General (Page 1,387)

ന്യൂഡൽഹി ഉത്തർപ്രദേശിൽ സംഘർഷം. ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കർഷകരെ കൊന്നെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.

അതേസമയം മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്നും കർഷകരുടെ കല്ലേറിൽ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ തിങ്കളാഴ്ച്ച രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ നാലു പേർ കർഷകരും മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് വിവരം.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കർഷകർ പ്രതിഷേധവുമയി എത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകർ പ്രതിഷേധം നടത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാൻ തയ്യാറാക്കിയ ഹെലിപാഡിൽ ട്രാക്ടറുകൾ കയറ്റിയിട്ട് കർഷകർ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റുകൾ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാണ് കർഷകർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. അജയ് മിശ്രയെ മോദി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. അനിശ്ചിതകാല നിസഹകരണ സമരത്തിന് മാറ്റമില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. പരിശീലനങ്ങളും ഓൺലൈൻ യോഗങ്ങളും ഇ-സഞ്ജീവനയും നാളെ മുതൽ ബഹിഷ്‌കരിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ഈ മാസം 15 മുതൽ നിസഹകരണം കടുപ്പിക്കുമെന്നും കെഎംജിഎംഒഎ അറിയിച്ചു.

അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി തുടങ്ങിയവ ഈ മാസം 15 മുതൽ ബഹിഷ്‌കരിക്കും. ഡോക്ടേഴ്‌സിനെ മെഡിക്കൽ ബന്ദ് നടത്താൻ നിർബന്ധിതരാക്കരുതെന്നറിയിച്ച് ഡോക്ടേഴ്സ് നടത്തിയ സമരത്തിന് ഐഎംഎ പിന്തുണ അറിയിച്ചു. ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്മെന്റ് സ്‌കിം ഉത്തരവായിട്ടില്ല, റിസ്‌ക് അലവൻസ് ഇല്ല തുടങ്ങിയ പോരായ്മകളും ശമ്പള പരിഷ്‌ക്കരണത്തിൽ ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായ ഡോക്ടർഡമാർക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ആനുകൂല്യങ്ങൾ നൽകിയപ്പോൾ, കേരളത്തിൽ നേരിട്ടത് കടുത്ത അവഗണനയെന്നാണ് കെഎംജിഎംഒഎ ആരോപിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്ററുകൾ തുറക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ ഉടമകളോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

തിയേറ്ററുകളിൽ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. രണ്ട് വർഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോൾ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തിൽ തീയറ്റർ തുറക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

അനന്തമായി തീയറ്ററുകൾ ഉൾപ്പെടെ അടച്ചിടാൻ സാധിക്കില്ല. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാരിന്റെ തീരുമാനം. വിനോദ നികുതി ഉൾപ്പെടെ സിനിമാ മേഖലയിൽ എല്ലാ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്.അതെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

തിയേറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്നാണ് ഒരു വിഭാഗം തീയറ്റർ ഉടമകളുടെ ആവശ്യം. രണ്ട് ഡോസ് വാക്‌സിൻ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. വിനോദ നികുതി ഒഴിവാക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും, തീയറ്റർ തുറക്കൽ അതിന് ശേഷം മതിയെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

ഒക്ടോബർ 25 മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്. പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം നടക്കുക.

തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന് പിന്തുണ അറിയിച്ച് നടൻ ഹരീഷ് പേരടി. പൊതു സമൂഹത്തിന്റെ മുന്നിൽ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കാൻ ഹരീഷ് പേരടി വെല്ലുവിളിക്കുന്നു. അപ്പോൾ നിങ്ങളെ അംഗീകരിക്കാമെന്നും അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പമാണെന്നും ഹരീഷ് പേരടി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മോനസൺ എന്ന കള്ളന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയവർ, ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളൻ പറഞ്ഞപ്പോൾ ആ സിംഹാസനത്തിൽ ചന്തിയിട്ട് നിരങ്ങയിവർ… ഈ തെമ്മാടിത്തരം മുഴുവൻ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചർമാർക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസൻമാർ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു.

കള്ളൻമാരുമായി അന്തർധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളിൽ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവർ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങൾ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോൾ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം..

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്നും സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ രംഗത്തെത്തി. പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാൾ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവണമെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപി ഇന്ന് പിപി മുകുന്ദനെ സന്ദർശിച്ചിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു. സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിലെ അധ്യക്ഷൻ കേസിൽപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രൻ മാറി നിൽക്കണമെന്നാണ് പി പി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നത്. കേസിൽ നിന്നും മോചിതനായാൽ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ തീരുമാനം എടുക്കാൻ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോൾ ആറുമാസമായി. ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും ആർഎസ്എസ് ഇടപെട്ടിട്ട് ആർഎസ്എസിൽ നിന്നും ഒരാൾ ഇപ്പോൾ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഉടൻ അധ്യക്ഷ സ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വത്സൻ തില്ലങ്കരിയുടെ അടക്കം പേരുകൾ സംസ്ഥാന ബിജെപി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രി കെ ടി ജലീൽ. എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പൊതുജീവിതത്തിൽ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എആർ നഗർ സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതൽ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും ജലീൽ വ്യക്തമാക്കി.

മൗലവി സാഹിബിന്റെ അറിവോ സമ്മദമോ കൂടാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകൾ ബാങ്കിൽ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലിൽ നിന്നുളവായ മാനസിക സമ്മർദത്തെ തുടർന്നാണ് അബ്ദുൽഖാദർ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേർപാടിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അതിന് കാരണക്കാരായവർക്ക് എങ്ങിനെയാണ് കഴിയുകയെന്ന് ജലീൽചോദിച്ചു.

ഐസ്‌ക്രീം പാർലർ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. എആർ നഗർ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാർ. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ബലമായി സംശയിക്കുന്നു. എആർ നഗർ ബാങ്കിൽ നടന്ന ആയിരം കോടിയുടെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂർണ്ണസംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വൈക്കം കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഇരുനില ബസിൽ ഭക്ഷണശാല ഒരുക്കി കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സി ബസിൽ കെ.ടി.ഡി.സിയുടെ ഭക്ഷണശാല 2021 ഒക്ടോബർ 9 ന് നാടിനു സമർപ്പിക്കും.

വൈക്കം ബോട്ട്‌ജെട്ടിക്ക് സമീപത്താണ് സംസ്ഥാനത്ത് ആദ്യമായി കായലോരത്ത് ബസിൽ കെ.ടി.ഡി.സി റസ്റ്റോറൻറ് ആരംഭിക്കുന്നത്. കാലപ്പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് വൈക്കം യൂണിറ്റിലെ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗമാണ് മനോഹരമായി രൂപമാറ്റം വരുത്തി, കായലോര ബീച്ചിനോട് ചേർന്നുള്ള 50 സെന്റിൽ ഇരു നിലകളിലായി ഭക്ഷണശാല നിർമ്മിച്ചിരിക്കുന്നത്. ബസിനു മുകളിൽ ഒരു ഡക്ക് എന്ന രീതിയിലാണ് നിർമാണം. താഴെത്തെ നില പൂർണ്ണമായും ശീതീകരിക്കയ്ക്കുകയും, മുകളിലെ ഓപ്പൺ റസ്റ്റോറൻറിൽ കായൽ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് നിലകളിലായി അൻപത് പേർക്ക് ഭക്ഷണം കഴിക്കാം.

ബസിന് ചുറ്റുമുള്ള സ്ഥലത്ത് ടൈൽ പാകി വർണ്ണക്കുടകൾ സ്ഥാപിച്ച് മനോഹരമാക്കിയാണ് നിർമ്മാണം. വിദേശവിനോദസഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങളും ഇവിടെ കെ.ടി.ഡി.സി വിളമ്പും. പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന ആധുനിക ശുചിമുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിജയിച്ചാൽ കെടിഡിസിയുടെ മറ്റുകേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കായലോരത്ത് നിലവിലുള്ള ബോട്ടിൻറെ മാതൃകയിലുള്ള കെ.ടി.ഡി.സിയുടെ ഭക്ഷണശാലയും നവീകരിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഫുഡ് ഓൺ വീൽസ് പദ്ധതി പ്രകാരം കെ.ടി.ഡി.സിയുമായി ചേർന്നുള്ള ആദ്യ സംരംഭമാണ് വൈക്കത്തേത്. കായലോര സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ലോകോത്തര സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂർണമായി കോവിഡിൽ നിന്നും മുക്തരല്ലെന്ന് മന്ത്രി പറഞ്ഞു. അതിനാൽ എല്ലാവരും കലാലയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് പോരാട്ടത്തിൽ പഠിച്ച പാഠങ്ങൾ മറക്കരുതെന്നും കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മന്ത്രി വിശദമാക്കി. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങണം. കോവിഡ് ഡെൽറ്റ വകഭേദം നിലനിൽക്കുന്നതിനാൽ ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക. യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നിൽക്കുകയോ കൈകൾ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കുകയോ അരുത്. അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.

വിദ്യാർത്ഥികൾ പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടുള്ളതല്ല. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ കോളേജിൽ പോകാൻ പാടുളളതല്ല. കോവിഡ് സമ്പർക്ക പട്ടികയിലുള്ളവർ ക്വാറന്റൈയ്ൻ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ട് മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. ഉപയോഗശേഷം മാസ്‌കുകൾ, കൈയുറകൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് അഭികാമ്യം. വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക. അധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, രക്ഷിതാക്കൾക്കോ സംശയനിവാരണത്തിന് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകൾ കൊണ്ടും പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ ഡി എഫ് സർക്കാരിന്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിന്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ് താൻ. നേരിട്ട് കളത്തിലിറങ്ങി പരിക്കേൽക്കാതിരിക്കാൻ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവർ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ തന്നെ ഒട്ടും ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവാണെന്നാണ്. മന്ത്രിമാർക്കെതിരെയും,ഉദ്യോഗസ്ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യുഡിഎഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില മാദ്ധ്യമ സ്ഥാപനങ്ങളും മാദ്ധ്യമ ധർമ്മം പാലിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു. കെപിസിസിയുടെ താഴെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും രാജിവച്ചത് കെപിസിസി പ്രസിഡന്റിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അത്. ‘ചെന്നിത്തല രാജിവച്ചു’ എന്ന കൃത്രിമ തലക്കെട്ടുകൾ കൊടുക്കുവാൻ വേണ്ടി മാദ്ധ്യമങ്ങൾ ഈ അവസരം ഉപയോഗിക്കരുതെന്ന അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ കുരുക്കിലാക്കിയ ലഹരിപ്പാർട്ടി നടത്തിയ ആഡംബരക്കപ്പലായ കോർഡെലിയ ക്രൂയിസിൽ നടത്താനിരുന്നത് വലിയ പാർട്ടികൾ. എഫ് ടിവിയുടെ പൂൾ പാർട്ടിയും ഡിജെ സംഗീത പരിപാടിയും ഉൾപ്പെടെയുള്ള വലിയ പരിപാടികളാണ് കപ്പലിൽ നടത്താൻ വേണ്ടി പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ബ്രോഷർ ഉൾപ്പെടെയുള്ളവ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഫാഷൻ ടിവി ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ. ക്രേ ആർക്ക് എന്നായിരുന്നു പരിപാടിയുടെ പേര്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയിൽ നിന്നും യാത്ര തിരിച്ച കപ്പൽ കടലിൽ ചെലവഴിച്ച ശേഷം ഓക്ടോബർ 4 ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് പദ്ധതിയിട്ടിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഫാഷൻ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളും വിറ്റു പോയിരുന്നു.

മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേശ് ശർമ എന്നിവരുടെ സംഗീത പരിപാടി തുടങ്ങിയവയാണ് ആദ്യ ദിവസം നടത്താനിരുന്നത്. രണ്ടാം ദിവസം ഉച്ച ഒരു മണി മുതൽ രാത്രി എട്ട് വരെയാണ് പൂൾ പാർട്ടി നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ഡിജെ കോഹ്റ, മൊറോക്കൻ ഡിജെ കൈസ, ഐവറി കോസ്റ്റിൽ നിന്നുള്ള ഡിജെ റൗൾ എന്നിവരുടെ സംഗീത പരിപാടിയും തുടങ്ങിയവയും ഉണ്ടാകുമായിരുന്നു. എട്ട് മണി മുതൽ പ്രത്യേക അതിഥികൾക്കായി ഓൾ ബ്ലാക്ക് പാർട്ടിയും പദ്ധതിയിട്ടിരുന്നു.

ഇതിനിടെയാണ് കപ്പലിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയതും കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ തുടങ്ങിയ ലഹരി മരുന്നുകൾ പിടിച്ചെടുത്തതും. ചില യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നാണ് കോർഡെലിയ ക്രൂയിസ് സി.ഇ.ഒ. വ്യക്തമാക്കിയത്. ഇവരെ ഉടൻതന്നെ കപ്പലിൽ നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ ഉൾപ്പെടെ 13 പേരെയാണ് എൻ.സി.ബി. കസ്റ്റഡിയിലെടുത്തത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി. ചോദ്യം ചെയ്തുവരികയാണ്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ എൻ.സി.ബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.