ആറ്റിങ്ങലിൽ പിങ്ക് പോലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവം: സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരവുമായി അമ്മ

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പോലീസ് അച്ഛനേയും മകളെയും അപമാനിച്ച സംഭവത്തിൽ പ്രതിഷേധവുമായി അമ്മ. തന്റെ ഭർത്താവിനും മകൾക്കും നീതി കിട്ടണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസം ആരംഭിച്ചിരിക്കുകയാണ് ഇവർ. പോലീസിന്റെ അന്വേഷണം നീതി പൂർവ്വമല്ലെന്ന് ആരോപിച്ചാണ് അമ്മ ഉപവാസം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെയാണ് തോന്നയ്ക്കൽ സ്വദേശി ജി. ജയചന്ദ്രനും ഭാര്യയും സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.

തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസ് അന്വേഷണത്തിനായി ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചെന്നാണ് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന് ഇതുവരെ ആരും തങ്ങളുടെ അടുക്കലേക്ക് വരകിയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. അന്നത്തെ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മകൾ ഇതുവരെ മോചിതയായിട്ടില്ലെന്നും ഡിജിപിക്ക് 31 ന് പരാതി നൽകിയപ്പോൾ അന്വേഷണം ഏൽപിച്ചുവെന്ന് പറയുന്നതല്ലാതെ കൂടുതൽ അറിയില്ലെന്നും ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 27 ന് ആറ്റിങ്ങലിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഐ.എസ്.ആർ.ഒ.യിലേക്ക് കൂറ്റൻ ചേംബറുകളുമായി പോകുന്ന വാഹനങ്ങൾ കാണാൻ എത്തിയ മൂന്നാം ക്ലാസുകാരിയേയും പിതാവിനെയും പോലീസ് വാഹനത്തിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസർ രജിത പരസ്യമായി വിചാരണ ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിൽ മൊബൈൽ ഫോൺ ഉണ്ടായിരിക്കേയാണ് കുട്ടിയുടെ മേൽ മോഷണക്കുറ്റം ചുമത്തി അപമാനിച്ചത്. സംഭവം വിവാദമായതോടെ രജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപവാസ സമരവുമായി അമ്മ രംഗത്തെത്തിയത്. അതേസമയം സംഭവത്തിൽ പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.