ന്യൂഡൽഹി: രാജ്യത്ത് ആക്രമം നടത്താൻ പദ്ധതിയിട്ട് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം. ഉത്സവ സീസണിൽ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാനിലെ നക്യാൽ സെക്ടറിലാണ് ഭീകരർ ക്യാംപ് ചെയ്യുന്നതെന്നാണ് രഹസ്യ വിവരം.
പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയിൽ പ്രവേശിക്കാനാണ് ഭീകരർ പദ്ധതിയിടുന്നത്. നദി കടക്കാൻ ട്യൂബുകളും, വെള്ളത്തിൽ മുങ്ങുമ്പോൾ ഉപരിതലത്തിന് മുകളിൽ നിന്ന് വായു ശ്വസിക്കാൻ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയും പാക് ഭീകര സംഘടനകളുമാണ് ഭീകരർക്ക് പരിശീലനം നൽകുന്നത്. ബോംബ് നിർമ്മാണത്തിൽ ഉൾപ്പെടെ ഭീകരർക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകൾ വഴി സ്ഫോടനം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ എത്തിക്കാനാണ് പദ്ധതിയിടുന്നത്. നവരാത്രി, ദീപാവലി ഉത്സവ സീസണുകളിൽ ഇന്ത്യയിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനാണ് ഭീകരസംഘടനകളുടെ പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ലഷ്കർ- ഇ തയ്ബ, ഹർക്കത് ഉൾ അൻസാർ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിൽ നിന്നാണ് ഭീകരരുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

