കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി.എം സുധീരൻ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധീരൻ രാജി വെച്ചത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലമാണ് രാജിയെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും അങ്ങനെ അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന ഒരാളല്ല വി.എം സുധീരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വി എം സുധീരന്റെ രാജി തീർത്തും വിഷമമുളള കാര്യമാണ്. കാര്യങ്ങൾ വിശദമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വിഡി സതീശൻ അറിയിച്ചു. അതേസമയം കോൺഗ്രസ് പുന:സംഘടനയെ തുടർന്നുളള അതൃപ്തിയാണ് സുധീരന്റെ രാജിയിലെത്തിയതെന്നാണ് വിവരം. വേണ്ടിവന്നാൽ പ്രതികരിക്കുമെന്നും പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ വിശദമാക്കി. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതികരണം.

