സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് പരിഷ്‌ക്കരണങ്ങൾ; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പിയായി ഷൗക്കത്തലിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് പരിഷ്‌ക്കരണങ്ങൾ. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി എ.ഡി.ജി.പി പൊലിസ് ട്രെയിനിങ് ആയി നിയമിച്ചു. പുതുതായി ട്രെയിനിങ് എഡിജിപി എക്സ് കേഡർ പോസ്റ്റ് സൃഷ്ടിച്ചാണ് യോഗേഷ് ഗുപ്തയുടെ നിയമനം. ഈ പോസ്റ്റ് പദവിയിലും ഉത്തരവാദിത്വത്തിലും എഡിജിപി ഹെഡ്ക്വാർട്ടേഴ്‌സിന് തുല്യമായിരിക്കുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ് ശ്യാംസുന്ദറിനെയാണ് ആണ് പുതിയ ബെവ്കോ എം.ഡിയായി നിയമിച്ചിരിക്കുന്നത്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. പകരമായി ചൈത്രയ്ക്ക് റെയിൽവേ എസ്പിയായി നിയമനം നൽകി. ഓപ്പറേഷൻസ് എസ്പിയുടെ അധിക ചുമതലയും ചൈത്ര തെരേസ ജോണിന് ഉണ്ടാവും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പിയായി ഷൗക്കത്തലിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഷൗക്കത്തലിക്ക് കേന്ദ്രസർക്കാർ ഐപിഎസ് കൺഫർ ചെയ്തത്. ടിപി വധക്കേസിലെ മുഖ്യ അന്വേഷകനായിരുന്ന ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. കനകമല കേസിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഡിപ്ലമാറ്റിക് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് ഷൗക്കത്തലി.

അസേമയം രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥനാണ് രാഹുൽ. കെഎപി രണ്ടാം ബറ്റാലിയൻ കമാന്റന്റ് ആനന്ദ് ആറിനെ ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ ഐജിയായി നിയമിച്ചു. കൽപ്പറ്റ ജോയിന്റ് എസ്പി അജിത് കുമാറിന് ആനന്ദിന് പകരം കെഎപി രണ്ടാം ബറ്റാലിയന്റെ ചുമതലയും നൽകി.

പുതുതായി ഐ.പി.എസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകിയിട്ടുണ്ട്. ടെലികോം സൂപ്രണ്ടായി ആമോസ് മാനെ നിയമിച്ചു. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫെയേഴ്സ അസിസ്റ്റന്റ് ഐജിയായിമോഹനനൻ ഡിയ്ക്ക് നിമയനം നൽകി.

ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായി കുര്യാക്കോസ് വി.യുവിനെ നിയമിച്ചു. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായി ശശിധരൻ എസിനെയും എറണാകുളം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി രമേഷ് കുമാർ പിഎന്നിനെയും നിയമിച്ചു. കോഴിക്കോട് റേഞ്ച് സ്റ്റേറ്റ് സ്പഷ്യൽ ബ്രാഞ്ച് എസ്പിയായി സുനിൽ എംഎല്ലിന് നിയമനം നൽകി.