ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ്; ആര്യൻ ഖാനെ എൻസിബി കസ്റ്റഡിയിൽ വിട്ടു

മുംബൈ: ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ ഏഴുവരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.

ഒക്ടോബർ 11 വരെ ആര്യൻ ഖാനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി. കോടതിയിൽ ആവശ്യപ്പെട്ടു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് എൻ.സി.ബിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ആര്യന്റെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി. കോഡ് ഭാഷയിലാണ് പ്രതികൾ ചാറ്റ് ചെയ്തിരുന്നതെന്നും അദ്ദേഹം കോടതിയിൽ വിശദമാക്കി. ആര്യന് വേണ്ടി ഹാജരായത് അഭിഭാഷകനായ സതീഷ് മനീഷ് ഷിൻഡെയാണ്. തന്റെ കക്ഷിയിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കപ്പലിലെ മറ്റുള്ളവരിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിൻഡെ പറഞ്ഞു.

അതേസമയം അറസ്റ്റിലായവർക്ക് അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ചില വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇക്കാര്യം ആരോപിക്കുന്നത്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകൾ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കുന്നു. കപ്പലിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടിയൊളിക്കാൻ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താൻ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.