General (Page 1,397)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾക്കായി ടെലിപ്രോംപ്റ്റർ വാങ്ങാനൊരുങ്ങി സർക്കാർ. 6.26 ലക്ഷം രൂപയ്ക്ക് ടെലിപ്രോംപ്റ്റർ വാങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ടെലിപ്രോംപ്റ്റർ വാങ്ങാൻ പിആർഡിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. പിആർ ചേംബറിലാണ് പ്രോംപ്റ്റർ സ്ഥാപിക്കുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾ നടത്തുമ്പോൾ പിആർ ചോംബറിൽ മുന്നിലുള്ള പേപ്പർ നോക്കിയാണ് കാര്യങ്ങൾ വിശദീകരിക്കാറുള്ളത്. ടെലിപ്രോംപ്റ്റർ വരുന്നതോടെ ഈ രീതിയ്ക്ക് മാറ്റം ഉണ്ടാകും. ഇനി പേപ്പർ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനിൽ നോക്കി മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി സെക്രട്ടറിക്ക് 1 കോടി രൂപ വരെ അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയാണ് ടെലിപ്രോംപ്റ്റർ വാങ്ങുന്നത്. ടെലിപ്രോംപ്റ്ററിനായി കെൽട്രോൺ സമർപ്പിച്ച 6,26,989 രൂപയുടെ പ്രൊപ്പോസലിനാണ് സർക്കാർ അംഗീകാരം നൽകിയത്.

കാബൂൾ: അഫ്ഗാനിസ്താനിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനൊരുങ്ങി താലിബാൻ. ഇതിന്റെ ഭാഗമായി വാർത്താ സ്ഥാപനങ്ങൾക്കെതിരെ ’11 നിയമങ്ങൾ’ അവതരിപ്പിച്ചിരിക്കുകയാണ് താലിബാൻ സർക്കാർ. ഇസ്ലാമിനെക്കുറിച്ച് പരാമർശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാണ് താലിബാന്റെ തീരുമാനം. സർക്കാരിന്റെ മാദ്ധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർത്തകൾ എഴുതാൻ താലിബാൻ മാദ്ധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മാദ്ധ്യമ പ്രവർത്തകർ പോലും താലിബാനെ ഭയപ്പെടുന്നുണ്ടെന്നാണ് വിവരം. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ പുതിയ സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാൻ ഗവൺമെന്റ് ഇൻഫർമേഷൻ മീഡിയ സെന്റർ ഡയറക്ടർ ദാവ ഖാൻ മേനാപാലിനെ ഇത്തരത്തിൽ ഓഗസ്റ്റ് ആദ്യവാരം താലിബാൻ കൊലപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാദ്ധ്യമപ്രവർത്തകൻ തൂഫാൻ ഒമറിനെയും താലിബാൻ ക്രൂരമായി വധിച്ചിരുന്നു.

അതേസമയം താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ സ്വകാര്യ ടിവി ചാനലുകളിലെ ഉള്ളടക്കങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, വിനോദം, സംഗീത പരിപാടികൾ എന്നിവയ്ക്കു പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് സ്വകാര്യ ചാനലുകൾ ഇപ്പോൾ അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്കു മാറേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.

മാദ്ധ്യമപ്രവർത്തകർ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാദ്ധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിർന്ന അംഗം അറിയിച്ചു. അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകരിൽനിന്ന് സഹായം അഭ്യർഥിച്ചു നൂറുകണക്കിന് ഇ-മെയിലുകളാണ് സംഘടനയ്ക്കു ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ടാറ്റാ ട്രസ്റ്റ് ചെയർമാൻ രാത്തൻ ടാറ്റ. വ്യോമസേനയ്ക്കു വേണ്ട ചരക്ക്, യാത്രാ വിമാനങ്ങൾ വാങ്ങാനും ഇന്ത്യയിൽ തന്നെ നിർമിക്കാനുമുള്ള കരാറിൽ ഒപ്പിട്ടതിനാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും അഭിനന്ദിച്ചത്. ധീരമായ നടപടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനുബന്ധ വ്യവസായങ്ങൾക്കും കരാർ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഫ്‌സെറ്റ് പങ്കാളികളായ ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാൻ ഓഫ്‌സെറ്റ് കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സേനയുടെ കാലപ്പഴക്കം ചെന്ന ആവ്രോ വിമാനത്തിന് പകരമാണ് ഇത്. പൂർണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും വടക്ക്, വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തന്ത്രപരമായ എയർലിഫ്റ്റ് ശേഷി വർധിപ്പിക്കാനും ഇവ പ്രയോജനപ്രദമാണ്. രാജ്യത്തെ ഒട്ടേറെ എംഎസ്എംഇകൾ വിമാനഭാഗങ്ങളുടെ നിർമാണത്തിൽ ഏർപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹാംഗറുകൾ, കെട്ടിടങ്ങൾ, ഏപ്രണുകൾ, ടാക്സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് ആക്രമം നടത്താൻ പദ്ധതിയിട്ട് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം. ഉത്സവ സീസണിൽ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാനിലെ നക്യാൽ സെക്ടറിലാണ് ഭീകരർ ക്യാംപ് ചെയ്യുന്നതെന്നാണ് രഹസ്യ വിവരം.

പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയിൽ പ്രവേശിക്കാനാണ് ഭീകരർ പദ്ധതിയിടുന്നത്. നദി കടക്കാൻ ട്യൂബുകളും, വെള്ളത്തിൽ മുങ്ങുമ്പോൾ ഉപരിതലത്തിന് മുകളിൽ നിന്ന് വായു ശ്വസിക്കാൻ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയും പാക് ഭീകര സംഘടനകളുമാണ് ഭീകരർക്ക് പരിശീലനം നൽകുന്നത്. ബോംബ് നിർമ്മാണത്തിൽ ഉൾപ്പെടെ ഭീകരർക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകൾ വഴി സ്‌ഫോടനം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ എത്തിക്കാനാണ് പദ്ധതിയിടുന്നത്. നവരാത്രി, ദീപാവലി ഉത്സവ സീസണുകളിൽ ഇന്ത്യയിൽ വ്യാപക സ്‌ഫോടനങ്ങൾ നടത്താനാണ് ഭീകരസംഘടനകളുടെ പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ലഷ്‌കർ- ഇ തയ്ബ, ഹർക്കത് ഉൾ അൻസാർ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിൽ നിന്നാണ് ഭീകരരുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉൾപ്പെടെയാണ് അനുമതി നൽകിയിരിക്കുന്നത്. ബാറുകൾക്കും ഇളവ് അനുവദിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

ഹോട്ടലുകളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി. അതോടൊപ്പം ബാർ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാർ ഹോട്ടലുകളിലും മൊത്തം ഇരിപ്പിടങ്ങളിൽ പകുതി മാത്രമേ ഉപയോഗിക്കാവു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നും സർക്കാർ അറിയിച്ചു.

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയിൽ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി. സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സുപ്രിംകോടതി അംഗീകാരം വേണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണമാണ് റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അഖിലേന്ത്യാ മെഡിക്കൽ, ദന്തൽ പ്രവേശനത്തിനാണ് കേന്ദ്ര സർക്കാർ സംവരണം നടപ്പാക്കിയത്. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നൽകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500 ഓളം വിദ്യാർത്ഥികൾക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീൻ കത്തോലിക്ക, എസ്ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണം.

സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സംസ്ഥാനത്തെ ഹയർസെക്കന്ററി കോഴ്സുകൾക്ക് 28 ശതമാനം സീറ്റുകളിലും, വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്ക് 30 ശതമാനം സീറ്റുകളിലും സംവരണം നൽകുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 20 ശതമാനം സംവരണമാണ് ലഭിക്കുക. എസ്ഇബിസി വിഭാഗത്തിന് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ 30 ശതമാനവും പ്രൊഫഷണൽ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 9 ശതമാനവും സംവരണം ലഭിക്കുന്നുണ്ട്. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 5 ശതമാനം സംവരണം ആണ് ലഭിക്കുക.

പുണെ: രാജ്യത്ത് ജനന തീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദേശയാത്ര ചെയ്യേണ്ടവർക്ക് വേണ്ടിയാണ് ജനന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. രണ്ട് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത്തരത്തിലുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. വാക്സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതി കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ വാക്സിൻ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വർഷം എന്ന ക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം. അതേലസമയം നിലവിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. വിദേശ യാത്ര നടത്തേണ്ടവർക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ യാത്ര നടത്തേണ്ടവർക്ക് കോവിൻ പോർട്ടലിൽ ജനന തീയതി കൂടി ചേർത്ത ശേഷം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു യുകെയുടെ നിലപാട്. ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് യുകെ അറിയിച്ചിരുന്നത്. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂവെന്നും യുകെ വ്യക്തമാക്കിയിരുന്നു.

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി.എം സുധീരൻ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധീരൻ രാജി വെച്ചത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലമാണ് രാജിയെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും അങ്ങനെ അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന ഒരാളല്ല വി.എം സുധീരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി എം സുധീരന്റെ രാജി തീർത്തും വിഷമമുളള കാര്യമാണ്. കാര്യങ്ങൾ വിശദമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വിഡി സതീശൻ അറിയിച്ചു. അതേസമയം കോൺഗ്രസ് പുന:സംഘടനയെ തുടർന്നുളള അതൃപ്തിയാണ് സുധീരന്റെ രാജിയിലെത്തിയതെന്നാണ് വിവരം. വേണ്ടിവന്നാൽ പ്രതികരിക്കുമെന്നും പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ വിശദമാക്കി. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതികരണം.

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പോലീസ് അച്ഛനേയും മകളെയും അപമാനിച്ച സംഭവത്തിൽ പ്രതിഷേധവുമായി അമ്മ. തന്റെ ഭർത്താവിനും മകൾക്കും നീതി കിട്ടണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസം ആരംഭിച്ചിരിക്കുകയാണ് ഇവർ. പോലീസിന്റെ അന്വേഷണം നീതി പൂർവ്വമല്ലെന്ന് ആരോപിച്ചാണ് അമ്മ ഉപവാസം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെയാണ് തോന്നയ്ക്കൽ സ്വദേശി ജി. ജയചന്ദ്രനും ഭാര്യയും സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.

തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസ് അന്വേഷണത്തിനായി ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചെന്നാണ് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന് ഇതുവരെ ആരും തങ്ങളുടെ അടുക്കലേക്ക് വരകിയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. അന്നത്തെ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മകൾ ഇതുവരെ മോചിതയായിട്ടില്ലെന്നും ഡിജിപിക്ക് 31 ന് പരാതി നൽകിയപ്പോൾ അന്വേഷണം ഏൽപിച്ചുവെന്ന് പറയുന്നതല്ലാതെ കൂടുതൽ അറിയില്ലെന്നും ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 27 ന് ആറ്റിങ്ങലിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഐ.എസ്.ആർ.ഒ.യിലേക്ക് കൂറ്റൻ ചേംബറുകളുമായി പോകുന്ന വാഹനങ്ങൾ കാണാൻ എത്തിയ മൂന്നാം ക്ലാസുകാരിയേയും പിതാവിനെയും പോലീസ് വാഹനത്തിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസർ രജിത പരസ്യമായി വിചാരണ ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിൽ മൊബൈൽ ഫോൺ ഉണ്ടായിരിക്കേയാണ് കുട്ടിയുടെ മേൽ മോഷണക്കുറ്റം ചുമത്തി അപമാനിച്ചത്. സംഭവം വിവാദമായതോടെ രജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപവാസ സമരവുമായി അമ്മ രംഗത്തെത്തിയത്. അതേസമയം സംഭവത്തിൽ പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമ്മിഷനുമായും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാബിനറ്റ് നോട്ട് തയാറാക്കിയത്.

ഇനിമുതല്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണം ലഭിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ‘മൂന്നാം ലിംഗ’ക്കാരായി അംഗീകരിച്ചും അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിന്റെ നടപടി. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 25 പിന്നാക്ക വിഭാഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഒബിസി പട്ടികയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി.രോഹിണി കമ്മിഷന്റെ ശുപാര്‍ശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.