രാഹുൽ ഗാന്ധിക്കും , പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ദേശീയ നേതൃത്വത്തിനെതിരെ വിമർശനവമായി അമരീന്ദർ സിങ്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമർശനവമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാഹുൽ ഗാന്ധിക്കും , പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാഴ്ച മുൻപേ രാജി സന്നദ്ധത താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് സോണിയാ ഗാന്ധി നിർദ്ദേശിച്ചത്. പക്ഷേ ഒടുവിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ടു. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ താൻ ശക്തിയുക്തം എതിർത്തിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ച് താൻ പ്രയത്നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാൻ സാധിക്കുമെന്നറിയില്ലെന്നും അമരീന്ദർ വ്യക്തമാക്കി.

സിദ്ദു അപകടകാരിയായ മനുഷ്യനാണ്. അത്തരമൊരാൾ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും താൻ സഹിക്കും. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ പരാജയം ഉറപ്പുവരുത്താൻ ശക്തനായ എതിരാളിയെ മത്സരിപ്പിക്കും. വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ ഞാൻ തയാറാണ്. എന്നാൽ, പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.