General (Page 1,388)

കോഴിക്കോട്: കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിലും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങൾ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് റെസ്റ്റ് ഹൗസ് പരിസരത്തു വൃക്ഷത്തൈ നട്ടുകൊണ്ടാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 14 വിശ്രമകേന്ദ്രങ്ങളാണ് ഹരിതാഭമാക്കുന്നത്. ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിപ്പിന്റെ കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കും. പൊതുജനപങ്കാളിത്തത്തോടെ സർക്കാരിടങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ റസ്റ്റ് ഹൗസുകൾ വൃത്തിയായും ഹരിതാഭമായും എല്ലാകാലത്തും നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള ഇടങ്ങൾ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നെന്നും നോഡൽ ഓഫീസറെ തീരുമാനിച്ചതായും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആദ്യപടിയായി ജില്ലയിലുൾപ്പടെ 32 റെസ്റ്റ് ഹൗസുകൾ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾളെ കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ വെളുപ്പെടുത്തി. പിആർ പണിയല്ല കഠിനാധ്വാനമാണ് ജനങ്ങൾക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ ഇടനാഴിയിൽ നിന്നല്ല ദാരിദ്ര്യത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം വിശദമാക്കി.

ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മർദം മൂലമാണ് രാഷ്ട്രീയത്തിലെത്തിയത്. ഏഴു വർഷത്തെ ഭരണനേട്ടങ്ങൾക്ക് അടിസ്ഥാനം ജനങ്ങളും സർക്കാരും തമ്മിലെ പരസ്പര വിശ്വാസമാണ്. ആദ്യ ഘട്ടത്തിൽ തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ലാതിരുന്നു. അവിടെ തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് കരുതിയിരുന്നത്. എന്റെ ആശയം ചെറുപ്പകാലം മുതൽ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എപ്പോഴും പ്രചോദനമായിരുന്നു. അവരാണ് എനിക്ക് പ്രേരക ശക്തിയായി വർത്തിച്ചതെന്നും ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭരണാധികാരിയായി തികച്ചും അനിയന്ത്രിതമായ ഒരു ലോകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യങ്ങൾ ഉരുത്തിരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും. തനിക്ക് ഉള്ള അതേ കഴിവുകൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ താൻ നേടിയത് ആർക്കും നേടാം. കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയിൽ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നൽകുന്നതും തന്റെ അടിസ്ഥാനപരമായ വാസനയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ ചെറുപ്പക്കാർക്കും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റാൻ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് പറയുന്നത്. അതാണ് ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. തനിക്ക് ഏറ്റവും തൃപ്തിയുണ്ടായ സമയം വളരെ കുറവാണ്. എന്നാൽ അടുത്തിടെ ഒളിമ്പിക്സ് താരങ്ങൾ മെഡലുമായി എത്തി സംവദിച്ചപ്പോൾ അവസരങ്ങളെ കുറിച്ച് ആലോചിച്ചു. മുൻപ് അവർ പരാതികൾ പറഞ്ഞിരുന്നത് സൗകര്യങ്ങളുടെ അഭാവത്തെ കുറച്ചാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് മെഡൽ നേടാനാകാത്ത മറ്റ് കാരണങ്ങളെ കുറിച്ചാണ്. രാജ്യം നൽകുന്ന സൗകര്യങ്ങളെ കുറിച്ച് അവർക്ക് പരാതിയില്ല. അത് വലിയ മാറ്റമാണ്. ഇത് വരും നാളുകളിൽ രാജ്യത്തിലേക്ക് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ കാരണമാകുമെന്നും കായികതാരങ്ങൾ പറയുന്നു. അവർ നിസഹായരായി നിന്ന കാര്യങ്ങളിൽ രാജ്യം ശ്രദ്ധ പുലർത്തുന്നുണ്ട്. മെഡലുകൾ നേടാൻ അവർ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അവർ പറയുന്നു. ഇത്, ഈ പ്രതീക്ഷയുള്ള മാറ്റം തൃപ്തികരമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷികരംഗത്ത് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാർ കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ സർക്കാർ അത് നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വ്യാപകമായി വ്യാജ പ്രചാരണം നടത്തി. കാർഷിക നിയമങ്ങളിൽ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വൻകിട മുതലാളിമാർക്ക് വായ്പ നൽകി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളിവിട്ടവർ, തന്റെ സർക്കാർ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനെ പരിഹസിക്കുകയാണ്. ചെയ്യുന്നത്. കാര്യങ്ങൾ വിശദമായി പഠിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമർശനം ഉന്നയിക്കേണ്ടത്. കോവിഡ് മറ്റുരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം ആരംഭിച്ചിരുന്നു. വിമർശകരെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ വിമർശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകൾ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഓരോ ധാരണകളുടെ അടിസ്ഥാനത്തിൽ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാൽ വിമർശനം ഉന്നയിക്കുന്നതിനു മുമ്പ് ഒരാൾ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമർശനം ഉന്നയിക്കുന്ന വിഷയത്തിൽ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തിൽ പലർക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും തനിക്ക് വിമർശകരെ നഷ്ടപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. വാക്‌സിനേഷൻ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കൽ, മറ്റുപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം വൻ വിജയമാക്കിയവരുടെ പരിശ്രമങ്ങൾ ജനങ്ങളെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് ഇനിയും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിൽനിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. 2020 മെയ് മാസത്തിലാണ് വാക്‌സിനേഷൻ ദൗത്യം സംബന്ധിച്ച ആലോചനകൾ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്‌സിൻ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ കുത്തിവെക്കാൻ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു. വാക്‌സിനേഷൻ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. എല്ലാവർക്കും ശരിയായ സമയത്ത് ശരിയായ വാക്‌സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവൻ സാഹചര്യം കണക്കിലെടുക്കാൽ, പല വികസ്വര രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ വാക്‌സിനേഷൻ ദൗത്യം ദൗത്യം നടപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് മനസിലാക്കാൻ കഴിയും. എന്നാൽ രാജ്യത്തിന് സത്‌പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാൽ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ നമുക്ക് കോവിഡിനെ നേരിടാൻ കഴിഞ്ഞുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച വിഷയത്തിൽ മുസ്ലീം ലീഗിന് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന് ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണെന്ന മുസ്ലിം ലീഗിന്റെ വിമർശനം സദുദ്ദേശ്യത്തോടെയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്നും അദ്ദേഹം പറഞ്ഞു.

ഖദറിട്ട് നടന്നാൽ പോര, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടു കൂടി ചെയ്യണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തകർ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നവരാവണം. സംഘടനാ തലത്തിൽ വരുന്ന പുതിയ രീതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രവർത്തക സമിതിയിലാണു മുസ്ലിം ലീഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമീപകാലത്തുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനെന്ന വിമർശനമാണ് ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പാല ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോൺഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ അതു ബാധിക്കുക യുഡിഎഫിനെ ആകെയാണെന്നും മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിലയിരുത്തി. അതേസമയം കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രവർത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആ കെടുകാര്യസ്ഥത മറച്ചുവെക്കാൻ മനഃപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രൺദീപ് സുർജെവാലയും പറയുന്ന എം.എൽ.എമാരുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകളുടെ തമാശ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അമരീന്ദർ സിംഗിന്റെ പരാമർശങ്ങൾ. പഞ്ചാബ് കോൺഗ്രസിലെ 79 എം.എൽ.എമാരിൽ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്നായിരുന്നു രൺദീപ് സുർജെവാലയുടെ അവകാശവാദം. ഇതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് പരിഹാസവുമായി രംഗത്തെത്തിയത്.

43 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയെന്നാണ് കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയിൽ പറഞ്ഞതെന്നും ഇപ്പോൾ തോന്നുന്നത് നവ്ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. 117 എം.എൽ.എമാരും തനിക്കെതിരെ കത്തെഴുതിയെന്ന് അടുത്ത തവണ അവർ അവകാശപ്പെടുമെന്നും അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി.

ഇതാണ് പാർട്ടിയിലെ സ്ഥിതി. അവരുടെ നുണകൾ പോലും അവർക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്. വലിയൊരു വിഭാഗം മുതിർന്ന നേതാക്കളും പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് മോഹനിദ്രയിലാണെന്നും ഭീഷണിക്ക് വഴങ്ങിയാണ് 43 എം.എൽ.എമാർ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ തുറക്കുന്നതിനു മുൻപ് പരിശീലനം നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുന്നത്തിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ചർച്ച തുടരുകയാണ്. അദ്ധ്യാപക സംഘടനകളുമായി നടന്ന ചർച്ചയ്ക്ക് ശേഷം വിദ്യാർത്ഥി സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും മന്ത്രി ചർച്ച നടത്തി. 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ വിദ്യാർത്ഥി, തൊഴിലാളി സംഘടനകൾ സ്‌കൂൾ തുറക്കുന്ന തീരുമാനത്തിന് പിന്തുണ അറിയിച്ചു. സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനം സ്‌കൂളുകളിലേക്ക് ഉപയോഗപ്പെടുത്തുമെന്നും ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വിശദമാക്കി.

പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിടിഎ പുനഃസംഘടിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും പിടിഎ ഫണ്ട് ഉപയോഗിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മേയർമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായും മന്ത്രി ഇന്ന് ചർച്ച നടത്തി. തദ്ദേശ ഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ചുമതലകളും സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.

ന്യുഡൽഹി: 2019-ൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതിനു ശേഷം അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജൽ ജീവൻ മിഷൻ പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീസമിതികളുമായും ഗ്രാമ ജല, ശുചിത്വ സമിതികളുമായും നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എഴുപത് വർഷം ചെയ്തതിനെക്കാൾ കൂടുതൽ കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ചെയ്യാനായെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 2019 വരെ നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാൽ 2019-ൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതിനു ശേഷം അഞ്ച് കോടി കുടുംബങ്ങൾക്ക് ജല കണക്ഷൻ നൽകി. നിലവിൽ രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാൾ കൂടുതൽ ജോലി ‘ഇന്നത്തെ ഇന്ത്യ’ രണ്ട് വർഷത്തിനുള്ളിൽ ചെയ്തുവെന്ന് അദ്ദേഹം വിശദമാക്കി.

2019 ഓഗസ്റ്റ് 15-നാണ് നരേന്ദ്ര മോദി ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് പരിഷ്‌ക്കരണങ്ങൾ. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി എ.ഡി.ജി.പി പൊലിസ് ട്രെയിനിങ് ആയി നിയമിച്ചു. പുതുതായി ട്രെയിനിങ് എഡിജിപി എക്സ് കേഡർ പോസ്റ്റ് സൃഷ്ടിച്ചാണ് യോഗേഷ് ഗുപ്തയുടെ നിയമനം. ഈ പോസ്റ്റ് പദവിയിലും ഉത്തരവാദിത്വത്തിലും എഡിജിപി ഹെഡ്ക്വാർട്ടേഴ്‌സിന് തുല്യമായിരിക്കുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ് ശ്യാംസുന്ദറിനെയാണ് ആണ് പുതിയ ബെവ്കോ എം.ഡിയായി നിയമിച്ചിരിക്കുന്നത്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. പകരമായി ചൈത്രയ്ക്ക് റെയിൽവേ എസ്പിയായി നിയമനം നൽകി. ഓപ്പറേഷൻസ് എസ്പിയുടെ അധിക ചുമതലയും ചൈത്ര തെരേസ ജോണിന് ഉണ്ടാവും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പിയായി ഷൗക്കത്തലിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഷൗക്കത്തലിക്ക് കേന്ദ്രസർക്കാർ ഐപിഎസ് കൺഫർ ചെയ്തത്. ടിപി വധക്കേസിലെ മുഖ്യ അന്വേഷകനായിരുന്ന ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. കനകമല കേസിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഡിപ്ലമാറ്റിക് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് ഷൗക്കത്തലി.

അസേമയം രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥനാണ് രാഹുൽ. കെഎപി രണ്ടാം ബറ്റാലിയൻ കമാന്റന്റ് ആനന്ദ് ആറിനെ ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ ഐജിയായി നിയമിച്ചു. കൽപ്പറ്റ ജോയിന്റ് എസ്പി അജിത് കുമാറിന് ആനന്ദിന് പകരം കെഎപി രണ്ടാം ബറ്റാലിയന്റെ ചുമതലയും നൽകി.

പുതുതായി ഐ.പി.എസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകിയിട്ടുണ്ട്. ടെലികോം സൂപ്രണ്ടായി ആമോസ് മാനെ നിയമിച്ചു. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫെയേഴ്സ അസിസ്റ്റന്റ് ഐജിയായിമോഹനനൻ ഡിയ്ക്ക് നിമയനം നൽകി.

ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായി കുര്യാക്കോസ് വി.യുവിനെ നിയമിച്ചു. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായി ശശിധരൻ എസിനെയും എറണാകുളം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി രമേഷ് കുമാർ പിഎന്നിനെയും നിയമിച്ചു. കോഴിക്കോട് റേഞ്ച് സ്റ്റേറ്റ് സ്പഷ്യൽ ബ്രാഞ്ച് എസ്പിയായി സുനിൽ എംഎല്ലിന് നിയമനം നൽകി.

ന്യൂഡൽഹി: അധികാരസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ എപ്പോഴും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമായിരിക്കുമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയിൽ തന്നെ തുടരുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വന്നത്.

മുൻ മുഖ്യമന്ത്രിയും പാർട്ടിക്കുള്ളിലെ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദർ സിംഗ് കോൺഗ്രസ് വിടാനും ബി ജെ പിയുമായി കൂടുതൽ അടുക്കുന്നതുമായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടുമുള്ള തന്റെ സമീപനം സിദ്ദു വ്യക്തമാക്കിയിരിക്കുന്നത്.

ഗാന്ധിജിയുടേയും ശാസ്ത്രിജിയുടേയും മൂല്യങ്ങൾ എന്നെന്നും ഉയർത്തിപിടിക്കും. അധികാരസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കും. വിരുദ്ധ ശക്തികൾ തന്നെ എത്ര പരാജയപ്പെടുത്താൻ ശ്രമിച്ചാലും അതിനെ എല്ലാം പോസിറ്റീവ് ശക്തി കൊണ്ട് മറിക്കടക്കുമെന്നുമാണ് സിദ്ദു പറയുന്നത്. വിട്ടുവീഴ്ച ചെയ്യുന്നത് വ്യക്തിത്വത്തിനെ പരാജയമാണെന്ന് കാണിച്ചാണ് സിദ്ദു സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെയും സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. സിദ്ദു സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

കവരത്തി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ലക്ഷ്ദ്വീപ്. ആദ്യമായി ലക്ഷദ്വീപിൽ ഗാന്ധിപ്രതിമ ഉയർന്നു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് ഗാന്ധി പ്രതിമ ലക്ഷദ്വീപിന് സമർപ്പിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, എംപി മുഹമ്മദ് ഫൈസൽ, കലക്ടർ അസ്‌കർ അലി, ലക്ഷദ്വീപിലെ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ആറ് അടി ഉയരമുള്ള മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ കവരത്തിയിലെ കവാഡ പ്രദേശമായ ജെട്ടി ഭാഗത്താണ് സ്ഥാപിച്ചത്. ഗാന്ധി സ്‌ക്വയർ എന്ന പേരിലായിരിക്കും കവരത്തി ദ്വീപിലെ ഈ പ്രദേശം ഇനി മുതൽ അറിയപ്പെടുക. ഗാന്ധി പ്രതിമയുടെ അനാച്ഛാദന ചടങ്ങിന് ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ദ്വീപ് നിവാസികളെ അഭിസംബോധന ചെയ്തു.

ലക്ഷദ്വീപിന്റെ നാടൻ കലാകാരന്മാർ പരിചക്കളിയുമായാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ വരവേറ്റത്. വിദ്യാർത്ഥികളും നാട്ടുകാരും ദേശീയ പതാകയേന്തി അദ്ദേഹം വരുന്ന റോഡിന്റെ ഇരുവശങ്ങളിലും അണിനിരക്കുകയും കേന്ദ്രമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ലക്ഷദ്വീപിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ ദ്വീപിലെ വിധ്വംസക പ്രവർത്തകർ നേരത്തെ അനുവദിച്ചിരുന്നില്ല. ഒരു വ്യക്തിയുടെ ഓർമ്മക്ക് വേണ്ടി പ്രതിമ നിർമ്മിച്ചു അതിൽ പുഷ്പാർച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെൻസിറ്റിവിറ്റി പ്രകാരം ശിർകും ശരിയത്ത് നിയമം അനുവദിക്കാത്തതുമാണെന്നാണ് പ്രതിമ സ്ഥാപിക്കുന്നതിന് തടസമായി ഇവർ പറഞ്ഞിരുന്നത്.

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എപ്പോൾ വേണെമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിന്റെ ഏതു ഭാഗത്താണ് ഭേദഗതി വേണ്ടതെന്ന് വ്യക്തമാക്കിയാൽ ആ നിലയിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുൻപ് നടന്ന ചർച്ചകളിൽ അതേക്കുറിച്ച് വ്യക്തമായ നിർദ്ദേശം ഉയർന്നു വന്നിരുന്നില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. കർഷക സമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യം. വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോവിഡ് വൈറസ് മഹാമാരിയെ തടയാനായി രാജ്യത്ത് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും വാക്സിനേഷനിലെ പുരോഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാക്സിൻ എന്താണെന്ന് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ഗവേഷണവും ഉത്പാദനവും ആരംഭിച്ചത്. വാക്സിനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന തരത്തിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായെന്നും ലോകരാജ്യങ്ങളെല്ലാം കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ മാത്രം കോവിഡ് പ്രതിരോധത്തിൽ പിന്നോക്കാം പോയെന്ന തരത്തിൽ സ്ഥാപിച്ചെടുക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.