ശബരിമലയെ തകർക്കാൻ സർക്കാരിന് വേണ്ടി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചു; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാരിന്റെ ഇടപെടൽ നടന്നതിനാൽ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തിൽ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു. ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോൻസന്റെ ആളുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോൻസൻ സർവ്വതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരൻ സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോൻസന്റെ അടുത്ത് പോയതെന്ന് ജനങ്ങൾക്ക് അറിയണം. സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തിൽ എല്ലാ തട്ടിപ്പുകളും നടക്കുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ബെഫി പോലുള്ള സിപിഎം അനുകൂല സംഘടനകൾ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ഫ്രാക്ഷനാണ് ഇവർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.