഗരസഭകളിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാർത്തകളെ പരിഹസിച്ച് അബ്ദുറബ്ബ് രംഗത്തെത്തി. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്ഡിപിഐ ആയിരുന്നു സിപിഎമ്മിൻറെ ഒക്കച്ചങ്ങായിയെന്നും എന്നാൽ കോട്ടയത്ത് എത്തിയപ്പോൾ ഇത് ബിജെപിയായി എന്നുമാത്രമെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയ കക്ഷികൾ ഏതായാലും യുഡിഎഫിനെ തകർക്കാൻ അവരൊക്കെ സിപിഎമ്മിന് ഒക്കച്ചങ്ങായിമാരാണെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് പിന്നാലെയാണ് വി ഡി സതീശനും അബ്ദുറബ്ബും വിമർശനവുമായി രംഗത്തെത്തിയത്. കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് കോൺഗ്രസ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നൽകിയിരിക്കുകയാണ്. കോട്ടയം നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബിജെപിയ്ക്ക് എട്ട് അംഗങ്ങളുണ്ട്. അതിനാൽ തന്നെ നഗരസഭയിൽ ബിജെപിയുടെ നിലപാട് നിർണായകമാണ്.

ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ 12-ാം അനുഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയർ ട്രസ്റ്റിനെ കാണാനാവില്ല. അതിനാൽ തന്നെ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ല. ട്രസ്റ്റ് സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്. സി.എ.ജി തയ്യാറാക്കിയ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമത്തിൽ പറയുന്ന പൊതു സ്ഥാപനമായി ഫണ്ടിനെ കാണാനാവില്ല. ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്ഥർ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്തവ വിശദീകരിച്ചു. പി.എം. കെയേഴ്‌സ് ഫണ്ട് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹർജി പരിഗണിക്കവെയാണ് അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചത്.

സംസ്ഥാന, കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ ഭരണഘടനയുടെയോ നിർദേശ പ്രകാരമല്ല പി എം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നതുകൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർമാനും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും ധനമന്ത്രിയും അംഗങ്ങളായ ട്രസ്റ്റാണ് ഫണ്ട് നിയന്ത്രിക്കുന്നതെന്നും ഇങ്ങനെയൊരു ട്രസ്റ്റിനെ പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സംയഖ് ഗാഗ്വാൾ ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അതേസമയം കേസ് സെപ്തംബർ 27 ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

covid

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഉത്സവകാലത്തിന് മുന്നോടിയായായാണ് ആരോഗ്യ മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ടി.പി.ആർ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. 5 ശതമാനത്തിന് താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങൾ നടത്തിയതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി.

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട തയ്യാറെടിുപ്പുകൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും യാതൊരും ആശങ്കയ്ക്കും വകനൽകാത്ത രീതിയിലാവും മാർഗനിർദേശങ്ങൾ പൂർത്തിയാക്കുയെന്നും മന്ത്രി വിശദീകരിച്ചു. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.

വാഷിംഗ്ടൺ: ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അദ്ദേഹം ക്രിസ്റ്റിയാനോ അമോനുമായി കൂടിക്കാഴ്ച്ച നടത്തിയത്. 5ജി, പ്രധാനമന്ത്രിയുടെ വൈ-ഫൈ ആക്‌സസ് നെറ്റ് വർക്ക് ഇന്റർഫേസ് (PM-WANI), അടുത്തിടെ നടപ്പാക്കിയ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിനുള്ള പിഎൽഐ പദ്ധതി (Production Linked Incentive Scheme) എന്നിവയിലെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമോൻ വ്യക്തമാക്കി. പല കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. 5 ജി അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും അർദ്ധചാലകങ്ങളെക്കുറിച്ചും ഒരു മൊബൈൽ ഫോൺ അധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വളരെ ഫലപ്രദമായ കൂടിക്കാഴ്ച്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിക്കുവേണ്ടി ഉത്പാദിപ്പിക്കാൻ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് ഇത് അനുകൂല സമയമായതിനാൽ ഇന്ത്യയെ ഒരു വലിയ കയറ്റുമതി വിപണിയായി താൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയുമായി പങ്കാളിത്തം വഹിക്കാൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചുവെന്നും അമോൻ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങളോട് ഇന്ത്യ അനുകൂലമായി പ്രവർത്തിക്കുമെന്ന് ക്വാൽകോമിന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഉന്നതവൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: കൊച്ചിയിൽ 2000 പേർ ഉടനേ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഏതാനും ചിലർ പാർട്ടി വിട്ടപ്പോൾ കോൺഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവർ കോൺഗ്രസിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് അദ്ദേഹം പറഞ്ഞു.

എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എൻ.സി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം. വിജേന്ദ്രകുമാർ അനുയായികളോടൊപ്പം കോൺഗ്രസിൽ ചേർന്ന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് വികാരം കൊണ്ടു നടക്കുന്ന പതിനായിരങ്ങളെ പാർട്ടിയിൽ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. തൃശൂരും കോഴിക്കോട്ടും നിരവധിപേർ ഉടനേ പാർട്ടിയിലെത്തും. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോൺഗ്രസിനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയൻ മൂല്യങ്ങളും കോൺഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോൺഗ്രസ് ഇറങ്ങിച്ചെല്ലും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാൻ കഴിയുന്ന കർമപദ്ധതികളാണ് നടപ്പാക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

veena

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സ്‌കൂളുകൾ ഉച്ചവരെ മാത്രം മതിയെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓൺലൈൻ ക്ലാസും തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഉച്ചയ്ക്ക് സ്‌കൂൾ വിട്ടാൽ കുട്ടികൾ എങ്ങനെ ഉടൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസും അടുത്ത ദിവസങ്ങളിൽ മറ്റ് കുട്ടികൾക്ക് എത്താമെന്നും ചർച്ച ചെയ്യുന്നുണ്ട്. ഷിഫ്റ്റ് സംവിധാനവും പരിഗണനയിലുണ്ട്. എല്ലാ സാധ്യതയും പരിശോധിച്ച ശേഷമായിരിക്കും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക.

ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ ഒരുക്കുകയെന്നും മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തുമെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ നടത്തും. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രിമാർ വ്യക്തമാക്കി.

കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂൾ, ശുചിമുറികൾ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികൾ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും വാക്‌സിനേഷൻ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തിൽ ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: കോവിഡ് മരണ പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാകും പുതിയ മാർഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കും. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടൽ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അർഹരായവർക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സർക്കാർ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് വീണാ ജോർജ് വിശദമാക്കി.

മെഡിക്കൽ കോളേജിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെൻഡ് ലഭ്യമാണ്. കൂടുതൽ സ്റ്റെൻഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വേണം എന്നതാണ്. മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ 90 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകൾ സമ്പൂർണ വാക്സിനേഷനുമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന മെഡിക്കൽ കോളേജിലെ പുതിയ ഐ.സി.യു.കൾ സന്ദർശിച്ചു. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജിൽ രണ്ട് ഐ.സി.യു.കൾ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.