ധീരമായ നടപടി; എയർബേസ് കരാറിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് രത്തൻ ടാറ്റ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ടാറ്റാ ട്രസ്റ്റ് ചെയർമാൻ രാത്തൻ ടാറ്റ. വ്യോമസേനയ്ക്കു വേണ്ട ചരക്ക്, യാത്രാ വിമാനങ്ങൾ വാങ്ങാനും ഇന്ത്യയിൽ തന്നെ നിർമിക്കാനുമുള്ള കരാറിൽ ഒപ്പിട്ടതിനാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും അഭിനന്ദിച്ചത്. ധീരമായ നടപടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനുബന്ധ വ്യവസായങ്ങൾക്കും കരാർ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഫ്‌സെറ്റ് പങ്കാളികളായ ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാൻ ഓഫ്‌സെറ്റ് കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സേനയുടെ കാലപ്പഴക്കം ചെന്ന ആവ്രോ വിമാനത്തിന് പകരമാണ് ഇത്. പൂർണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും വടക്ക്, വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തന്ത്രപരമായ എയർലിഫ്റ്റ് ശേഷി വർധിപ്പിക്കാനും ഇവ പ്രയോജനപ്രദമാണ്. രാജ്യത്തെ ഒട്ടേറെ എംഎസ്എംഇകൾ വിമാനഭാഗങ്ങളുടെ നിർമാണത്തിൽ ഏർപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹാംഗറുകൾ, കെട്ടിടങ്ങൾ, ഏപ്രണുകൾ, ടാക്സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.