General (Page 1,398)

തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി

കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. സ്‌കൂൾ മാനേജ്‌മെൻറുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും. സ്‌കൂൾ ബസുകൾ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുളളവരെ മാത്രമേ സ്‌കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കാവൂ. സ്‌കൂൾ ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻറെ സഹായവും തേടേണ്ടതാണ്. സ്‌കൂൾ വാഹനങ്ങൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്‌കൂൾ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കൂ.

എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥിരമായി സ്‌കൂളുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും നിർദ്ദേശങ്ങൾ വിലയിരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി: ആരോഗ്യ മന്ത്രിയ്‌ക്കെതിരെ വിമർശനം നടത്തിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഒരു മന്ത്രിയെ വിമർശിക്കാൻ ആവകാശമില്ലാത്ത നാടായി മാറിയിരിക്കുകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ എങ്ങനെയെങ്കിലും കേസിൽപെടുത്തി ജയിലിലടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന കേസെന്നും വീണാ ജോർജ്ജിനെ ഒരു തരത്തിലും അപമാനിച്ചിട്ടില്ലെന്നും പി സി ജോർജ് വിശദമാക്കി. ഒരു സ്ത്രീ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് വീണാ ജോർജ്ജ് എന്ന് പറഞ്ഞിരുന്നു. അതിൽ എന്താണ് ഇത്ര കുറ്റം. സത്യസന്ധമായ കാര്യമല്ലേ പറഞ്ഞത്. കഴിവുകെട്ടത് എന്ന് പറഞ്ഞാൽ അവരുടെ ചാരിത്രം നഷ്ടപ്പെടുമോയെന്ന് പിസി ജോർജ് ചോദിച്ചു. കോവിഡ് പടർന്നു പിടിക്കുമ്പോൾ അത് തടയാനോ എല്ലാവർക്കും വാക്‌സിൻ നൽകാനോ കഴിയാത്ത മന്ത്രി കഴിവു കെട്ടവരല്ലെ. അത് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ കുഴപ്പമായിരിക്കുന്നതെന്നും പി സി ജോർജ് ചോദിക്കുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു മന്ത്രിയെ വിമർശിച്ചതിന് കേസെടുത്ത പൊലീസുകാരനെ വെറുതെ വിടില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീണാ ജോർജ് വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലായിരുന്നു. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് രോഗികൾ വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പിന്റെ വീഴ്ചയ്ക്ക് കാരണം വകുപ്പ് മന്ത്രിയുടെ കഴിവുകേടാണ്. കേരളത്തിൽ തന്നെ പത്തനംതിട്ടയിലായിരുന്നു കൂടുതൽ രോഗികൾ. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും രോഗികൾ കൂടിയിട്ടും അതു തടയാൻ കഴിഞ്ഞില്ലെന്നും പിന്നെ എങ്ങനെ കേരളത്തിൽ മുഴുവനും പ്രതിരോധം തീർക്കുമെന്നും പിസി ജോർജ് ചോദിച്ചു.

കോവിഡ് മരണത്തിലും ആരോഗ്യ വകുപ്പ് മന്ത്രി കള്ളക്കളി നടത്തിയിട്ടുണ്ട്. മരണ സംഖ്യയുടെ യഥാർത്ഥ കണക്കെടുക്കുമ്‌ബോൾ ഏഴായിരത്തോളം പേരുടെ മരണം കൂടി പുറത്തു വരുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു പോലെ നാണംകെട്ട ഒരു സർക്കാരുണ്ടായിട്ടില്ല. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് താൻ പറഞ്ഞതാണ്. എന്നാൽ അതു വകവയ്ക്കാതെ നടത്തി. അതുകൊണ്ട് രോഗികളുടെ എണ്ണം കുതിച്ചു കയറി. ഇതോക്കെ തുറന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നുന്ന വൈരാഗ്യമാണ് തനിക്കെതിരെയുള്ള ഈ നീക്കം. അത് എന്ത് വിലകൊടുത്തും നേരിടുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഷാങ്ഹായ്: ക്രിപ്‌റ്റോ കറൻസി നിരോധിച്ച് ചൈന. ചൈനയിലെ റെഗുലേറ്ററി ബോർഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ക്രിപ്‌റ്റോ കറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമ വിരുദ്ധമാണെന്നാണ് റെഗുലേറ്ററി ബോർഡിന്റെ പ്രഖ്യാപനം. ക്രിപ്‌റ്റോ കറൻസി നിരോധിക്കാനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ക്രിപ്‌റ്റോ കറൻസി നിരോധിക്കാൻ വേണ്ടി ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഇത്തരത്തിലൊരുതീരുമാനം എടുക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

ചൈനയിൽ വൻകിട കമ്പനികൾക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം അതീതമാണ് ഭരണകൂടത്തിന്റെ നിയന്ത്രണം. ക്രിപ്‌റ്റോ കറൻസിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തലുകളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗത കറൻസികൾ പോലെ ക്രിപ്‌റ്റോ കറൻസികൾ വിതരണം ചെയ്യാൻ പാടില്ലെന്നും അവയുടെ അന്താരാഷ്ട്ര വിപണനമടക്കം വിലക്കുന്നതായുമാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ നിലപാട്. ദേശീയ തലത്തിൽ ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും കൗൺസിൽ വിശദമാക്കിയിരുന്നില്ല. ആ സമയം മുതൽ തന്നെ ചൈനയിലെ നിക്ഷേപകർ ക്രിപ്‌റ്റോ കറൻസികൾ വിറ്റഴിക്കാൻ ആരംഭിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്‌റ്റോ കറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനം അറിയിച്ച് റവന്യൂമന്ത്രി കെ.രാജൻ. മീരയുടെ വീട്ടിൽ നേരിട്ടെത്തിയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. വളരെയധികം സന്തോഷം തോന്നുന്ന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരള കേഡറിൽ തന്നെ മീരക്ക് സിവിൽ സർവ്വീസ് ലഭിച്ചിരിക്കുകയാണ്. റവന്യു കുടുംബത്തിലേക്ക് മീരയെ ഏറ്റവും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണ്. മീരയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം മീരയുടെ വീട് സന്ദർശിച്ചു. മീരയ്ക്ക് മന്ത്രി മധുര പലഹാരം നൽകുകയും ചെയ്തു.

കോലഴി, പോട്ടോരിൽ രാംദാസിന്റെയും രാധികയുടെയും മകളാണ് മീര. ബംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് മീരയ്ക്ക് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര സിവിൽ സർവ്വീസിൽ റാങ്ക് നേടിയത്. തൃശൂർ ഗവ.എൻജിനിയറിങ് കോളേജ് 2016 ബാച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ് മീര. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബൈഡൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ വെച്ചാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ച വൻവിജയമായെന്ന് മോദിയും പ്രതികരിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 നായിരുന്നു ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനം, കോവിഡ് വൈറസ് വ്യാപനം, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളിൽ വ്യത്യസ്തമായ ചുവടുകൾ വെച്ച വ്യക്തിയാണ് ജോ ബൈഡനെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഈ വിഷയങ്ങളിലെല്ലാം ചർച്ച നടത്തുമെന്നും പോസിറ്റീവായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായാണ് മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകർന്ന് അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾ. രാജ്യത്ത് തദ്ദേശീയമായി നിർമിച്ച 118 അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾക്ക് പ്രതിരോധ മന്ത്രാലയം ഓർഡർ നൽകി. 7523 കോടി രൂപയാണ് ടാങ്കുകൾ വാങ്ങുന്നതിനുള്ള ചെലവ്. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമാണ് ടാങ്കിന്റെ നിർമ്മാണം. ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിൽ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയാണ് ടാങ്കുകൾ നിർമിക്കുന്നത്. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ 33000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾ വാങ്ങാനുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടത്.

കരസേനയുടെ ഭാഗമായ അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിന്റെ (എംടിബി) പരിഷ്‌കരിച്ച പതിപ്പാണ് അർജുൻ എംകെ-1എ ടാങ്കർ. അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിൽ നിന്നും 14 മാറ്റങ്ങൾ വരുത്തിയും വനീകരണങ്ങേേളാടെയും നിർമ്മിച്ച പുതിയ മോഡൽ ഏതുപ്രതലത്തിലും ഉപയോഗിക്കാൻ കഴിയും. യുദ്ധമുഖത്ത് ടാങ്കറിന്റെ പ്രവർത്തന ശേഷിയും ചലനശേഷിയും ഈടും കരുത്തും വർധിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൃത്യമായ ലക്ഷ്യഭേദകം സാധ്യമാകുന്നതാണ് ടാങ്കിന്റെ മറ്റൊരു സവിശേഷത.

ഓട്ടോ ടാർഗറ്റ് ട്രാക്കർ, റിമോട്ട് കൺട്രോൾഡ് വെപ്പൺ സിസ്റ്റം, എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ, അഡ്വാൻസ്ഡ് ലേസർ വാർണിങ് കൗണ്ടർമെഷർ സിസ്റ്റം, അഡ്വാൻസ്ഡ് ലാൻഡ് നാവിഗേഷൻ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷൻ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങളും അർജുൻ എംകെ-1എ ടാങ്കറിന്റെ പ്രത്യേകതകളാണ്. പുതുതായി ഓർഡർ നൽകിയവയിൽ അഞ്ച് അർജുൻ എംകെ-1എ ടാങ്കുകൾ 30 മാസത്തിനുള്ളിൽ കരസേനയ്ക്ക് ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് ഓരോ വർഷവും 30 ടാങ്കുകൾ വീതം സൈന്യത്തിന്റെ ഭാഗമാകും. ടി-90, ടി-72, അർജുൻ എംകെ-1 എന്നീ ടാങ്കറുകളാണ് നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് കേന്ദ്രമാണ് (സിവിആർഡിഇ) ടാങ്ക് രൂപകൽപ്പന ചെയ്തത്.

തിരുവനന്തപുരം: സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറാണ് സിവിൽ സർവീസിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ജാഗ്രതി അവസ്തി രണ്ടാം സ്ഥാനവും അങ്കിത ജെയിൻ മൂന്നാം സ്ഥാനവും നേടി. ഇത്തവണത്തെ റാങ്ക് പട്ടികയിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്.

തൃശൂർ സ്വദേശിനി കെ മീര ആറാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. തന്റെ നാലാം ഊഴത്തിലാണ് മീര ഈ നേട്ടം സ്വന്തമാക്കിയത്. തൃശൂർ എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മീര. കഠിനപരിശ്രമത്തിലൂടെ ലക്ഷ്യബോധമുള്ള ആർക്കും നേടിയെടുക്കാൻ കഴിയുന്നതാണ് സിവിൽ സർവീസ് എന്ന് മീര പ്രതികരിച്ചു.

കോഴിക്കോട് വടകര സ്വദേശി മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരസ്ഥമാക്കി. മലയാളികളായ കരിഷ്മ നായരാണ് 14 -ാം റാങ്ക് നേടിയത്. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62, പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, മിന്നു 150, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257, അലക്‌സ് എബ്രഹാം 299, തുടങ്ങിയവരാണ് റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.

ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്തകം പരിഷ്‌ക്കരിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇതിനായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനുള്ള പുതിയ പാഠ്യക്രമത്തിന്റെ കരട് ചട്ടക്കൂട് തയ്യാറാക്കാനായി ഐഎസ്ആർഒ മുൻ അധ്യക്ഷൻ കെ കസ്തൂരിരംഗൻ അദ്ധ്യക്ഷനായി 12 അംഗ സമിതിയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്. മൂന്ന് വർഷമാണ് സമിതിയുടെ കാലാവധി. കസ്തൂരിരംഗൻ നയിച്ച സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം 2020 ന്റെ കരട് പദ്ധതി തയ്യാറാക്കിയതും.

2005 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം, അദ്ധ്യാപക പരിശീലനം, നേഴ്‌സറി വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ മേഖലയിൽ നാല് ചട്ടക്കൂടിനാണ് സമിതി രൂപം നൽകുക. ഇതനുസരിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിലും അദ്ധ്യാപകപരിശീലനത്തിലും മാറ്റം വരുത്തും. പാഠ്യപദ്ധതി, പാഠപുസ്തകം, അദ്ധ്യാപക പരിശീലനം എന്നിവയ്ക്ക് രാജ്യത്തിനാകെ ബാധകമായ മാർഗരേഖ തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല.

കർണാടക വിജ്ഞാന കമീഷൻ മെമ്പർ സെക്രട്ടറി എം കെ ശ്രീധർ, ആന്ധ്രപ്രദേശ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ടി വി കട്ടിമണി എന്നിവർ സമിതിയിലുണ്ട്. ഫ്രഞ്ച് വംശജനായ ഇന്ത്യക്കാരൻ മൈക്കിൾ ഡാനിനോ, ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അഖ്തർ, പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റി ചാൻസലർ ജഗ്ബീർ സിങ്, ഗണിതശാസ്ത്രജ്ഞ മഞ്ജു ഭാർഗവ, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ ഗോവിന്ദ് പ്രസാദ് ശർമ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ മഹേഷ് ചന്ദ്ര പാന്ത്, ജമ്മു ഐഐഎം ചെയർമാൻ മിലിന്ദ് കാംബ്ല, സർക്കാരിതര സംഘടനകളെ പ്രതിനിധാനംചെയ്ത് ധിർ ജിങ്രൻ, ശങ്കർ മറുവാഡ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 60,000 കടന്നു. സെൻസെക്‌സ് 325 പോയിന്റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 60,211 ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916 ൽ എത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശ നിരക്ക് ഉയർത്തൽ, ഉത്തേജന പാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാട് നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസമാണ് ഓഹരി വിപണിയിൽ നേട്ടം ഉണ്ടാകാൻ കാരണം. ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുന്നതിനിടെയാണ് ഇന്ത്യൻ ഓഹരി വിപണി കുതിക്കുന്നത്.

ഡൗ ജോൺസ് സൂചിക 1.48 ശതമാനവും എസ്ആൻഡ്പി 500 1.21 ശതമാനവും നേട്ടത്തിലെത്തി. നാസ്ദാക്ക് സൂചിക 1.04 ശതമാനം ഉയർച്ചയുണ്ടായി. അതേസമയം ഭൂരിഭാഗം ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടി മേഖലയിലെ ഓഹരികളിൽ രണ്ട് ശതമാനം വളർച്ചയും, ടെലികോം കമ്പനികളുടെ ഓഹരികളിൽ ഒരു ശതമാനം വർധനവും രേഖപ്പെടുത്തി. വിപ്രോ ഓഹരി എൻഎസ്ഇയിലെ മുൻനിര നേട്ടത്തിലാണ്. കമ്പനിയുടെ ഓഹരി 1.55 ശതമാനം ഉയർന്നു 685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി എന്നിവയുടെ ഓഹരിയിലും വർദ്ധനവ് കാണിക്കുന്നു. അതേസമയം ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എം ആൻഡ് എം, അൾട്രാ സിമന്റ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരത്തിലേറിയതിന് പിന്നാലെ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. അഫ്ഗാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ അറിയിച്ചു. കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകളാണ് അഫ്ഗാനിൽ നടപ്പിലാക്കുന്നത്. താലിബാന്റെ മുതിർന്ന നേതാവായ മുല്ല നൂറുദ്ദീൻ തുറാബിയാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു മുല്ല നൂറുദ്ദീൻ തുറാബിയുടെ പ്രതികരണം. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ നടപ്പിലാക്കിയതിനെതിരെ ലോകവ്യാപകമായി വിമർശനം ഉയർന്നിരുന്നു.

സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ നടപ്പിലാക്കുന്നതിനെ എല്ലാവരും വിമർശിച്ചുവെന്ന് തുറാബി പറഞ്ഞു. പക്ഷേ, അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങൾ എന്താവുമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ലെന്നും തങ്ങൾ ഇസ്ലാം പിന്തുടർന്ന് ഖുറാനിലെ നിയമങ്ങൾ ഉണ്ടാക്കുമെന്നും തുറാബി വ്യക്തമാക്കി.

ആദ്യ തവണ അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയപ്പോൾ നന്മ പ്രചരിപ്പിക്കൽ, തിന്മ തടയൽ മന്ത്രി ആയിരുന്നു തുറാബി. കാബൂളിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് അക്കാലത്ത് ശിക്ഷകൾ നടപ്പാക്കിയിരുന്നത്. ഇത് കാണാൻ നിരവധി ആളുകളും എത്തുമായിരുന്നു. ഇതിനെതിരെ ലോക രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയത്. കൊലപാതകം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയായിരുന്നു താലിബാന്റെ രീതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്, കൊലയാളിയിൽ നിന്ന് പണം വാങ്ങി ശിക്ഷ ഒഴിവാക്കി നൽകാൻ അനുവാദമുണ്ട്. കള്ളന്മാരുടെ കൈകൾ വെട്ടുകയും ഹൈവേ കൊള്ളക്കാരുടെ ഒരു കാലും കയ്യും ഛേദിക്കുകയും ചെയ്യും.