ജനന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കും; നടപടി വിദേശ യാത്രികർക്കായി

പുണെ: രാജ്യത്ത് ജനന തീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദേശയാത്ര ചെയ്യേണ്ടവർക്ക് വേണ്ടിയാണ് ജനന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. രണ്ട് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത്തരത്തിലുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. വാക്സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതി കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ വാക്സിൻ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വർഷം എന്ന ക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം. അതേലസമയം നിലവിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. വിദേശ യാത്ര നടത്തേണ്ടവർക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ യാത്ര നടത്തേണ്ടവർക്ക് കോവിൻ പോർട്ടലിൽ ജനന തീയതി കൂടി ചേർത്ത ശേഷം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു യുകെയുടെ നിലപാട്. ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് യുകെ അറിയിച്ചിരുന്നത്. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂവെന്നും യുകെ വ്യക്തമാക്കിയിരുന്നു.