തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശബരിമല പ്രശ്നം യുവതീപ്രവേശവുമായും മോൻസൺ മാവുങ്കലിന്റെ ചെമ്പോല അവിടത്തെ അവകാശങ്ങളുമായും ബന്ധപ്പെട്ടതാണ്. ഇവ രണ്ടും രണ്ടുകാര്യങ്ങൾ ആണ്. ഇവ തമ്മിൽ എന്താണ് ബന്ധം? അഥവാ അവകാശങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല എങ്ങനെയാണ് യുവതീപ്രവേശന വിഷയത്തെ സ്വാധീനിക്കുക എന്നീ വിഷയങ്ങളിലാണ് ശ്രീജിത്ത് പണിക്കർ വിശദീകരണം നൽകിയിരിക്കുന്നത്.
പലരും ചോദിച്ച ചോദ്യങ്ങളാണിത്. ഉത്തരം വളരെ ലളിതമാണ്. ഹിന്ദുസമൂഹം ഒന്നായി നടത്തിയ പോരാട്ടത്തിൽ ജാതീയമായ വിഭാഗീയത ഉണ്ടായി എന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. പ്രധാന ബന്ധം മറ്റൊന്നാണ്. ഒന്നാമതായി മനസ്സിലാക്കേണ്ടത് ശബരിമലയിലെ പ്രധാന ആചാരങ്ങളുടെ പരമാധികാരം താഴ്മൺ തന്ത്രിമാർക്കാണ് എന്നതാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നട അടയ്ക്കാനുള്ള തീരുമാനം ആചാരപരമായി തന്ത്രിമാർ സ്വീകരിക്കുകയും അത് വിവാദമാവുകയും ചെയ്തത് ഓർക്കുന്നുണ്ടല്ലോ. മോൻസന്റെ ചെമ്പോലയിൽ എങ്ങുംതന്നെ ശബരിമലയുടെ അവകാശമോ പ്രധാന ആചാരങ്ങളിലെ പരമാധികാരമോ ചീരപ്പൻചിറയ്ക്കാണ് എന്നു പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അവിടെയുള്ള വെടിവഴിപാട്, നെയ് വിളക്ക്, വേലൻപാട്ട്, പുള്ളുവൻപാട്ട്, ദക്ഷിണ തുടങ്ങിയവയ്ക്കുള്ള അവകാശമാണ് മോൻസന്റെ ചെമ്പോല പ്രകാരം ചീരപ്പൻചിറയ്ക്ക് നൽകുന്നത്. സംശയകരമായ ഈ രേഖയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതുവഴി ശബരിമലയുടെ അവകാശം താഴ്മൺ തന്ത്രിമാർക്കല്ല എന്നു സ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചത്. അങ്ങനെ സ്ഥാപിച്ചാൽ ശബരിമല യുവതീപ്രവേശം ഉൾപ്പടെയുള്ള ആചാരങ്ങളെയാണ് അത് നേരിട്ടു ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്രികുടുംബത്തിന് ശബരിമലയിൽ അവകാശമില്ലെന്നു സ്ഥാപിച്ചാൽ ആചാരങ്ങളിലെ അവരുടെ പരമാധികാരവും നഷ്ടപ്പെടും. അതായത് ഒക്കെയും ഉപേക്ഷിച്ച് തന്ത്രിമാർ മലയിറങ്ങിയാൽ അവരോടൊപ്പം യുവതീപ്രവേശ വിലക്കും മലയിറങ്ങും. നമ്മൾ കണ്ടത് ശബരിമലയുടെയല്ല, മഞ്ഞുമലയുടെ മുകൾവശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

