ചരിത്ര മുഹൂർത്തം; ആദ്യമായി ലക്ഷദ്വീപിൽ ഗാന്ധിപ്രതിമ ഉയർന്നു

കവരത്തി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ലക്ഷ്ദ്വീപ്. ആദ്യമായി ലക്ഷദ്വീപിൽ ഗാന്ധിപ്രതിമ ഉയർന്നു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് ഗാന്ധി പ്രതിമ ലക്ഷദ്വീപിന് സമർപ്പിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, എംപി മുഹമ്മദ് ഫൈസൽ, കലക്ടർ അസ്‌കർ അലി, ലക്ഷദ്വീപിലെ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ആറ് അടി ഉയരമുള്ള മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ കവരത്തിയിലെ കവാഡ പ്രദേശമായ ജെട്ടി ഭാഗത്താണ് സ്ഥാപിച്ചത്. ഗാന്ധി സ്‌ക്വയർ എന്ന പേരിലായിരിക്കും കവരത്തി ദ്വീപിലെ ഈ പ്രദേശം ഇനി മുതൽ അറിയപ്പെടുക. ഗാന്ധി പ്രതിമയുടെ അനാച്ഛാദന ചടങ്ങിന് ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ദ്വീപ് നിവാസികളെ അഭിസംബോധന ചെയ്തു.

ലക്ഷദ്വീപിന്റെ നാടൻ കലാകാരന്മാർ പരിചക്കളിയുമായാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ വരവേറ്റത്. വിദ്യാർത്ഥികളും നാട്ടുകാരും ദേശീയ പതാകയേന്തി അദ്ദേഹം വരുന്ന റോഡിന്റെ ഇരുവശങ്ങളിലും അണിനിരക്കുകയും കേന്ദ്രമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ലക്ഷദ്വീപിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ ദ്വീപിലെ വിധ്വംസക പ്രവർത്തകർ നേരത്തെ അനുവദിച്ചിരുന്നില്ല. ഒരു വ്യക്തിയുടെ ഓർമ്മക്ക് വേണ്ടി പ്രതിമ നിർമ്മിച്ചു അതിൽ പുഷ്പാർച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെൻസിറ്റിവിറ്റി പ്രകാരം ശിർകും ശരിയത്ത് നിയമം അനുവദിക്കാത്തതുമാണെന്നാണ് പ്രതിമ സ്ഥാപിക്കുന്നതിന് തടസമായി ഇവർ പറഞ്ഞിരുന്നത്.