സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം; സർക്കാരുമായി ചർച്ചകൾ നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും സതീദേവി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും സതീദേവി വ്യക്തമാക്കി. പാലാ സെന്റ് തോമസ് കോളജിൽ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.

ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണമെന്നും സതീദേവി അഭിപ്രായപ്പെട്ടു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് കണ്ടെത്താൻഗൗരവമേറിയ പഠനം വേണം. 10- 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കുറ്റപ്പെടുത്തി.