General (Page 1,386)

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ അറിയിച്ച് ശശി തരൂർ എംപി. ചിലർ ഷാരൂഖ് ഖാനും മകനുമെതിരെ വേട്ടയാടൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23 കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ലഹരിമരുന്നുകൾ താൻ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും കുറിച്ചു കൊണ്ടാണ് ശശി തരൂരിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.

സൂപ്പർ സ്റ്റാറിനും മകനും സംഭവിച്ച ദൗർഭാഗ്യത്തിൽ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഗൂലിഷ് എപികരിക്കസി(Ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂർ ഇരുവർക്കുമെതിരെയുള്ള വിമർശനത്തെ വിശേഷിപ്പിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടൻ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അർത്ഥം. എപികരിക്കസി എന്ന വാക്കിന്റെ അർത്ഥം മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്നവർ എന്നാണ്.

കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില പ്രഖ്യാപിച്ചു. ഗുണനിലവാര പരിശോധനയിൽ വിജയിച്ച സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്‌സിൻ ഒരു ഡോസിന്റെ വില 1900 രൂപയാണ്. അതേസമയം നിരക്ക് കുറയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ സൈഡസ് കാഡിലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൈകോവ്-ഡി വാക്‌സിൻ അതിന്റെ നിർമ്മാണ ചെലവ് കാരണമാണ് വിലകൂട്ടേണ്ടി വരുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. വാക്‌സിന് ഒരു ഡോസിന് 1800 മുതൽ 1,900 വരെയാണ് നിർമ്മാതാക്കൾ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ഉയർന്ന വില അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

അടുത്ത ആഴ്ച്ചയോടെ വാക്‌സിൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ അടിസ്ഥാനമാക്കിയുള്ളതും സിറിഞ്ചും സൂചിയും ഉപയോഗിക്കാത്തതുമായ ആദ്യത്തെ വാക്‌സിനാണ് സൈകോവ്-ഡി. അതിനാൽ തന്നെ മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ വില പരിധി കൂടുതലായിരിക്കും. എന്നാൽ സൈഡസ് കാഡില വാക്‌സിന്റെ വില കുറയുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. അടുത്ത ആഴ്ചയോടെ വിപണിയിൽ എത്തുന്ന വാക്‌സിന് വില കുറവായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

ഹിമാചൽ പ്രദേശിലെ കസൗലിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ സൈഡസ് കാഡിലയുടെ ഏകദേശം 1.5 ലക്ഷം ഡോസ് ZyCoV-D വാക്‌സിനാണ് ഗുണനിലവാര പരിശോധനയിൽ വിജയിച്ചത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. സിറിഞ്ച് രഹിതമായതിനാൽ സൈഡസ് കാഡില വാക്‌സിൻ കുത്തിവയ്പ്പിനായി പ്രത്യേക ആപ്ലിക്കേറ്റർ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് നിർമ്മാതാക്കൾ പരിശീലനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേറ്ററിന് ഏകദേശം 35000 രൂപയാണ് വില. ഇതുകൊണ്ട് കൂടിയാണ് വാക്‌സിന് വില കൂടുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നത്.

ZyCov-D- യുടെ ആദ്യ ഒരു കോടി ഡോസുകൾ ഒക്ടോബർ ആദ്യം ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 12-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഇന്ത്യയിൽ ആദ്യമായി ഈ വാക്‌സിൻ നൽകും. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ അനുസരിച്ച്, കോവിഡ് വർക്കിംഗ് ഗ്രൂപ്പ് കുട്ടികൾക്കായി കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിനോട് അനുകൂലമാണെന്നും കൗമാരക്കാരിൽ കോമോർബിഡിറ്റികളുടെയും ഗുണഭോക്താക്കളുടെ മുൻഗണനയുടെയും വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും സർക്കാർ വൃത്തങ്ങൾ വിശദമാക്കുന്നു.

മുംബൈ: ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ ഏഴുവരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.

ഒക്ടോബർ 11 വരെ ആര്യൻ ഖാനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി. കോടതിയിൽ ആവശ്യപ്പെട്ടു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് എൻ.സി.ബിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ആര്യന്റെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി. കോഡ് ഭാഷയിലാണ് പ്രതികൾ ചാറ്റ് ചെയ്തിരുന്നതെന്നും അദ്ദേഹം കോടതിയിൽ വിശദമാക്കി. ആര്യന് വേണ്ടി ഹാജരായത് അഭിഭാഷകനായ സതീഷ് മനീഷ് ഷിൻഡെയാണ്. തന്റെ കക്ഷിയിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കപ്പലിലെ മറ്റുള്ളവരിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിൻഡെ പറഞ്ഞു.

അതേസമയം അറസ്റ്റിലായവർക്ക് അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ചില വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇക്കാര്യം ആരോപിക്കുന്നത്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകൾ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കുന്നു. കപ്പലിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടിയൊളിക്കാൻ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താൻ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാരിന്റെ ഇടപെടൽ നടന്നതിനാൽ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തിൽ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു. ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോൻസന്റെ ആളുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോൻസൻ സർവ്വതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരൻ സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോൻസന്റെ അടുത്ത് പോയതെന്ന് ജനങ്ങൾക്ക് അറിയണം. സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തിൽ എല്ലാ തട്ടിപ്പുകളും നടക്കുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ബെഫി പോലുള്ള സിപിഎം അനുകൂല സംഘടനകൾ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ഫ്രാക്ഷനാണ് ഇവർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സംയുക്ത മാർഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ. സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ സ്‌കൂളുകളിൽ ഇരിപ്പിട ക്രമീകരണം വേണമെന്നാണ് മാർഗ നിർദ്ദേശത്തിൽ ശുപാർശ ചെയ്യുന്നത്. സംയുക്ത മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കൈമാറി.

ചെറിയ ക്ലാസുകളിൽ ഒരു ദിവസം പത്തുകുട്ടികളും ഉയർന്ന ക്ലാസുകളിൽ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. സ്‌കൂളിൽ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നൽകരുതെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരുദിവസം മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമായിരിക്കും ചെറിയ ക്ലാസുകളിൽ അനുമതി ഉണ്ടാകുക.

ആദ്യ ഘട്ടത്തിൽ സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാകില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കുമെന്നും അന്തിമ മാർഗരേഖ നാളെ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും സതീദേവി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും സതീദേവി വ്യക്തമാക്കി. പാലാ സെന്റ് തോമസ് കോളജിൽ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.

ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണമെന്നും സതീദേവി അഭിപ്രായപ്പെട്ടു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് കണ്ടെത്താൻഗൗരവമേറിയ പഠനം വേണം. 10- 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം.ജെ. സോജൻ, കോഴിക്കോട് വിജിലൻസ് എസ്.പി പി.സി. സജീവൻ, ഗുരുവായൂർ ഡിവൈ.എസ്.പി കെ.ജി.സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്‌പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്‌പെക്ടർ എം.കെ.മുരളി, എളമക്കര സബ് ഇൻസ്‌പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്‌പെക്ടർ ബൈജു പി ബാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വർദ്ധിച്ചു വരുന്നില്ല. സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സി പി എം റിപ്പോർട്ടിനെയും മുഖ്യമന്ത്രി തള്ളി. കാമ്പസുകളിൽ പെൺകുട്ടികളെ വർഗീയതയിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും സർക്കാരിന് നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് പരാമർശവുമായി ബന്ധപ്പെട്ട് സർവ കക്ഷിയോഗം വിളിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ല. അതേസമയം മുസ്ലിം ലീഡ് സംഘടനയായ ഹരിതയെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം വെച്ചു. ഹരിത വിഷയം ചോദ്യോത്തരവേളയിൽ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്നാൽ ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

കാബൂൾ: അഫ്ഗാനിൽ സ്‌ഫോടനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് താലിബാൻ വ്യക്തമാക്കുന്നത്.

കാബൂളിലെ ഈദ്ഗാ പള്ളിയിലായിരുന്നു ബോംബാക്രമണം ഉണ്ടായത്. താലിബാൻ വക്താവ് സബീബുള്ള മുജാഹിദിന്റെ അമ്മയുടെ ഓർമ്മയ്ക്കായി ചില ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്.

അതേസമയം ആരും ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ താലിബാൻ ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ താലിബാനെതിരായ ആക്രമണം വർധിച്ചു വരികയാണ്. ഭാവിയിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടം നടക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശബരിമല പ്രശ്‌നം യുവതീപ്രവേശവുമായും മോൻസൺ മാവുങ്കലിന്റെ ചെമ്പോല അവിടത്തെ അവകാശങ്ങളുമായും ബന്ധപ്പെട്ടതാണ്. ഇവ രണ്ടും രണ്ടുകാര്യങ്ങൾ ആണ്. ഇവ തമ്മിൽ എന്താണ് ബന്ധം? അഥവാ അവകാശങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല എങ്ങനെയാണ് യുവതീപ്രവേശന വിഷയത്തെ സ്വാധീനിക്കുക എന്നീ വിഷയങ്ങളിലാണ് ശ്രീജിത്ത് പണിക്കർ വിശദീകരണം നൽകിയിരിക്കുന്നത്.

പലരും ചോദിച്ച ചോദ്യങ്ങളാണിത്. ഉത്തരം വളരെ ലളിതമാണ്. ഹിന്ദുസമൂഹം ഒന്നായി നടത്തിയ പോരാട്ടത്തിൽ ജാതീയമായ വിഭാഗീയത ഉണ്ടായി എന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. പ്രധാന ബന്ധം മറ്റൊന്നാണ്. ഒന്നാമതായി മനസ്സിലാക്കേണ്ടത് ശബരിമലയിലെ പ്രധാന ആചാരങ്ങളുടെ പരമാധികാരം താഴ്മൺ തന്ത്രിമാർക്കാണ് എന്നതാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നട അടയ്ക്കാനുള്ള തീരുമാനം ആചാരപരമായി തന്ത്രിമാർ സ്വീകരിക്കുകയും അത് വിവാദമാവുകയും ചെയ്തത് ഓർക്കുന്നുണ്ടല്ലോ. മോൻസന്റെ ചെമ്പോലയിൽ എങ്ങുംതന്നെ ശബരിമലയുടെ അവകാശമോ പ്രധാന ആചാരങ്ങളിലെ പരമാധികാരമോ ചീരപ്പൻചിറയ്ക്കാണ് എന്നു പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അവിടെയുള്ള വെടിവഴിപാട്, നെയ് വിളക്ക്, വേലൻപാട്ട്, പുള്ളുവൻപാട്ട്, ദക്ഷിണ തുടങ്ങിയവയ്ക്കുള്ള അവകാശമാണ് മോൻസന്റെ ചെമ്പോല പ്രകാരം ചീരപ്പൻചിറയ്ക്ക് നൽകുന്നത്. സംശയകരമായ ഈ രേഖയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതുവഴി ശബരിമലയുടെ അവകാശം താഴ്മൺ തന്ത്രിമാർക്കല്ല എന്നു സ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചത്. അങ്ങനെ സ്ഥാപിച്ചാൽ ശബരിമല യുവതീപ്രവേശം ഉൾപ്പടെയുള്ള ആചാരങ്ങളെയാണ് അത് നേരിട്ടു ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

തന്ത്രികുടുംബത്തിന് ശബരിമലയിൽ അവകാശമില്ലെന്നു സ്ഥാപിച്ചാൽ ആചാരങ്ങളിലെ അവരുടെ പരമാധികാരവും നഷ്ടപ്പെടും. അതായത് ഒക്കെയും ഉപേക്ഷിച്ച് തന്ത്രിമാർ മലയിറങ്ങിയാൽ അവരോടൊപ്പം യുവതീപ്രവേശ വിലക്കും മലയിറങ്ങും. നമ്മൾ കണ്ടത് ശബരിമലയുടെയല്ല, മഞ്ഞുമലയുടെ മുകൾവശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.