General (Page 1,396)

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രം. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പുതിയ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഈ ബിൽ പ്രാവർത്തികമാകാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ അടുത്തിടെ പ്രഖ്യാപിച്ച എഫ്.പി.ഒ (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 18 ലക്ഷം രൂപ നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

കർഷകൾ അംഗങ്ങളായ സംഘടനയാണ് എഫ്.പി.ഒ (ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ). ചെറുകിട കർഷകർക്ക് വിളവിറക്കുന്നതു മുതൽ വിപണി വരെയുള്ള എല്ലാ പിന്തുണയും സേവനങ്ങളും നൽകുന്ന സംഘടനയാണിത്. സാങ്കേതിക സേവനങ്ങൾ, വിപണനം, സംസ്‌കരണം, കൃഷി വിജ്ഞാനം തുടങ്ങിയ കാര്യങ്ങളിലും സംഘടന സഹായം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് 2019 – 2024 കാലഘട്ടത്തിൽ 10,000 എഫ്.പി.ഒകൾ രൂപീകരിക്കാൻ അംഗീകാരം നൽകിയത്.

കർഷകർക്ക് പുതിയ കാർഷിക ബിസിനസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതി വഴി ലഭിക്കുക. 11 കർഷകർ ചേർന്നായിരിക്കണം ഒരു കമ്പനി ആരംഭിക്കേണ്ടത്. ഉത്പാദന സാങ്കേതികവിദ്യ, മൂല്യവർധന സേവനങ്ങൾ, വിപണനം എന്നിവ പ്രയോഗിക്കാൻ സാമ്പത്തിക ശക്തിയില്ലാത്ത ചെറുകിട- ഇടത്തര കർഷകരെ സഹായത്തിക്കുന്നതിനുള്ള സംഘടനയാണിത്. എഫ്.പി.ഒകളിലൂടെ, കർഷകർക്ക് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ, സാങ്കേതികവിദ്യ, വായ്പ, വരുമാന വർധനയ്ക്കുള്ള കാര്യങ്ങൾ, വിപണി എന്നിവ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് വർഷം തവണകളായാകും കർഷകർക്ക് 18 ലക്ഷം രൂപ ലഭിക്കുക. 6885 കോടി രൂപ പദ്ധതിക്കായി സർക്കാർ ചെലവഴിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും പദ്ധതി പ്രകാരം സഹായം ലഭിക്കും. വൻകിട കുത്തകകളിൽ നിന്നും ഇടിനിലക്കാരിൽനിന്നും എഫ്.പി.ഒ. കർഷകരെ സംരക്ഷിക്കുകയും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യും.

തൃശൂർ: മുതിർന്ന നേതാവ് വി എം സുധീരന്റെ രാജി പിൻവലിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. സുധീരൻ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും കേരളത്തിലെ പൊതു സമൂഹത്തിന്റെ ശബ്ദമാണ് അദ്ദേഹമെന്നുമാണ് കത്തിൽ പറയുന്നത്.

അതേസമയം കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നിൽക്കുകയാണ് വി എം സുധീരൻ. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ സുധീരൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്നായിരുന്നു വി ഡി സതീശനോട് വി എം സുധീരൻ പറഞ്ഞത്.

സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്റ തീരുമാനം. വി എം സുധീരനെ അനുനയിപ്പിക്കാൻ നേതാക്കൾ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടിയും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വി എം സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താനെന്നും സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് കാനഡ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്കേർപ്പെടുത്തിയിരുന്നത്.

സെപ്റ്റംബർ 27 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് പോകാം. അംഗീകൃത ലബോറട്ടറിയിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റായിരിക്കണം.

ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്റ്റംബർ 30 ന് മാത്രമെ പുനരാരംഭിക്കൂ.വെന്നും അധികൃതർ വ്യക്തമാക്കി.

നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്റ്റേഷന് മുകളിലുള്ള എയർപോർട് കണക്ട് ബിൽഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്‌സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുൻ കോവിഡ് നെഗറ്റീവ് പരിശോധനാഫലം വിമാന കമ്പനി അധികൃതരെ കാണിക്കണമെന്നാണ് നിർദ്ദേശം. അതേസമയം നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലവും കാണിക്കാമെന്നും അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് കേന്ദ്രം. സഹകരണ വകുപ്പ് മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്താനാണ് ശ്രമം. നിലവിൽ 65000 ത്തോളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനങ്ങളുമായി സഹകരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ്. 2002 ൽ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി സഹകരണ വകുപ്പിൽ പുതിയൊരു നയം കൊണ്ടുവന്നിരുന്നു. ഇനി മോദി സർക്കാർ പുതിയ നയം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. സഹകാരികൾക്ക് രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാനാവും. രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുന്നതിന്റെ ഭാഗമായുള്ള പരിശ്രമത്തിൽ സഹകാരികൾക്കും ഭാഗമാകാനുണ്ട്. നികുതിയടക്കമുള്ള വിഷയങ്ങളിൽ സഹകാരികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും രാജ്യത്തെ സഹകാരികളോട് നീതികേട് കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേരാണ് ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിൽ നേരിട്ട് പങ്കെടുത്തത്. ഓൺലൈനായി ആറ് കോടി പ്രതിനിധികളും പങ്കുചേർന്നു.

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകൾ. കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കവെ നിർണായക വിവരങ്ങളാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽ നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺവിളികൾ എത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

അതേസമയം കടൽവഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജൻസും എൻ.സി.ബി.യും മുന്നറിയിപ്പ് നൽകിയിരുന്നു. കാക്കനാട് മയക്കുമരുന്നു കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. ട്രിപ്ലിക്കെയിൻ സംഘത്തിന്റെ ഏജന്റുമാരുടെ ഫോൺ നമ്പറുകൾ എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണ സംഘം.

കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലിൽ വാങ്ങാനായി അഡ്വാൻസ് നൽകിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് തർക്കംമൂലം ഈ ഇടപാട് മുടങ്ങി.യിരുന്നു. കോടികൾ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാൽ ത്തന്നെ വലിയ മയക്കുമരുന്ന് ഏർപ്പാട് ഇയാൾ വഴി നടന്നു കാണുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് റേവ് പാർട്ടികൾക്കെതിരേ എക്സൈസും പോലീസും അന്വേഷണം കടുപ്പിച്ചതിനാലാണ് കൊടൈക്കനാൽ ഇയാൾ പാർട്ടിക്കായി തിരഞ്ഞെടുത്തത്. സ്വന്തം എസ്റ്റേറ്റ് വാങ്ങി റേവ് പാർട്ടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി.

ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് എല്ലാവർക്കും ഒരു പാഠമാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ, പാകിസ്താന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യയുടെ ആശങ്കകൾ ലോകം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാര്യമായ രാഷ്ട്രീയ സ്വാധീനമുള്ള എന്നാൽ ഒരു പ്രത്യേക രാജ്യത്തോ സംസ്ഥാനത്തോടോ ബന്ധമില്ലാത്ത സംഘടനകൾക്ക് നിരുത്തരവാദപരമായ രാജ്യങ്ങളിൽ നിന്നുളള സജീവ പിന്തുണയാണ് മേഖലയിലെ പ്രക്ഷുബ്ദതകൾക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരവാദികൾക്കും ഭീകര സംഘടനകൾക്കും ഗ്രൂപ്പുകൾക്കുമുള്ള പാകിസ്താന്റെ സജീവ പിന്തുണയുമായി ബന്ധപ്പെട്ട്, ഇന്ത്യ വളരെക്കാലമായി എന്താണ് ശബ്ദിക്കുന്നതെന്ന തിരിച്ചറിവ് വർദ്ധിച്ചുവരികയാണ്. ഭീകരതയുടെ അസ്ഥിരപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾക്കും അക്രമാസക്തമായ തീവ്ര ശക്തികളുടെ അപകടകരമായ മുൻഗണനയ്ക്കും ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ശക്തികൾ നിയമസാധുത നേടാൻ ശ്രമിക്കുന്നതായും അദ്ദേഹം വിശദമാക്കി.

ഭീകരവാദ ഗ്രൂപ്പുകൾക്ക് പാകിസ്താാൻ നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. അഫ്ഗാനിലെ അടുത്തിടെ ഉണ്ടായ സംഭവങ്ങൾ സംഭവങ്ങൾ നമ്മുടെ ഇക്കാലത്തെ യാഥാർത്ഥ്യത്തെ ഉയർത്തിക്കാട്ടി. ഈ സംഭവങ്ങൾ രാഷ്ട്രീയത്തിന്റെ പങ്കിനെക്കുറിച്ചും രാജ്യത്തിന്റെ ഘടനകളെയും പെരുമാറ്റത്തെയും മാറ്റുന്നതിനുള്ള ഒരു ഉപകരണമായി ഭീകരവാദത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂറിനുള്ളിൽ (Cold ischemia time) ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ നാല് മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂവെന്ന് വീണാ ജോർജ് പറഞ്ഞു.

വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ. എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലൻസ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ ആശുപത്രിയിലും നടത്തിയിരുന്നുവെന്ന് മന്ത്രി വിശദമാക്കി.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമകളാകുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരാനായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി ഉയർന്നു. ഇതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പോലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലിൽ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകൾക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിന്റെ പ്രത്യേക മുഖം ആകാൻ പോലീസിന് കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും തങ്ങൾ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: പ്രവാസിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയുമായി സിപിഎം. സി.പി.എം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരെയാണ് പാർട്ടി നടപടിയെടുത്തത്. പ്രവാസിയെ ഭീഷണിപ്പെടുത്തിയതിന് ബിജുവിനെ സിപിഎം പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

അതേസമയം ബിജു തെറ്റു ചെയ്തിട്ടില്ലെന്നും നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നുമായിരുന്നു സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ബിജുവിനെതിരെ നടപടി സ്വീകരിച്ചത്.

രക്തസാക്ഷി മണ്ഡപത്തിന് പണം സംഭാവന നൽകാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രവാസി നൽകിയ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നാണ് ഏരിയാ കമ്മിറ്റി വ്യക്തമാക്കുന്നത്. രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് സംഭവത്തിൽ ബിജു നൽകിയ വിശദീകരണം.

ന്യൂഡൽഹി: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുമതിയില്ല. ഒക്ടോബർ മാസം വത്തിക്കാനിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ മമത ബാനർജിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ലോക സ,മാധാന സമ്മേളനം ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി, ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ്പ് ഫ്രാൻസിസ്, തുടങ്ങിയവർ മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റ് പ്രതിനിധികൾ ഇല്ലാതെ സമ്മേളനത്തിന് എത്തണമെന്ന് ഇറ്റാലിയൻ സർക്കാർ മമത ബാനർജിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് മമത ലോകസമ്മേളനത്തിൽ പങ്കെടുക്കാൻ പോകാൻ വേണ്ടി അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എന്നാൽ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.

അകേസമയം കേന്ദ്ര നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലി യാത്രക്ക് അനുമതി നൽകാത്തതിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.