General (Page 1,389)

തിരുവനന്തപുരം: പ്രണയ നൈരാശ്യവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണം നൽകി കേരളാ പോലീസ്. ദോഷകരമായ ബന്ധത്തിൽ നിന്നും എങ്ങനെ പിന്തിരിയാം, പ്രണയ നൈരാശ്യത്തെ എങ്ങനെ അതിജീവിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പോലീസ് ബോധവത്കരണം നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പോലീസ് ഇക്കാര്യം അറിയിച്ചത്.

പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും. ഇതൊന്നും പ്രണയമല്ലെന്ന് അറിയണമെന്ന് പോലീസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും.

അറിയണം ഇതൊന്നും പ്രണയമല്ല:

  • എന്റെ ഇഷ്ടത്തിനനുസരിച്ച് മാത്രം പെരുമാറിയാൽ മതി എന്ന വാശി.
  • അനുസരിച്ചില്ലെങ്കിൽ വൈകാരികമായ ബ്ലാക്ക്‌മെയിലിംഗ്

എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം.

  • ഫോണിലെ കോൾലിസ്റ്റ്, മെസ്സേജുകൾ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നത്.
  • എല്ലാ ബന്ധങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി അകറ്റി നിർത്തിയതിനുശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവർ.
  • നീ പോയാൽ ഞാൻ ചത്തുകളയും, എന്നെ കൈവിട്ടാൽ നിന്നെ കൊല്ലും എന്ന പറച്ചിലുകൾ.
  • ശരീരത്തിൽ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കുന്നത്.

ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിൻതിരിയാം:

*ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ ഉടനടി മനഃശാസ്ത്രപരമായ സഹായം തേടുക.

  • അങ്ങനെയുള്ള ബന്ധങ്ങളെ മനസ്സിലാക്കി ഉൾക്കൊള്ളുക. അല്ലെങ്കിൽ അത് നിങ്ങളുടെ തന്നെ ജീവിതം നഷ്ടമാക്കിയേക്കാം.
  • പ്രശ്‌നക്കാരായ പങ്കാളികളിൽ നിന്ന് നയപരമായി പിൻവാങ്ങുക.
  • അവർ അമിതമായി ദേഷ്യം ഉള്ളവരാണെങ്കിൽ ബന്ധത്തിൽ നിന്നും പിൻവാങ്ങുന്ന വിവരം ഫോൺ മുഖേനയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ അറിയിക്കുക.
  • വിശ്വസ്തരായവരുടെ സഹായം തേടുകയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുകയും ചെയ്യുക.
  • അവരുമായി തർക്കിക്കുകയോ അവരെ പ്രകോപിപ്പിക്കുകയോ ചെയ്യാതിരിക്കുക.
  • തെറ്റായ പ്രതീക്ഷകൾ അവർക്ക് നൽകാതിരിക്കുക.
  • എത്ര തന്നെ നിർബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടികാഴ്ച്ചകൾ ഒഴിവാക്കുക.
  • അവർ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അവരോടൊപ്പം ഒരു ജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ശാന്തമായി മനസ്സിലാക്കി കൊടുക്കുക.
  • നല്ല ബന്ധത്തിലായിരുന്നപ്പോൾ എടുത്ത സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാൽ ഭീഷണിക്കു വഴങ്ങാതിരിക്കുക. അത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുത്താൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയേയുള്ളു.
  • ഭീഷണിപ്പെടുത്തിയാൽ, അവരുടെ പ്രവൃത്തികൾ വലിയ പ്രശ്‌നങ്ങളിൽ ചെന്ന് അവസാനിക്കുമെന്നും കുടുംബബന്ധങ്ങളെ വരെ അത് ബാധിക്കുമെന്നും ശാന്തമായി പറഞ്ഞു മനസ്സിലാക്കുക.
  • ഭീഷണി തുടരുകയാണെങ്കിൽ പോലീസിന്റെ സഹായം തേടുക. (ഹെൽപ്ലൈൻ നമ്പറുകൾ ശ്രദ്ധിക്കുക)
  • നിങ്ങൾക്കു ചുറ്റുമുള്ളവരുടെ പിന്തുണ തേടുക എന്നതാണ് ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ കാര്യം.
    പ്രണയ നൈരാശ്യം -: അതിജീവനം
  • പ്രണയബന്ധങ്ങൾ മനോഹരമാണ്. പക്ഷെ ചില സാഹചര്യങ്ങൾ മൂലം അത് അവസാനിച്ചേക്കാം.
    ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കുക, ഉൾക്കൊള്ളുക അതിൽ നിന്നും പുറത്ത് വരാനുള്ള സാവകാശം സ്വയം നൽകുക.
  • ഈ സാഹചര്യവും കടന്ന് പോകുമെന്ന് വിശ്വസിക്കുക.
  • സ്വയം കുറ്റപ്പെടുത്തുകയോ കഴിഞ്ഞ കാര്യങ്ങളെ ഓർത്ത് വിഷമിക്കുകയോ ചെയ്യരുത്.
  • സ്വയം ശക്തരാകുവാൻ ശ്രമിച്ച് കൊണ്ടിരിക്കുക. നിങ്ങളുടെ ഗുണങ്ങളിലും,കഴിവുകളിലും വിശ്വസിക്കുക. അതിനായി നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളുമായി മനസ്സ് തുറക്കുക.
  • നന്നായി ജീവിക്കുക എന്നതാണ് സ്വയം നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.
    പ്രണയബന്ധത്തിൻറെ തകർച്ചയിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ വിലയേറിയ പലതും നിങ്ങൾക്ക് നഷ്ടമായേക്കാം.
  • പ്രണയനൈരാശ്യത്തിൽ സോഷ്യൽ മീഡിയയിൽ അവരെ പിന്തുടരാതിരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം.
  • മനസ്സ് സ്വയം ശാന്തമാക്കിയതിന് ശേഷം അവരോട് ക്ഷമിക്കുക. അവരെ സ്വയം ജീവിതം നയിക്കാൻ അനുവദിക്കുക.
  • നിങ്ങൾ എപ്പോഴും സുഹൃത്ബന്ധങ്ങളിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലും കൂടുതൽ സമയം വിനിയോഗിക്കുക.
  • ആ വ്യക്തിയുമായി യാതൊരുവിധ ബന്ധത്തിനും മുതിരാതിരിക്കുക. അത്തരം സാഹചര്യങ്ങൾ നിങ്ങളുടെ മുറിവിനെ വ്രണപ്പെടുത്താൻ ഇടയാക്കാം.
  • കുറച്ചു നാളുകൾ അവരുമായി സമ്പർക്കമില്ലാത്തപ്പോൾ നിങ്ങളുടെ വേദന കുറയുകയും മനസ്സിനെ മറ്റുളള കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധിക്കും.
  • പ്രണയനൈരാശ്യത്തിന് ശേഷം നിങ്ങൾക്കുണ്ടായ മാനസിക വിഷമത്തിൽ നിന്നും മുക്തി നേടാനായി ഉടൻ തന്നെ മറ്റൊരു ബന്ധത്തിലേക്ക് പോകാതിരിക്കുക. ശരിയായ തീരുമാനം എടുക്കാൻ മനസ്സ് പാകമാകുന്നത് വരെ കാത്തിരിക്കുക.
  • മനസ്സിന്റെ വേദന കുറയ്ക്കാൻ വേണ്ടി ഒരിക്കലും യാതൊരു വിധ ലഹരിക്കും അടിമപ്പെടരുത്. നിങ്ങൾക്ക് മുന്നിൽ അതിമനോഹരമായ ഒരു ജീവിതമുണ്ട്.

രക്ഷിതാക്കളോട്..

  • നിങ്ങളുടെ കുട്ടികളെ ചേർത്തുപിടിക്കുക.
  • അവരെ വിലയിരുത്താതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക.
  • അവർ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ്. അവരോടൊപ്പം നിൽക്കുക.
  • ഒരു അപകടത്തിനു ശേഷം അവരുടെ മുറിവുണങ്ങാൻ എങ്ങനെയാണോ നിങ്ങൾ സഹായിക്കുന്നത്, അതുപോലെ അവരുടെ മനസ്സിനേറ്റ മുറിവിനെയും സുഖപ്പെടുത്താൻ അവരെ സഹായിക്കുക.
    സുഹൃത്തുക്കളോട്
  • നിങ്ങളുടെ കൂട്ടുകാർ പ്രണയ നൈരാശ്യത്തിൽ ആയിരിക്കുമ്പോൾ അവരെ കളിയാക്കരുത് (ഉദാ: തേച്ചിട്ടു പോയി, ചതിച്ചു എന്നിങ്ങനെയുള്ള വാക്കുകൾ പറഞ്ഞ് വേദനിപ്പിക്കാതിരിക്കുക)
  • അവരോടൊപ്പം നിൽക്കുക, അവരെ സമാധാനിപ്പിക്കുക.
  • അവർ അവിവേകം ഒന്നും പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
  • ഒരു നല്ല ജീവിതം നയിക്കാൻ അവരെ സഹായിക്കുക, അതുതന്നെയാണ് ഒരു നല്ല സുഹൃത്ബന്ധത്തിന്റെ പ്രാധാന്യം.

വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ, മാനസിക, ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. 94 97 99 69 92, 181, 1515 എന്നീ ഹെൽപ്ലൈൻ നമ്പറിലും സഹായം തേടാം.

തിരുവനന്തപുരം: കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുസ്ലിംലീഗ് നേതൃത്വത്തിന് മറുപടി നൽകി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസിലെ വീഴ്ചകൾ താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്ന പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നുമാണ് മുസ്ലിം ലീഗ് പ്രവർത്തന സമിതി യോഗത്തിൽ ഉയർന്ന വിമർശനം.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നുമാണ് ലീഗ് വ്യക്തമാക്കിയിരുന്നത്. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് മുസ്ലീം ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ യോഗ്യതയില്ലാത്തവരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും റിപ്പോർട്ട് നൽകി സി.എ.ജി. എയ്ഡഡ്, സർക്കാർ കോളേജുകളിലും അയോഗ്യരായവരുണ്ട്. എന്നാൽ ഇതിൽ കൂടുതലും സ്വാശ്രയ കോളേജുകളിലാണ്. സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ അദ്ധ്യാപകരുടെ യോഗ്യത അറിയിക്കാൻ പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) ചട്ടങ്ങൾ പാലിക്കാതെ, യോഗ്യതകളിൽ ഇളവ് വരുത്തിയ ശേഷമാണ് അധ്യാപകർ നിയമനവും സ്ഥാനക്കയറ്റവും നേടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ചട്ടങ്ങളിൽ ഇളവ് നൽകാനോ മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ല. എന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ ഇളവ് വരുത്തി പ്രൊമോഷൻ നേടിയെടുത്തുവെന്നാണ് റിപ്പോർട്ട്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യതയിലാണ് ഇത്തരത്തിൽ സർക്കാർ ഇളവ് അനുവദിച്ചത്. എന്നാൽ യോഗ്യതകളിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതിയും അറിയിച്ചിരിക്കുന്നത്.

കേരളത്തിൽ 140 എഞ്ചിനീയറിംഗ് കോളേജുകളാണ് ഉള്ളത്. ഇതിൽ സർക്കാർ കോളേജുകളിൽ 93 യോഗ്യതയില്ലാത്ത അധ്യാപകരും എയ്ഡഡ് കോളേജുകളിൽ 49 യോഗ്യതയില്ലാത്ത അധ്യാപകരും സർക്കാർ സ്വാശ്രയത്തിൽ 69 യോഗ്യതയില്ലാത്ത അധ്യാപകരും സ്വകാര്യ സ്വാശ്രയത്തിൽ 750 അയോഗ്യരായ അധ്യാപകരുമുണ്ട്. ഗവേഷണ ബിരുദമില്ലെന്നതാണ് ഇവരുടെ പ്രധാന ന്യൂനത.

അധ്യാപകരുടെ യോഗ്യതയിൽ വ്യക്തത വരുത്തേണ്ടത് സർവകലാശാലയാണെങ്കിലും ഇത് ചെയ്യാറില്ല. യോഗ്യതയില്ലാത്തവരെ പരീക്ഷപേപ്പർ മൂല്യനിർണയത്തിന് നിയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ യോഗ്യതയില്ലാത്തവർ മൂല്യ നിർണയം നടത്തുമ്പോൾ പിഴവ് സംഭവിക്കാറുണ്ട്. അയോഗ്യരായ അധ്യാപകരെ കണ്ടെത്താൻ സിൻഡിക്കേറ്റ് നടപടി സ്വീകരിക്കും. കോളേജുകളുടെ അഫിലിയേഷൻ പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം അധ്യാപകരുടെ യോഗ്യതകളടക്കമുള്ള വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. നിശ്ചിത യോഗ്യതയില്ലാത്ത അധ്യാപകരുടെ അഫിലിയേഷൻ പുതുക്കില്ല.

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ പോലീസിനും സർക്കാരിനുമെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മോൻസനുമായി അടുപ്പമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്ന് വി മുരളീധരൻ ചോദിച്ചു. മോൻസൻ ജോസഫിനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരള പോലീസാണ് ജനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോൻസന്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമലയിലെ നടപടിയെ സർക്കാർ ന്യായീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷത്തിനെതിരെയും വി മുരളീധരൻ വിമർശനം ഉന്നയിച്ചു. കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിന്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറി. തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പുരാവസ്തു തട്ടിപ്പിൽ ബിജെപി ശക്തമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പുരാവസ്തു തട്ടിപ്പിൽ മോൻസനെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയെപ്പറ്റി അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള അന്വേഷണം വേണ്ടെന്നത് ഒത്തുതീർപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും ഈ സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്നും സരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് മങ്കരയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് ക്രൂരമായി അവ?ഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും അദ്ദേഹത്തിന് അർഹിച്ച ആദരം നൽകിയില്ല. ചേറ്റൂരിന്റെ സ്മാരകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെയ്ജിംഗ്: ലോകം തങ്ങളുടെ പരിധിയിലാക്കാനാണ് ചൈനയുടെ ശ്രമം. ഇത് തെളിയിക്കുന്നതിനായുള്ള നിർണായക തെളിവുകളും പലപ്പോഴും ലോകരാജ്യങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവൻ ചൈന നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബൽ ടൈംസാണ് അത്തരം ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത്. ചൈന ഒരു സർവകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നുവെന്നാണ് ഗ്ലോബൽ ടൈംസ് പുറത്തുവിട്ട വാർത്ത. ജിലിൻ-1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു സർവ്വകലാശാലയിലെ കുട്ടികളുടെ ചിത്രം പകർത്തിയത്. ഉപഗ്രഹത്തിലെ ഏഴാം നമ്പർ ക്യാമറയിൽ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സർക്കാർ അധീനതയിലുളള ചാങ്ചുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്ക്‌സ്, ഫൈൻ മെക്കാനിക്സ് ആന്റ് ഫിസിക്സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി 2030 ഓടെ ഭൂമിയെ ഇത്തരത്തിൽ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്ര സമൂഹം ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ജിലിൻ-1 നക്ഷത്രസമൂഹം എന്നാണ് ഇതിന് പേര്. 138 ഓളം ഹൈ പെർഫോമൻസ് ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഭൂനിരീക്ഷണ സാറ്റ്‌ലൈറ്റുകൾ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുമാറ് മൂടിനിൽക്കും. ഇതിലൂടെ കൃഷി, വനവൽക്കരണം, ഭൂമിശാസ്ത്രപരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, സ്മാർട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാദ്ധ്യമാകുമെന്നാണ് ചൈനയുടെ അവകാശവാദമെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുക എന്ന ലക്ഷ്യം കൂടി ചൈനയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നേരത്തെ സൗത്ത് ഏഷ്യ മിറർ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ ചൈനയിൽ നിന്നും ഇത്തരം സാറ്റ്‌ലൈറ്റുകൾ വാങ്ങി. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പുകളുടെ കൃത്യമായ സ്ഥലം അറിയാനായിരുന്നു അതെന്നാണ് സൗത്ത് ഏഷ്യ മിറർ പറയുന്നത്.

2020 സെപ്തംബറിൽ ഒൻപത് ജിലിയൻ-1 സാറ്റലൈറ്റുകൾ ചൈന കടലിൽ നിന്നും വിക്ഷേപിച്ചിരുന്നു. ഭാരം കുറഞ്ഞ എന്നാൽ മികച്ച ക്യാമറയുളള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. 2020 ഡിസംബറിൽ ചാങ് ഗുവാങ് സാറ്റ്‌ലൈറ്റ് കമ്പനി ചെനയുടെ ജിലിയൻ-1 നക്ഷത്രസമൂഹത്തിന് നിക്ഷേപമായി 375 മില്യൺ അമേരിക്കൻ ഡോളറാണ് ശേഖരിച്ചത്. ഈ വർഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങൾ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വർഷങ്ങൾ കൊണ്ട് 78 ഉപഗ്രഹങ്ങൾ അയക്കാനുമാണ് ചൈനയുടെ പദ്ധതി. ഇത് വിജയിച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അത് ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

തൃശൂർ: മെഡിസിൻ ബിരുദദാനത്തിന് ഇനി കോട്ടും തൊപ്പിയും വേണ്ട. ബിരുദദാനച്ചടങ്ങിന്റെ വേഷം കേരള ആരോഗ്യ സർവകലാശാല മാറ്റി നിശ്ചയിച്ചു. ബിരുദദാന ചടങ്ങിന് ആൺകുട്ടികൾക്ക് മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസും ഉപയോഗിക്കാം.

ഒക്ടോബർ അഞ്ചിന് സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുമ്പോൾ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടും ജുബ്ബയുമായിരിക്കും ധരിക്കുക. പ്രൊ-ചാൻസലറായ ആരോഗ്യമന്ത്രി വീണാ ജോർജ് കേരളസാരി ധരിച്ചായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സർവകലാശാല തന്നെ വാങ്ങിനൽകും. അത് അവർക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങൾ കുട്ടികൾത്തന്നെ വാങ്ങണമെന്നാണ് നിർദ്ദേശം.

ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടും പെൺകുട്ടികൾക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസുമാണ് സർവ്വകലാശാല നിർദേശിച്ചിരിക്കുന്നത്.

50 കുട്ടികളെയാണ് ബിരുദദാന ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പഠിച്ചിറങ്ങുന്നത്. ബിരുദദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം സർവകലാശാലയുടെ വെബ്‌സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ലഭ്യമാകും.

ന്യൂഡൽഹി: ഭീകര വിരുദ്ധ റെയ്ഡിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഐ.എസ്.ഐ. പരിശീലനം ലഭിച്ചെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹി പോലീസിന്റെ പിടിയിലായ സാമ(22), സീഷാൻ ക്വമർ (28) എന്നീ ഭീകരർക്ക് പാകിസ്താനിൽ വെച്ച് ലഭിച്ച പരിശീലനത്തെ കുറിച്ചുള്ള വിശദ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവർക്കും 15 ദിവസം നീണ്ടുനിന്ന ‘തിയറി- പ്രാക്ടിക്കൽ’ പരിശീലനം ലഭിച്ചിരുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലനത്തിന്റെ അവസാന ദിവസം ഐഎസ്‌ഐ ഇവർക്ക് യാത്രയയപ്പും നൽകിയിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ഈ ഭീകരർ ഡൽഹി പോലീസിന്റെ പിടിയിലായത്. ലഖ്നൗവിൽ നിന്ന് ഒമാൻ വഴി ഇറാനിലേക്കു പോയ ഒസാമയും സീഷാനും അവിടെ നിന്നാണ് പാകിസ്താനിലെത്തിയത്. പാകിസ്താനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയും ചെയ്തു. സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. കറാച്ചിയിലെ ഒരു ഫാംഹൗസിൽ വെച്ചാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാനും കൈകാര്യം ചെയ്യാനും ഇവർക്ക് പരിശീലനം ലഭിച്ചതായാണ് വിവരം. വാണിജ്യസമുച്ചയത്തിന് തീവെച്ച ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ എങ്ങനെ രക്ഷപ്പെടണം, എ.കെ.56 എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ വിഷയങ്ങളിലും ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിൽ ഗണേശ ചതുർഥി, നവരാത്രി തുടങ്ങിയ ഉത്സവവേളകളിൽ സ്‌ഫോടനം നടത്താനായിരുന്നു ഭീകരര് പദ്ധതിയിട്ടിരുന്നത്.

veena

തിരുവനന്തപുരം: കോളജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ കോവിഡ് പ്രതിരോധം എൻഎസ്എസ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഭവന രഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറ്റം മുഖ്യമന്ത്രി നിർവ്വഹിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

അതേസമയം സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ തന്നെ നേരിട്ട് പഠന ഭാഗങ്ങൾ പഠിക്കുന്നതിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളിൽ കുട്ടികളുടെ സമ്മർദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുകയെന്നാണ് അധികൃതർ അറിയിക്കുന്നത്. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കും. പ്രൈമറി ക്ലാസുകൾക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്ന ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: 2021 സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വർധനവ്. മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധനവാണ് ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിപ്പെടുത്തിയിരിക്കുന്നത്. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30 ശതമാനമാണ് വർദ്ധിച്ചത്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം സെപ്തംബർ മാസത്തെ വരുമാനത്തേക്കാൾ 20 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2021 സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1,17,010 കോടി രൂപയാണ്. ഇതിൽ കേന്ദ്ര ജിഎസ്ടി വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയും സംയോജിത ജിഎസ്ടി വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള വരുമാനം 8,754 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉൾപ്പെടെ) ആണ്. കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി.

2021 സെപ്റ്റംബർ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകൾക്ക് ശേഷം കേന്ദ്ര വരുമാനമായ CGST 49,390 കോടി രൂപയും സംസ്ഥാന വരുമാനമായ SGST 50,907 കോടി രൂപയുമാണ്. 2020 സെപ്റ്റംബറിലെ ജിഎസ്ടി വരുമാനവും 4% വളർച്ച രേഖപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബറിലെ വരുമാനത്തേക്കാൾ 4% ഉയർന്ന് 91,916 കോടി രൂപ ആയിരുന്നു വരുമാനം.

ചരക്ക് സേവന നികുതി (GST) നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് 22,000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ട്.