സ്‌കൂൾ തുറക്കൽ; സംയുക്ത മാർഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സംയുക്ത മാർഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ. സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ സ്‌കൂളുകളിൽ ഇരിപ്പിട ക്രമീകരണം വേണമെന്നാണ് മാർഗ നിർദ്ദേശത്തിൽ ശുപാർശ ചെയ്യുന്നത്. സംയുക്ത മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കൈമാറി.

ചെറിയ ക്ലാസുകളിൽ ഒരു ദിവസം പത്തുകുട്ടികളും ഉയർന്ന ക്ലാസുകളിൽ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. സ്‌കൂളിൽ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നൽകരുതെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരുദിവസം മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമായിരിക്കും ചെറിയ ക്ലാസുകളിൽ അനുമതി ഉണ്ടാകുക.

ആദ്യ ഘട്ടത്തിൽ സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാകില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കുമെന്നും അന്തിമ മാർഗരേഖ നാളെ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.