General (Page 1,401)

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തിരിമറിയുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥർക്കെതിരെ നടപടി. നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം കോർപറേഷന്റെ നാലു സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കൺകറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിവരം.

നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയെടുത്തത്, ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ എസ്. സുനിത എന്നിവരെ സസ്‌പെൻഡ് ചെയ്തു. ശ്രീകാര്യം സോണൽ ഓഫീസിൽ 5.40 ലക്ഷത്തിന്റെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇവിടുത്തെ ഓഫിസ് അറ്റൻഡന്റ് ബിജു, ബിൽ കലക്ടർ അനിൽ എന്നിവരെയും സസ്‌പെൻഡ് ചെയ്തു.

ഉള്ളൂർ, ആറ്റിപ്ര സോണലുകളിൽ രണ്ടു ലക്ഷത്തിൽ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകൾ ക്രമപ്പെടുത്തിയപ്പോൾ സംഭവിച്ചതാണോയെന്നറിയാൻ വിശദ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു ദിവസത്തെ കളക്ഷൻ ബാങ്കിൽ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളിൽ ബാങ്കിന്റെ സീൽ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് സീൽ പതിപ്പിച്ചിട്ടുള്ള ചെല്ലാൻ ആയതിനാൽ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല. സോണൽ ഓഫിസുകളിൽ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോർപറേഷൻ സെക്രട്ടറിയിൽ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം സോണൽ ഓഫിസുകളിലും മെയിൻ ഓഫിസിലും നടത്തുന്ന പരിശോധന ശക്തമാക്കാനും കണക്കുകൾ പരിശോധിക്കുന്നതിന് നഗരസഭാതലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചു. മേയർ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നികുതിയിനത്തിൽ ലഭിച്ച തുക ബാങ്കിൽ അടയ്ക്കാതെ ജീവനക്കാർ തിരിമറി നടത്തിയ സംഭവത്തിൽ അക്കൗണ്ട്‌സ് ഓഫിസറിൽ നിന്നു മേയർ കഴിഞ്ഞ ദിവസം വിശദീകരണം തേടുകയും ചെയ്തിരുന്നു. പണാപഹരണം കണ്ടെത്താൻ കഴിയാത്തതു സാങ്കേതിക ബുദ്ധിമുട്ടു കാരണമാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന വിശദീകരണം. സോണൽ ഓഫിസുകളിലെ കളക്ഷൻ കോർപറേഷന്റെ ആസ്ഥാന ഓഫിസിലേക്ക് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പോർട്ടു ചെയ്യുന്നത് 15 മുതൽ 30 ദിവസങ്ങളുടെ ഇടവേളയിലാണ്. ഇതു കാരണം 11 സോണൽ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ദിവസം തോറും സ്വീകരിക്കുന്ന തുകയുടെ വിശദാംശങ്ങൾ അക്കൗണ്ട്‌സ് വിഭാഗത്തിൽ പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നുവെന്നും ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ. നിലവിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലം ഇല്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്‌നം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ പറഞ്ഞത് ആവർത്തിക്കുകയാണ്. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷങ്ങൾ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തത് നിർബന്ധിത മതപരിവർത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂർത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തിയ ശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28 പേർ ഐഎസ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻകൈ എടുത്ത് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. തീവ്ര മതനിലപാടുകളിലൂടെ ഐഎസ്ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തുകയും നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികൾ കൊവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. സ്‌കൂൾ, കോളേജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികൾ ആവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലർന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മത വിഭാഗങ്ങളിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സർക്കാർ നേതൃത്വം നൽകും. തീവ്ര നിലപാടുകളുടെ പ്രചാരകർക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങൾ മനസ്സിലാക്കി ഇടപെടാൻ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം,. സാമുദായിക സ്പർധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യർത്ഥിക്കുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷിത സ്‌കൂൾ യാത്രയ്ക്ക് മാർഗ രേഖ പുറത്തിറക്കി സർക്കാർ. മാർഗരേഖയുടെ പകർപ്പ് എല്ലാ സ്‌കൂളുകൾക്കും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ലെന്നാണ് മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തുമെന്നും മാർഗ രേഖയിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയിൽ അപേക്ഷകരിൽ പകുതി പേർക്കും ഇടം ലഭിച്ചിട്ടില്ല. 4,65,219 അപേക്ഷകരിൽ 2,18,418 പേർ മാത്രമാണ് ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളത്. 52,718 സീറ്റുകളാണ് മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത്. നാളെ മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ നടത്തേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്‌മെന്റിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നത്.

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കോഴിക്കോട് ചേർന്ന മുസ്ലീം മത സംഘടനകളുടെ യോഗം. നാർക്കോട്ടിക്‌സ് പരാമർശം പിൻവലിക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടികളും ഇടപെടലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറായത് സ്വാഗതാർഹമാണ്. വിവാദ പ്രസ്താവന നടത്തിയിട്ടും വളരെ പക്വതയോടെയാണ് മുസ്ലീം സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചതെന്ന് യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു. ഇത് ഏറെ സ്വാഗതാർഹമാണെന്നും സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമസ്ത, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമ, എം.എസ്.എസ്, എം.ഇ.എസ്., തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം എ.പി സുന്നി വിഭാഗം യോഗത്തിൽ നിന്ന് വിട്ടു നിന്നു.

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഈ മാസം തന്നെ ഹൈക്കമാൻഡിന് കൈമാറും. ഗ്രൂപ്പുകളെ പൂർണമായി ഒഴിവാക്കി ആയിരിക്കില്ല പട്ടികയെന്നും എന്നാൽ ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റുകൾ അതേപടി അംഗീകരിക്കില്ലെന്നുമാണ് പുതിയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. അർഹരായവരെ മാത്രമെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളുവെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്. സെപ്തംബർ 30 ന് മുൻപ് പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലക്ഷ്യമിടുന്നത്.

പ്രസിഡന്റിനെ കൂടാതെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 23 ഭാരവാഹികളാണ് കെപിസിസിയിലെ പുതിയ ഭാരവാഹികൾ. 28 പേരെയാണ് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുക. ആകെ 51 അംഗ സമിതിയായിരിക്കും ഉണ്ടായിരിക്കുക. അതിൽ നിലവിൽ നിയമിക്കപ്പെട്ട പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഒഴികെയുള്ള 47 പേരുടെ പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്. നാൽപതോളം പേർ ക്ഷണിതാക്കളായും എക്‌സ് ഒഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. അവരുടെ പട്ടിക ഇപ്പോൾ പ്രഖ്യാപിക്കുമോ എന്നത് വ്യക്തമല്ല. ഡിസിസി-കെപിസിസി പട്ടികകളിൽ നിന്നും ഒഴിവാക്കപ്പെടുന്ന നേതാക്കളെ പോഷക സംഘടനകളുടെയും പാർട്ടി പുതിയതായി ആരംഭിക്കുന്ന ഉപസമിതികളുടെയും ചുമതല ഏൽപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

ഡിസിസി പ്രസിഡന്റുമാരായി വനിതകൾ ഇല്ലാതായ സാഹചര്യത്തിൽ കെപിസിസി പട്ടികയിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകാൻ സാധ്യതയുണ്ട്. വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയി അഞ്ച് വർഷം തികച്ചവരെ പുതിയ കമ്മിറ്റിയിൽ പരിഗണിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിച്ച കെപിസിസിയുടെ പഠന റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ വേണ്ടി രൂപീകരിച്ച ഡാൻസാഫ് (Dansaf) പിരിച്ച് വിട്ടു. പോലീസ് – മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. നേരത്തെ തന്നെ ലോക്കൽ പോലീസ് ഡാൻസാഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും, പേട്ട സ്റ്റേഷൻ പരിധിയിലും ഡാൻസാഫ് അടുത്തിടെ പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്ന കേസുകൾ പലതും വ്യാജമായിരുന്നുവെന്നും ഇതിലെ പ്രതികളെ ഡാൻസാഫ് സൃഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ് നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമാണ് കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നതെന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിലരെ ഭീഷണിപ്പെടുത്തി പ്രതിയാക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെക്കുറിച്ചാണ് നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണു തമ്മിൽ ഫോണിൽ സംസാരിച്ചത്. ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.

നമസ്തേ പ്രിയ കൂട്ടാളി, നമസ്തേ പ്രിയ മിത്രമേ’ എന്ന് ഹിന്ദിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നരേന്ദ്ര മോദിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇന്ത്യയുമായി ഈ ബന്ധം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫ്രഞ്ച് പ്രസിഡന്റു് ഇമ്മാനുവൽ മാക്രോണുമായി ഫോണിലൂടെ സംസാരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാൻ വിഷയത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയെന്ന് നരേന്ദ്ര മോദി അറിയിച്ചു.

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരിച്ചടി. പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനു ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യണമെന്നും 2020 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും, ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വരവുചെലവ് കണക്ക് ഹാജരാക്കാൻ ഓഡിറ്റിങ് സ്ഥാപനം നിർദേശം നൽകി. എന്നാൽ ട്രസ്റ്റ് ഇക്കാര്യത്തിൽ സഹകരിച്ചിരുന്നില്ല. സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും.

1965 ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതെന്നും തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വിശദമാക്കുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക തുടങ്ങിവയുടെയെല്ലാം നിയന്ത്രണം പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിനാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കൊച്ചി: എൻസിപിയിൽ പൊട്ടിത്തെറി. പി.സി. ചാക്കോയുടെ ഏകാധിപത്യ നടപടികൾക്കെതിരെ എൻസിപിയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി. പീതാംബരൻ പി സി ചാക്കോയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം വൈഎംസിഎയിൽ നടന്ന പാർട്ടി പഠന ശിബിരത്തിൽ പി സി ചാക്കോയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച സ്വപ്നം കാണുന്ന എൻസിപി കോൺഗ്രസ് നേരിടുന്നതിനേക്കാൾ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടൻ തിരുത്തൽ നടപടികൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പി സി ചാക്കോയ്‌ക്കെതിരെ എൻസിപിയിൽ പുകയുന്ന കലാപത്തെ ഇനി പീതാംബരൻ നയിക്കുമെന്നാണ് റിപ്പോർട്ട്. ചാക്കോയും ഉപഗ്രഹങ്ങളായ മൂവർ സംഘവുമാണ് എൻസിപിയിൽ എല്ലാം തീരുമാനിക്കുന്നതെന്നാണ് പ്രധാന വിമർശനം. സിപിഎമ്മിനും ഇക്കാരയത്തിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.

പാർട്ടിയെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തരുതെന്നാണ് പി സി ചാക്കോ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടിക്ക് ലഭിക്കുന്ന ബോർഡ്, കോർപ്പറേഷൻ അദ്ധ്യക്ഷ പദവിയും അംഗങ്ങളുടെ ഒഴിവുകളും അടുപ്പക്കാർക്ക് മാത്രമായി നല്കാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജനീവ: ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. മനുഷ്യാവകാശം ഭീഷണിയുടെ വക്കിലാണെന്നും ശാസ്ത്രം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 76-ാമത് ജനറൽ അസംബ്ലിയിലെ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, അഫ്ഗാനിസ്താനിലെ കലാപം, സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തടസ്സപെടുത്തുന്ന രാജ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോകം ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യവശ്യമായിരിക്കുന്നു. നമ്മളെല്ലാവരും ഒരു വലിയ ഗർത്തത്തിന്റെ വക്കിലാണ്, നമ്മൾ തെറ്റായ ദിശയിൽ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും ഭീഷണി നേരിട്ടിട്ടില്ല, അല്ലെങ്കിൽ ഇത്രയും വിഭജനം നേരിട്ടിട്ടില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.