General (Page 1,385)

കോഴിക്കോട്: മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയ ഫണ്ട് തട്ടിപ്പിലും സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാൻ സർക്കാരിനെ മുരളീധരൻ വെല്ലുവിളിക്കുകയും ചെയ്തു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോൻസന് പാസ്‌പോർട്ട് ഇല്ലെന്നു കേട്ട പാതി പോലീസ് വിശ്വസിച്ചുു. ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണം. മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ ശ്രീജിത്തിന്റെ മേൽനോട്ടം എന്തിനാണ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരന്വേഷണവും ഫലപ്രദമല്ല. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിലെ കണ്ണിയാണ് മോൻസൻ. പുരാവസ്തു തട്ടിപ്പ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചെലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. കട്ട പണം തിരിച്ചു കൊടുത്താൽ എല്ലാം ശരിയാവുമെങ്കിൽ പിന്നെന്തിനാണ് ജയിൽ. രണ്ടാം പിണറായി സർക്കാർ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സർക്കാരാണ്. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണ്. കോൺഗ്രസിൽ നിന്നും കുറച്ച് പേർ കൂടി പോകാനുണ്ട് അതോടെ എല്ലാ ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: ആര്യൻ ഖാന്റെ അറസ്റ്റ് ബോളിവുഡ് താരം ഷാരുഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോർട്ടുകൾക്ക് മറുപടിയുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി റെയ്ഡും തുടർന്നുണ്ടായ അറസ്റ്റും ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടാണെന്നുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. തങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഷാരൂഖ് ഖാനുമായി ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ തങ്ങൾ അറസ്റ്റ് ചെയ്തു. അവരിൽ, പരമാവധി, ഏകദേശം 4 മുതൽ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവർ ആയിരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇറ്റി ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തങ്ങൾ ആരെയെങ്കിലും ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രമാണ് മാദ്ധ്യമങ്ങൾ അതിനു അമിത പ്രധാന്യം നൽകുന്നത്. വർഷത്തിലുടനീളം നിരവധി റെയ്ഡുകളും അറസ്റ്റുകളും എൻസിബിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നും ആഡംബരക്കപ്പലിലെ റെയ്ഡും അത്തരത്തിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എൻസിബി റെയ്ഡ് നടക്കുമ്പോൾ ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നുവെന്നും അതാണ് അറസ്റ്റിനു കാരണമായതെന്നും സമീർ കൂട്ടിച്ചേർത്തു.

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കി. ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് സൗദി സ്വദേശിവത്കരണം നടപ്പാക്കിയത്. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ് ട്രക്കുകൾ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഫുഡ് ട്രക്കുകളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിച്ചു.

റസ്റ്റോറന്റുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് സെന്ററുകൾ എന്നിവിടങ്ങളിൽ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ സ്ഥാപനങ്ങൾ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കിൽ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.

പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കൾ, ഐസ്‌ക്രീം എന്നിവ വിൽക്കുന്ന കഫേകളിൽ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കിൽ 50 ശതമാനം സ്വദേശികൾ വേണം. ഇവിടെ ഒരു ഷിഫ്റ്റിൽ രണ്ട് പേരുണ്ടെങ്കിൽ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഒക്ടോബർ രണ്ട് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ഈ നിയമം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മുൻ ഡി ജി പി ലോക്നാഥ് ബഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിനെ ബഹ്‌റ സഹായിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ ബഹ്‌റയെ സംരക്ഷിച്ചു കൊണ്ടുള്ള പരാമർശങ്ങൾ നടത്തിയത്. 2019 ൽ തന്നെ മോൻസണിനെതിരെ അന്വേഷണത്തിന് ബഹ്റ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മോൻസണിന്റെ പൊലീസ് ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2019 ജൂൺ 13 ന് മോൻസണിനെതിരെ ബഹ്റ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇന്റലിജൻസിന് കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2019 ഡിസംബറിൽ വീണ്ടും റിപ്പോർട്ട് തേടി. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് ഇതു സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റിന് കത്ത് നൽകിയെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ 2019 ൽ തന്നെ മോൻസണിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞ ശേഷമാണ് ബഹ്റ മോൻസണിന്റെ വീടിന് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയതെന്നുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച പി ടി തോമസിന്റെ ആരോപണം. മോൻസൺ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് ബഹ്റ വീടിന് സുരക്ഷ നൽകിയതെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ലോക കേരള സഭയിലെ വനിതാ പ്രതിനിധി മോൻസണിന്റെ ഇടനിലക്കാരിയാണോയെന്ന് സംശയമുണ്ട്. ഈ വനിത എങ്ങനെയാണ് പൊലീസ് യോഗത്തിൽ പങ്കെടുത്തത്. പിണറായി ഭരണകാലം തട്ടിപ്പുകാരുടെ വിളയാട്ടകാലമാണെന്ന് പി ടി തോമസ് വിമർശിച്ചു.

കോഴിക്കോട്: വൈദ്യുതത്തൂണിൽ നിന്ന് ഇലക്ട്രിക് ഓട്ടോകൾ ചാർജ് ചെയ്യാൻ കോഴിക്കോട് നഗരത്തിൽ സൗകര്യമൊരുങ്ങുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നഗരലത്തിലെ പത്തിടങ്ങളിലാണ് ഇത്തരത്തിൽ സൗകര്യമൊരുങ്ങുന്നത്.

സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് നടപ്പാക്കുന്ന ചാർജിംഗ് പോയിന്റുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

ആദ്യ ഘട്ടമായി ചാർജിംഗ് പോയിന്റുകൾ തുടങ്ങുന്ന സ്ഥലങ്ങൾ:

  1. സരോവരം ബയോപാർക്കിനുസമീപം
  2. എരഞ്ഞിപ്പാലം
  3. വാണിജ്യനികുതി ഓഫീസ് പരിസരം
  4. ചെറൂട്ടി നഗർ ജങ്ഷൻ,
  5. മുത്തപ്പൻകാവ്,
  6. മൂന്നാലിങ്കലിന് സമീപം
  7. ശാസ്ത്രി നഗർ
  8. വെള്ളയിൽ ഹാർബർ പ്രവേശനകവാടം
  9. കസ്റ്റംസ് ക്വാർട്ടേഴ്സിനരികെ
  10. മേയർ ഭവൻ ഭാഗം

വൈദ്യുതി തൂണിൽ ചാർജിംഗ് പോയിന്റുണ്ടാവും. മൊബൈൽ ആപ്പ് വഴി പണമിടപാട് നടത്താൻപറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാർജിംഗ് പോയിന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴി കഴിയുന്നതാണ്.

കോഴിക്കോട് നഗരത്തിൽ മാത്രം നിലവിൽ നൂറ്റമ്പതോളം ഇ-ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളെയാണ് ഇവർ ആശ്രയിക്കുന്നത്. വണ്ടി ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാനാവും. ഏതാണ്ട് നാലുമണിക്കൂർ സമയം വേണം ഇത്തരത്തിൽ ചാർജാകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചുവെന്ന് പഠനം. ആരോഗ്യവകുപ്പിന്റെ പഠനം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. പ്രതിരോധത്തിന്റെ പ്രധാന ഘടകം വാക്‌സിനേഷനാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

നവംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമ്പോൾ, 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ മിക്കവർക്കും വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേർക്ക് ഒരു ഡോസും (2,47,88,585), 42.1 ശതമാനം പേർക്ക് രണ്ട് ഡോസും (1,12,55,953) നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

സ്‌കൂളുകൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നാണ് സർക്കാർ വിദഗ്ധ സമിതി അംഗം ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചത്. അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷൻ വർധിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിദ്യാർഥികളുടെ വീടുകളിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരുണ്ടെങ്കിൽ കുട്ടികളെ ഉപയോഗിച്ച് വിവരം ശേഖരിച്ച് അവർക്കു വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. കോവിഡ് കുട്ടികളിൽ ഗുരുതരമാകില്ലെങ്കിലും വീടുകളിലുള്ള പ്രായമായവരെയും മറ്റു രോഗമുള്ളവരെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. വിദ്യാർഥികളുടെ വീടുകളിൽ മറ്റു രോഗങ്ങളുള്ളവർക്കു കൂടുതൽ ശ്രദ്ധ നൽകാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കാനും വിദഗ്ധ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരിൽ നിർമ്മാണം ആരംഭിച്ചു. സോജിലയിലാണ് തുരങ്കം നിർമ്മിക്കുന്നത്. കശ്മീരിലെ പാതകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമ്മാണം. സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിലാണ് തുരങ്കം നിർമ്മിക്കുന്നത്. 14.15 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. രാജ്യത്തിന്റെ സാമ്പത്തിക, സൈനിക മേഖലകളിൽ വലിയ പ്രാധാന്യമാണ് തുരങ്കത്തിനുള്ളത്.

ലേ, ലഡാക്ക് മേഖലകളെ ശ്രീനഗറുമായും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന തുരങ്കമാണ് സോജില. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ പൂർണമായും ഉപയോഗപ്പെടുത്തി, കടുത്ത കാലാവസ്ഥയെ വെല്ലുവിളിച്ച് നിർമിക്കുന്ന തുരങ്കം പൂർത്തിയായാൽ അത് എൻജിനീയറിങ് അദ്ഭുതങ്ങളിലൊന്നാകുമെന്നാണ് ദേശീയപാതാ അധികൃതർ പറയുന്നത്.

മഞ്ഞുകാലത്ത് ലഡാക്കിലേക്കും തലസ്ഥാനമായ ലേയിലേക്കും യാത്ര ദുഷ്‌കരമാണ്. വർഷത്തിൽ 7 മാസവും പാത അടച്ചിടുന്ന അവസ്ഥയ്ക്ക് ഈ തുരങ്കം വരുന്നതോടെ മാറ്റമുണ്ടാകും. കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർ-ലഡാക്ക് ഹൈവേ നവംബർ പകുതിയേടെ അടച്ചിടുകയാണ് പതിവ്. പാത അടച്ചിടുന്ന സമയം വ്യാപാരരംഗത്തും സൈനിക രംഗത്തും പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഇതിനെല്ലാം തുരങ്കം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ മമത ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. രാജ്യത്ത് ജനാധിപത്യമല്ല ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി. വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് നടന്നത്. കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നും മമത ആരോപിച്ചു. ഇതാണോ ബി.ജെ.പി വാഗ്ദാനം ചെയ്ത രാമരാജ്യമെന്നും മമത ബാനർജി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയതും നാലു പേർ കൊല്ലപ്പെട്ടതും. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ന്യൂഡൽഹി: പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. റിസർവ് ബാങ്ക്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടാകും. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങൾ പാൻഡോര പേപ്പറിലുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തക കൂട്ടായ്മ വ്യക്തമാക്കിയത്.

സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, വിനോദ് അദാനി തുടങ്ങിയവർ ഉൾപ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോര പേപ്പറിൽ പരാമർശിക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പാൻഡോര വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത്. സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത തുടങ്ങിയവർ ബ്രിട്ടീഷ് വിർജിൻ ഐലന്റിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ പുറത്തുവിട്ടിരുന്നു. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോൾ സാസ് ഇന്റർനാഷണൽ ലിമിറ്റഡിൽ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിൻവലിച്ചതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

അതേസമയം സച്ചിന്റെ നിക്ഷേപമെല്ലാം നിയമപരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുൻപ് ഒരു മാസം മുൻപ് സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ൽ ബ്രിട്ടീഷ് വിർജിൻ ഐലൻറിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും അനിൽ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നും പാൻഡോര പേപ്പറിൽ പറയുന്നുണ്ട്.

കാബൂൾ: ചാവേർ സൈനിക ബറ്റാലിയന് രൂപം നൽകി താലിബാൻ. ചൈനയും താജിക്കിസ്താനും അതിർത്തി പങ്കിടുന്ന ബഡാക്ഷനിലാണ് ‘ലഷ്‌കർ-ഇ-മൻസൂരി’ എന്ന പേരിൽ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന് താലിബാൻ രൂപം നൽകിയത്. ബഡാക്ഷൻ ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹ്മദ് അഹമ്മദിൽ അഫ്ഗാൻ അതിർത്തിയിൽ പ്രത്യേക ബറ്റാലിയൻ വിന്യസിക്കുമെന്ന് അറിയിച്ചു. ശരീരം മുഴുവൻ സ്ഫോടക വസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ചവരായിരിക്കും ഇ്ത്തരത്തിലുള്ള ബാറ്റാലിയനിൽ ഉണ്ടാകുക.

അക്ഷരാർത്ഥത്തിൽ ഇവർ ചാവേറുകളാണെന്നും അല്ലാഹുവിനായി സ്വയം സമർപ്പിക്കുന്നവരാണെന്നും ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തെ തോൽപ്പിച്ചതിൽ ഈ ബറ്റാലിയൻ നിർമായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ സ്ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു പതിവെന്നും ഡെപ്യൂട്ടി ഗവർണർ വിശദമാക്കുന്നു.

രാജ്യത്തിന്റെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള പ്രത്യേക ബറ്റാലിയനെ വിന്യസിക്കുക. മുൻ അഫ്ഗാൻ സർക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ചാവേർ ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.