ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ അറിയിച്ച് ശശി തരൂർ എംപി. ചിലർ ഷാരൂഖ് ഖാനും മകനുമെതിരെ വേട്ടയാടൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23 കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ലഹരിമരുന്നുകൾ താൻ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും കുറിച്ചു കൊണ്ടാണ് ശശി തരൂരിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.
സൂപ്പർ സ്റ്റാറിനും മകനും സംഭവിച്ച ദൗർഭാഗ്യത്തിൽ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഗൂലിഷ് എപികരിക്കസി(Ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂർ ഇരുവർക്കുമെതിരെയുള്ള വിമർശനത്തെ വിശേഷിപ്പിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടൻ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അർത്ഥം. എപികരിക്കസി എന്ന വാക്കിന്റെ അർത്ഥം മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്നവർ എന്നാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.

