സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില പ്രഖ്യാപിച്ചു; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില പ്രഖ്യാപിച്ചു. ഗുണനിലവാര പരിശോധനയിൽ വിജയിച്ച സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്‌സിൻ ഒരു ഡോസിന്റെ വില 1900 രൂപയാണ്. അതേസമയം നിരക്ക് കുറയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ സൈഡസ് കാഡിലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൈകോവ്-ഡി വാക്‌സിൻ അതിന്റെ നിർമ്മാണ ചെലവ് കാരണമാണ് വിലകൂട്ടേണ്ടി വരുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. വാക്‌സിന് ഒരു ഡോസിന് 1800 മുതൽ 1,900 വരെയാണ് നിർമ്മാതാക്കൾ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ഉയർന്ന വില അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

അടുത്ത ആഴ്ച്ചയോടെ വാക്‌സിൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ അടിസ്ഥാനമാക്കിയുള്ളതും സിറിഞ്ചും സൂചിയും ഉപയോഗിക്കാത്തതുമായ ആദ്യത്തെ വാക്‌സിനാണ് സൈകോവ്-ഡി. അതിനാൽ തന്നെ മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ വില പരിധി കൂടുതലായിരിക്കും. എന്നാൽ സൈഡസ് കാഡില വാക്‌സിന്റെ വില കുറയുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. അടുത്ത ആഴ്ചയോടെ വിപണിയിൽ എത്തുന്ന വാക്‌സിന് വില കുറവായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

ഹിമാചൽ പ്രദേശിലെ കസൗലിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ സൈഡസ് കാഡിലയുടെ ഏകദേശം 1.5 ലക്ഷം ഡോസ് ZyCoV-D വാക്‌സിനാണ് ഗുണനിലവാര പരിശോധനയിൽ വിജയിച്ചത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. സിറിഞ്ച് രഹിതമായതിനാൽ സൈഡസ് കാഡില വാക്‌സിൻ കുത്തിവയ്പ്പിനായി പ്രത്യേക ആപ്ലിക്കേറ്റർ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് നിർമ്മാതാക്കൾ പരിശീലനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേറ്ററിന് ഏകദേശം 35000 രൂപയാണ് വില. ഇതുകൊണ്ട് കൂടിയാണ് വാക്‌സിന് വില കൂടുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നത്.

ZyCov-D- യുടെ ആദ്യ ഒരു കോടി ഡോസുകൾ ഒക്ടോബർ ആദ്യം ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 12-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഇന്ത്യയിൽ ആദ്യമായി ഈ വാക്‌സിൻ നൽകും. നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ അനുസരിച്ച്, കോവിഡ് വർക്കിംഗ് ഗ്രൂപ്പ് കുട്ടികൾക്കായി കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിനോട് അനുകൂലമാണെന്നും കൗമാരക്കാരിൽ കോമോർബിഡിറ്റികളുടെയും ഗുണഭോക്താക്കളുടെ മുൻഗണനയുടെയും വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും സർക്കാർ വൃത്തങ്ങൾ വിശദമാക്കുന്നു.