ന്യൂഡൽഹി: അധികാരസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ എപ്പോഴും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമായിരിക്കുമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയിൽ തന്നെ തുടരുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വന്നത്.
മുൻ മുഖ്യമന്ത്രിയും പാർട്ടിക്കുള്ളിലെ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദർ സിംഗ് കോൺഗ്രസ് വിടാനും ബി ജെ പിയുമായി കൂടുതൽ അടുക്കുന്നതുമായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടുമുള്ള തന്റെ സമീപനം സിദ്ദു വ്യക്തമാക്കിയിരിക്കുന്നത്.
ഗാന്ധിജിയുടേയും ശാസ്ത്രിജിയുടേയും മൂല്യങ്ങൾ എന്നെന്നും ഉയർത്തിപിടിക്കും. അധികാരസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കും. വിരുദ്ധ ശക്തികൾ തന്നെ എത്ര പരാജയപ്പെടുത്താൻ ശ്രമിച്ചാലും അതിനെ എല്ലാം പോസിറ്റീവ് ശക്തി കൊണ്ട് മറിക്കടക്കുമെന്നുമാണ് സിദ്ദു പറയുന്നത്. വിട്ടുവീഴ്ച ചെയ്യുന്നത് വ്യക്തിത്വത്തിനെ പരാജയമാണെന്ന് കാണിച്ചാണ് സിദ്ദു സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെയും സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. സിദ്ദു സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

