അഫ്ഗാനിസ്താനിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനൊരുങ്ങി താലിബാൻ. ഇതിന്റെ ഭാഗമായി വാർത്താ സ്ഥാപനങ്ങൾക്കെതിരെ ’11 നിയമങ്ങൾ’ അവതരിപ്പിച്ചിരിക്കുകയാണ് താലിബാൻ സർക്കാർ. ഇസ്ലാമിനെക്കുറിച്ച് പരാമർശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാണ് താലിബാന്റെ തീരുമാനം. സർക്കാരിന്റെ മാദ്ധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർത്തകൾ എഴുതാൻ താലിബാൻ മാദ്ധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മാദ്ധ്യമ പ്രവർത്തകർ പോലും താലിബാനെ ഭയപ്പെടുന്നുണ്ടെന്നാണ് വിവരം. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ പുതിയ സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാൻ ഗവൺമെന്റ് ഇൻഫർമേഷൻ മീഡിയ സെന്റർ ഡയറക്ടർ ദാവ ഖാൻ മേനാപാലിനെ ഇത്തരത്തിൽ ഓഗസ്റ്റ് ആദ്യവാരം താലിബാൻ കൊലപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാദ്ധ്യമപ്രവർത്തകൻ തൂഫാൻ ഒമറിനെയും താലിബാൻ ക്രൂരമായി വധിച്ചിരുന്നു.

അതേസമയം താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ സ്വകാര്യ ടിവി ചാനലുകളിലെ ഉള്ളടക്കങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, വിനോദം, സംഗീത പരിപാടികൾ എന്നിവയ്ക്കു പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് സ്വകാര്യ ചാനലുകൾ ഇപ്പോൾ അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്കു മാറേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.

മാദ്ധ്യമപ്രവർത്തകർ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാദ്ധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിർന്ന അംഗം അറിയിച്ചു. അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകരിൽനിന്ന് സഹായം അഭ്യർഥിച്ചു നൂറുകണക്കിന് ഇ-മെയിലുകളാണ് സംഘടനയ്ക്കു ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.